'ഏതന്വേഷണവും വരട്ടെ, നേരിടാന്‍ തയ്യാര്‍' കെ സുധാകരന്‍
|അന്വേഷണം പൂര്‍ത്തിയാക്കി ജനങ്ങളോട് വസ്തുത വ്യക്തമാക്കേണ്ടത് എന്‍റെ കൂടി ആവശ്യമാണെന്നും സുധാകരന്‍
സാമ്പത്തിക ക്രമക്കേട് പരാതിയില്‍ അന്വേഷണത്തിന് അനുമതി തേടിയ വിജിലൻസ് നടപടിയെ സ്വാഗതം ചെയ്ത് കെ.പി.സി.സി പ്രസിഡന്‍റ് കെ സുധാകരന്‍. തനിക്കെതിരായ ഏതന്വഷേണത്തേയും സ്വാഗതം ചെയ്യുന്നുവെന്ന് പറഞ്ഞ സുധാകരന്‍, അന്വേഷണം പൂര്‍ത്തിയാക്കി ജനങ്ങളോട് വസ്തുതാപരമായ കാര്യങ്ങള്‍ വ്യക്തമാക്കേണ്ടത് തന്‍റെ കൂടെ ആവശ്യമാണെന്നും പറഞ്ഞു.
കെ കരുണാകരന്‍റെ സ്മരണാർത്ഥം രൂപീകരിച്ച ട്രസ്റ്റിന്‍റെ പേരിലുള്ള പണപ്പിരിവില്‍ നിന്നടക്കം 32 കോടി രൂപയുടെ അഴിമതി നടത്തിയെന്നാണ് സുധാകരന്‍റെ മുന്‍ ഡ്രൈവറായ പ്രശാന്തിന്‍റെ പരാതി. കരുണാകരൻ പഠിച്ച ചിറക്കൽ രാജാസ് ഹൈസ്‌കൂളും 5 ഏക്കർ സ്ഥലവും വാങ്ങാനും അന്താരാഷ്ട്ര നിലവാരമുള്ള എഡ്യുക്കേഷണൽ ഹബ്ബാക്കി മാറ്റാനുമായിരുന്നു ഇത്. എന്നാൽ കരാർ ലംഘിച്ച് സുധാകരനും രണ്ട് സുഹൃത്തുക്കളും ചേർന്ന് കണ്ണൂർ എജ്യു പാർക്ക് എന്ന കമ്പനിയുടെ പേരിലേക്ക് തുക വകമാറ്റാൻ ശ്രമിച്ചു, കണ്ണൂർ ഡിസിസി ഓഫീസ് നിർമ്മാണത്തിന് പിരിച്ച കോടികൾ വകമാറ്റി ചെലവഴിച്ചു, ബിനാമി ബിസിനസ്സുകളടക്കം നടത്തി കെ സുധാകരൻ അനധികൃത സ്വത്ത് സമ്പാദനം നടത്തി തുടങ്ങിയ ആരോപണങ്ങളാണ് പ്രശാന്ത് ബാബു ഉന്നയിച്ചത്.
സാമ്പത്തിക ക്രമക്കേട് പരാതിയില്‍ കെ. സുധാകരനെതിരെ പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയാണ് വിജിലൻസ് സർക്കാരിന് റിപ്പോർട്ട് നൽകിയത്. പ്രാഥമിക അന്വേഷണത്തിൽ തെളിവ് ശേഖരണത്തിന് തടസ്സങ്ങൾ ഉള്ളതിനാൽ വിശദമായ അന്വേഷണം വേണമെന്ന ശിപാർശയാണ് റിപ്പോർട്ടിലുള്ളത്. എം.പി ആയതിനാൽ കേസെടുത്ത് അന്വേഷണത്തിന് നിയമതടസ്സം ഉണ്ടോ എന്നറിയാൻ വിജിലൻസ് നിയമോപദേശവും തേടിയിട്ടുണ്ട്.
എന്നെ ജീവിതത്തിൽ നിന്ന് തന്നെ തുടച്ച് നീക്കാൻ ശ്രമിച്ചവരാണ് സി.പി.എമ്മുകാര്‍. ഇപ്പോള്‍ കേസില്‍പ്പെടുത്തി വേട്ടയാടുന്നു. എങ്ങനെയും എന്നെ ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഏതന്വഷണവും നേരിടാൻ തയ്യാറാണ്. എല്ലാ അന്വേഷണങ്ങള്‍ക്കുമൊടുവില്‍ വസ്തുനിഷ്ടമായ കാര്യങ്ങൾ ജനങ്ങൾ അറിയും. അതുകൊണ്ട് തന്നെ അന്വേഷണം നടക്കുന്നത് തന്‍റെ നിരപരാധിത്വം തെളിയിക്കും.
സുധാകരന്‍ പറഞ്ഞു.
അതേസമയം സുധീരന്‍റെ വിഷയത്തിൽ ഹൈക്കമാൻഡ് ഇടപെടുമെന്നും പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ എ.ഐ.സി.സി നേതൃത്വം തയ്യാറാകുമെന്നും സുധാകരന്‍ പറഞ്ഞു.