Kerala
മുഖ്യമന്ത്രിയെ അവഹേളിച്ച സുധാകരന് തൃക്കാക്കരയിലെ ജനങ്ങൾ ചുട്ട മറുപടി നൽകും- ജോസ് കെ. മാണി
Kerala

മുഖ്യമന്ത്രിയെ അവഹേളിച്ച സുധാകരന് തൃക്കാക്കരയിലെ ജനങ്ങൾ ചുട്ട മറുപടി നൽകും- ജോസ് കെ. മാണി

Web Desk
|
18 May 2022 3:14 PM GMT

മലബാറിലെ പ്രാദേശികമായൊരു ഉപമ പ്രയോഗിക്കുക മാത്രമാണ് താൻ ചെയ്തതതെന്നായിരുന്നു കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍റെ പ്രതികരണം

പാലാ: മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിച്ച കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന് തൃക്കാക്കരയിലെ ജനങ്ങൾ ചുട്ട മറുപടി നൽകുമെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി. മഹാരഥന്മാരായ മുൻഗാമികൾ ഇരുന്ന കസേരയിലാണ് താൻ ഇരിക്കുന്നതെന്ന് പരാജയഭീതി പൂണ്ട കോൺഗ്രസ് നേതാവ് മറന്നുപോയിരിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.

മുഖ്യമന്ത്രിക്കെതിരായ സുധാകരന്റെ വിവാദ പരാമർശത്തോട് ഫേസ്ബുക്കിലാണ് ജോസ് കെ. മാണി പ്രതികരിച്ചത്. കേരളത്തിന്റെ വികസനം ചർച്ചചെയ്യപ്പെടണമെന്നാണ് മുഖ്യമന്ത്രിയും എൽ.ഡി.എഫും ആഗ്രഹിക്കുന്നത്. കേരളത്തിന്റെ വികസനത്തെക്കുറിച്ചാണ് മുഖ്യമന്ത്രി തൃക്കാക്കരയിൽ പ്രസംഗിച്ചത്. ജനങ്ങൾ വികസന നിലപാടിനൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് നേതാവിന്റെ ഇത്തരം ജൽപ്പനങ്ങളെ തൃക്കാക്കരയിൽ പൊതുസമൂഹം പുച്ഛിച്ചുതള്ളും. സമാദരണീയനായ കേരളത്തിന്റെ മുഖ്യമന്ത്രിയെ ആരും ഉപയോഗിക്കാത്ത പദപ്രയോഗങ്ങൾകൊണ്ടാണ് കെ.പി.സി.സി പ്രസിഡന്റ് അധിക്ഷേപിച്ചത്. മുഖ്യമന്ത്രി ജനകീയ പ്രശ്നം ചർച്ച ചെയ്യുമ്പോൾ കെ.പി.സി.സി പ്രസിഡന്റ് വ്യക്തിപരമായ അധിക്ഷേപം ചൊരിയാനാണ് ശ്രമിക്കുന്നതെന്നും ജോസ് കെ. മാണി കുറ്റപ്പെടുത്തി.

മുഖ്യമന്ത്രിയെ താൻ അവഹേളിച്ചിട്ടില്ലെന്നും മലബാറിലെ ഒരു പ്രാദേശിക ഉപമ മാത്രമായിരുന്നു താൻ പ്രയോഗിച്ചതെന്നും കെ. സുധാകരൻ നേരത്തെ പ്രതികരിച്ചിരുന്നു. ജനങ്ങളോട് ബാധ്യതപ്പെട്ട ഒരു മുഖ്യമന്ത്രി സംസ്ഥാനത്ത് ഇത്രയും വലിയ പണം കടം നിൽക്കുമ്പോൾ, എടുത്തു ചെലവഴിക്കാൻ ദൈനംദിന ചെലവിനു പോലും കാശില്ലാതെ ഉദ്യോഗസ്ഥർ നട്ടംതിരിയുമ്പോൾ ഇവിടെ മുഖ്യമന്ത്രി സർക്കാരിന്റെ ചെലവിൽ ഇവിടെ കൂടുന്നതും യാത്ര ചെയ്യുന്നതും നാടിനോട് ചെയ്യുന്ന കടുത്ത അനീതിയാണ്. യാത്രയെക്കുറിച്ചാണ് പറഞ്ഞത്. ചങ്ങല പൊട്ടിയ പട്ടിയെപ്പോലെ ഓടുകയാണെന്ന് പറഞ്ഞത് ഒരു ഉപമയാണ്. അല്ലാതെ പട്ടിയാണെന്നല്ല. അത് മലബാറിലുള്ള പ്രാദേശികമായൊരു ഉപമയാണെന്നും സുധാകരൻ വ്യക്തമാക്കി.

Summary: The people of Thrikkakara will give a scathing reply to K Sudhakaran, KPCC President, for insulting Chief Minister Pinarayi Vijayan, says Kerala Congress (M) chairman Jose K Mani

Similar Posts