മുപ്പത് വെള്ളിക്കാശിന് യേശുവിനെ ഒറ്റിക്കൊടുത്ത യൂദാസിന്റെ ദിവസം, അക്കൂട്ടത്തിൽ ഒന്ന്: കെ.സുധാകരൻ
|"ആന്റണിയുടെ മകൻ എന്നതിലുപരി പാർട്ടിയിൽ ഒന്നുമല്ല അനിൽ, അതുകൊണ്ട് തന്നെ വേവലാതിപ്പെടേണ്ട ഒരാവശ്യവുമില്ല"
മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണിയുടെ മകൻ അനിൽ ആന്റണി ബിജെപി അംഗത്വം സ്വീകരിച്ചതിൽ പ്രതികരിച്ച് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. മുപ്പത് വെള്ളിക്കാശിനെ യേശുവിനെ ഒറ്റിക്കൊടുത്ത യൂദാസിന്റെ ദിവസമാണിന്നെന്നും അനിലിന്റെ ബിജെപി പ്രവേശനത്തെ അതിലൊന്നായി കണ്ടാൽ മതിയെന്നും സുധാകരൻ പറഞ്ഞു.
"ആന്റണിയുടെ മകൻ എന്നതിലുപരി പാർട്ടിയിൽ ഒന്നുമല്ല അനിൽ. അതുകൊണ്ട് തന്നെ വേവലാതിപ്പെടേണ്ട ഒരാവശ്യവുമില്ല. അദ്ദേഹം ബിജെപിയിൽ ചേർന്നു കൊണ്ട് പറഞ്ഞ കാര്യമാണ് ചർച്ച ചെയ്യപ്പെടേണ്ടത്. കോൺഗ്രസ് നേതൃത്വം കുടുംബവാഴ്ചയ്‌ക്കൊപ്പമെന്ന പരാമർശം കൂലംകഷമായി ചിന്തിക്കണം. ആര് വഞ്ചിക്കുന്നു, ആരാണ് വഞ്ചിക്കുന്നത് എന്നൊക്കെ സ്വയം ചിന്തിച്ചാൽ നന്നായിരിക്കും".
"മകനെ പിടിച്ചു നിർത്താൻ അച്ഛന് കഴിഞ്ഞില്ല എന്നൊക്കെയുള്ള വിമർശനങ്ങൾക്ക് ഒരു പ്രാധാന്യവുമില്ല. അങ്ങനെ പിടിച്ചു നിർത്തലൊന്നുമില്ല, രാഷ്ട്രീയം വ്യക്തിഗതമാണ്. പുതിയ സംഭവമൊന്നുമല്ല അത്. മകനായാൽ പോലും ആരുടെയും വ്യക്തിസ്വാതന്ത്ര്യത്തിൽ കൈ കടത്തുന്നയാളല്ല ആന്റണി. ചതിയുടെ ദിവസമാണിന്ന്. ഇന്ന് തന്നെ ഇങ്ങനെയൊരു കാര്യം സംഭവിച്ചത് ചിലപ്പോൾ യാദൃശ്ചികമാവാം.". സുധാകരൻ കൂട്ടിച്ചേർത്തു.
ഇന്ന് ഉച്ചയോടെയാണ് അനിൽ ആന്റണി ഡൽഹിയിൽ ബിജെപി ആസ്ഥാനത്തെത്തി അംഗത്വമെടുത്തത്. അനിൽ രാജ്യതാല്പര്യം ഉയർത്തിപ്പിടിച്ചുവെന്നും അനിലിനെ ബിജെപിയിലേക്ക് സന്തോഷപൂർവം സ്വാഗതം ചെയ്യുന്നുവെന്നും വി.മുരളീധരൻ പറഞ്ഞു. ഹൈന്ദവരെ മാത്രം ബിജെപിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന വ്യാജ പ്രചരണങ്ങൾക്കുള്ള മറുപടിയാണിതെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.കേരളത്തിൽ നിന്ന് ഒരു നേതാവ് പാർട്ടിയിൽ ചേരുമെന്നും ഇത് ഒരു ക്രിസ്ത്യൻ നേതാവാണെന്നും ബിജെപി വ്യക്തമാക്കിയിരുന്നു.
ബിജെപിയിൽ ചേർന്നയുടനെ കോൺഗ്രസ് നേതൃത്വത്തെ തള്ളിപ്പറഞ്ഞ അനിൽ നേതാക്കൾ കുടുംബവാഴ്ചയ്‌ക്കൊപ്പമാണെന്ന് ആരോപിച്ചു. രാജ്യത്തിന് വേണ്ടി പ്രവർത്തിക്കണം എന്നതാണ് തന്റെ കാഴ്ചപ്പാടെന്നും ഇത് കുടുംബവിഷയമല്ല എന്നും അനിൽ കൂട്ടിച്ചേർത്തിരുന്നു.