'ഇതാണ് മാന്ത്രികം, കടലു നികത്തിയാണ് കൈത്തോടു വെട്ടിയത്'; കെപിസിസി ഭാരവാഹിപ്പട്ടികയിൽ കെ സുധാകരൻ
|"കോൺഗ്രസിന്റെ എല്ലാ തലമൂത്ത നേതാക്കന്മാരും പുനഃസംഘടനയിൽ ആത്മാർത്ഥമായി സഹകരിച്ചു. അതിന്റെ ഫലമാണ് ഇത്രയും അംഗസംഖ്യ കുറയ്ക്കാൻ സാധിച്ചത്."
തിരുവനന്തപുരം: ഭാരവാഹി പട്ടികയിൽ തർക്കങ്ങളില്ലെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ. കെ മുരളീധരൻ ഉന്നയിച്ച കാര്യങ്ങളെ കുറിച്ച് അറിയില്ലെന്നും പരാതി വന്നാൽ ആരായാലും പരിഗണിക്കുമെന്നും സുധാകരൻ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഈ പാർട്ടിയിൽ പുതിയ ലിസ്റ്റിനെ കുറിച്ച് ഒരു തർക്കവുമില്ല. നിങ്ങൾ തർക്കം ഉണ്ടാക്കേണ്ട. നിങ്ങൾ എന്തെങ്കിലും കിട്ടാനാണ് ശ്രമിക്കുന്നത് എങ്കിൽ ഒന്നും കിട്ടൂല. മുരളീധരൻ പറഞ്ഞ കാര്യങ്ങളെ കുറിച്ച് അദ്ദേഹവുമായി നേരിട്ടു സംസാരിക്കും. അദ്ദേഹം പറഞ്ഞത് എന്താണ് എന്നറിയില്ല. എന്റെ മുമ്പിൽ പരാതി വന്നാൽ അത് ആരതായാലും പരിഗണിക്കും.' - അദ്ദേഹം പറഞ്ഞു.
മൂന്നൂറിൽ നിന്ന് 56ലേക്ക് പട്ടിക കൊണ്ടുവന്നത് എങ്ങനെയാണ് എന്ന ചോദ്യത്തിന് അതാണ് മാന്ത്രികം എന്നായിരുന്നു സുധാകരന്റെ മറുപടി. 'അവിടെയാണ് നിങ്ങൾ ഞങ്ങളെ വിലയിരുത്തേണ്ടത്. കടലു നികത്തിയാണ് കൈത്തോടു വെട്ടിയത്. ഇത് ചെറിയ അധ്വാനമല്ല. ഇതിൽ പാർട്ടിയുടെ എല്ലാ നേതാക്കന്മാരും സഹകരിച്ചു. സഹകരിച്ചില്ലെങ്കിൽ പറ്റുമായിരുന്നോ? കോൺഗ്രസിന്റെ എല്ലാ തലമൂത്ത നേതാക്കന്മാരും പുനഃസംഘടനയിൽ ആത്മാർത്ഥമായി സഹകരിച്ചു. അതിന്റെ ഫലമാണ് ഇത്രയും അംഗസംഖ്യ കുറയ്ക്കാൻ സാധിച്ചത്.' - സുധാകരൻ കൂട്ടിച്ചേർത്തു.
മോൻസൺ വിവാദത്തിൽ മാധ്യമങ്ങൾ ഉന്നയിച്ച ചോദ്യത്തോട് സുധാകരൻ ക്ഷോഭിച്ചു. മോൻസന്റെ പീഡനത്തിന് ഇരയായ യുവതി താങ്കൾക്കെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചിട്ടുണ്ടല്ലോ എന്നതായിരുന്നു ചോദ്യം. 'ഈ പൂഴിക്കടക്കനൊന്നും എന്റെയടുത്ത് എടുക്കേണ്ട. ഇത് ജനുസ്സ് വേറെയാ. മനസ്സിലായില്ലേ. അങ്ങനെയുണ്ടെങ്കിൽ അന്വേഷിച്ചോട്ടെ. ഞാനപ്പോൾ നോക്കിക്കോളാം.' - എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ദൃശ്യങ്ങളുണ്ടെങ്കിൽ ചാനലിൽ സംപ്രേഷണം ചെയ്യൂ എന്നും അദ്ദേഹം വെല്ലുവിളിച്ചു.
അതൃപ്തി പരസ്യമാക്കി മുരളീധരൻ
അതിനിടെ, ഭാരവാഹി പട്ടികയിൽ അതൃപ്തി പരസ്യമാക്കി കെ മുരളീധരൻ രംഗത്തെത്തി. പട്ടികയെ അനുകൂലിക്കുകയും പ്രതികൂലിക്കുകയും ചെയ്യുന്നില്ല. അച്ചടക്കം എല്ലാവർക്കും ബാധകമായതിനാൽ കൂടുതൽ പ്രതികരിക്കുന്നില്ല. മുൻ പ്രസിഡൻറുമാരെയും വർക്കിങ് പ്രസിഡൻറുമാരെയും ഉൾപ്പെടുത്തി കൂടുതൽ ചർച്ച നടത്തിയിരുന്നെങ്കിൽ അനുയോജ്യരല്ലാത്തവർ പട്ടികയിൽ ഉൾപ്പെടില്ലായിരുന്നുവെന്നും മുരളീധരൻ പറഞ്ഞു.
'പൊതുചർച്ചയുടെ ആവശ്യമില്ല. ഇത് അന്തിമ പട്ടികയാണ്. ഗ്രൂപ്പ് യോഗ്യതയും അയോഗ്യതയും അല്ല. ലിസ്റ്റിനെ അനുകൂലിക്കുന്നുമില്ല പ്രതികൂലിക്കുന്നുമില്ല. കൂടുതൽ ചർച്ച നടത്തിയിരുന്നുവെങ്കിൽ അനുയോജ്യരല്ലാത്തവർ പട്ടികയിൽ വരില്ലായിരുന്നു. കെ ജയന്തിനെ ഭാരവാഹി ആക്കിയതിൽ തെറ്റില്ല.'- കെ മുരളീധരൻ മാധ്യമങ്ങളോടു പറഞ്ഞു.