'പട്ടി' പരാമർശം; വിവാദം സിപിഎമ്മിനെ വെള്ളപൂശാനാണെന്ന് കെ.സുധാകരൻ
|തന്റെ പ്രസ്താവന മുസ്‌ലിം ലീഗിനെതിരാണെന്ന രീതിയിൽ വളച്ചൊടിച്ച് ചിലർ വാർത്തനൽകിയെന്ന് കെ.സുധാകരൻ പ്രസ്താവനയിൽ പറഞ്ഞു
ജനവിരുദ്ധമായ നയങ്ങൾ കൊണ്ട് അപ്രസക്തമായ സിപിഎമ്മിനെ വെള്ളപൂശി ഏതുവിധേനെയും രക്ഷപ്പെടുത്താൻ ചില കൂലി എഴുത്തുകാരും സി.പി.എമ്മും ശ്രമിക്കുന്നതിന്റെ ഭാഗമാണ് മുസ്‌ലിം ലീഗുമായി ബന്ധപ്പെട്ട് ഇപ്പോൾ ഉയർന്ന വിവാദമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി.
കഴിഞ്ഞ ദിവസം പത്തനംതിട്ടയിൽ വെച്ച് മുസ്‌ലിം ലീഗിന്റെ എം.പിയായ ഇ.ടി മുഹമ്മദ് ബഷീറുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ആവർത്തിച്ചുള്ള ചോദ്യത്തിന് എനിക്കറിയാത്ത വിഷയത്തിൽ മറുപടി പറയാൻ താനാളല്ലെന്ന് പലതവണ പറഞ്ഞിട്ടും പിന്നീടും ഇതേ ചോദ്യം ആവർത്തിച്ചപ്പോൾ അറിയാത്ത വിഷയത്തിൽ സാങ്കൽപ്പികമായ സാഹചര്യം മുൻ നിർത്തിയുള്ള ചോദ്യത്തിന് എങ്ങനെ മറുപടി നൽകാൻ സാധിക്കും എന്ന ആശയമാണ് 'അടുത്ത ജന്മത്തിൽ പട്ടിയാകുന്നതിന് ഈ ജന്മത്തിൽ കുരക്കണമോയെന്ന്' തമാശ രൂപേണ പ്രതികരിച്ചത്. അതിനെ തന്റെ പ്രസ്താവന മുസ്‌ലിം ലീഗിനെതിരാണെന്ന് വളച്ചൊടിച്ച് ചിലർ വാർത്തനൽകി. സി.പി.എമ്മിന് അനുകൂല രാഷ്ട്രീയ സാഹചര്യം ഒരുക്കുകയെന്നതിന് വേണ്ടി ചിലർ പണിയെടുക്കുന്നതിന്റെ ഭാഗമാണ് ഇത്തരമൊരു വാർത്ത.
അഞ്ച് പതിറ്റാണ്ടോളം നീണ്ട സുദൃഢബന്ധമാണ് കോൺഗ്രസും ലീഗും തമ്മിലുള്ളത്. കേരളത്തിലെ മുസ്‌ലിം ലീഗിന്റെ എല്ലാ നേതാക്കളുമായി വളരെ അടുത്ത വ്യക്തിബന്ധം കാത്തുസുക്ഷിക്കുന്ന ആളാണ് താൻ. വളച്ചൊടിച്ച വാർത്ത നൽകി കോൺഗ്രസിനെയും ലീഗിനെയും തകർക്കാമെന്ന് കരുതുന്നുണ്ടെങ്കിൽ അത് മലർപ്പൊടിക്കാരന്റെ സ്വപ്നം മാത്രമാണ്. തന്റെ രാഷ്ട്രീയമെന്താണെന്ന് കൃത്യമായി ബോധ്യം മുസ്‌ലിം ലീഗ് നേതൃത്വത്തിനുണ്ട്. ലീഗ് നേതാക്കളായ പി.കെ കുഞ്ഞാലികുട്ടി, ഇ.ടി മുഹമ്മദ് ബഷീർ എന്നിവരുമായി ഈ വിഷയം താൻ സംസാരിച്ചിട്ടുണ്ടെന്നും സുധാകരൻ പറഞ്ഞു.