'പ്രതിഷേധക്കാരെ കായികമായി നേരിടുന്ന പോലീസ് ഉദ്യോഗസ്ഥരെ ജനം തെരുവിൽ കൈകാര്യം ചെയ്യും'; മുന്നറിയിപ്പുമായി കെ.സുധാകരൻ
|മുംബൈ- അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കെതിരെ എതിർപ്പും സമരവുമായി രംഗത്തുള്ള സിപിഎം കെ.റെയിൽ പ്രതിഷേധത്തിനെതിരെ മുഖം തിരിക്കുന്നത് ഇരട്ടത്താപ്പാണ്. ഡൽഹി ജഹാംഗീർപുരിയിൽ ബുൾഡോസറുകൾക്ക് മുന്നിൽ ചാടിവീണ ബൃന്ദാ കാരാട്ട് കെ.റെയിൽ പദ്ധതിയുടെ പേരിൽ ദുരിതം അനുഭവിക്കുന്ന കേരളത്തിലെ പതിനായിരങ്ങളുടെ കണ്ണീർ കാണാതെ പോകുന്നത് നിരാശാജനകമാണെന്നും സുധാകരൻ പറഞ്ഞു.
തിരുവനന്തപുരം: കെ.റെയിൽ സർവേക്കല്ല് ഇടുന്നതിന്റെ മറവിൽ പൊലീസ് നടത്തുന്ന നരനായാട്ട് അവസാനിപ്പിക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി. ഒരു ഇടവേളക്ക് ശേഷം വീണ്ടും കെ.റെയിൽ കല്ലിടലുമായി തിരുവനന്തപുരം കരിച്ചാറ കോളനിയിലെത്തിയ ഉദ്യോഗസ്ഥരുടെ സുരക്ഷയുടെ പേരിൽ പോലീസ് അഴിഞ്ഞാടുകയാണ്. ജനാധിപത്യയ രീതിയിൽ പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകരുടെ അടിനാഭിക്ക് പോലീസ് ബൂട്ടിട്ട് തൊഴിച്ച് താഴെയിടുന്ന കാഴ്ച പ്രതിഷേധാർഹമാണ്. കോട്ടയം മാടപ്പള്ളിയിൽ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ പോലീസ് നടത്തിയ തേർവാഴ്ച കേരളം മറന്നിട്ടില്ല. ജനങ്ങളെ കയ്യേറ്റം ചെയ്യാനും ചവിട്ടിമെതിക്കാനും ആരാണ് പോലീസിന് അധികാരം നൽകിയത്. പോലീസിന്റെ ലാത്തിക്കും തോക്കിനും മുന്നിൽ പിന്തിരിഞ്ഞ പാരമ്പര്യം കോൺഗ്രസിനില്ലെന്ന് ആഭ്യന്തരമന്ത്രിയുടെ ഉത്തരവ് നടപ്പാക്കാൻ ഇറങ്ങുന്ന പോലീസ് ഉദ്യോഗസ്ഥർ തിരിച്ചറിയുന്നതാണ് നല്ലത്. പ്രതിഷേധക്കാരെ കായികമായി നേരിടുന്ന പോലീസ് ഉദ്യോഗസ്ഥരെ പൊതുജനം തെരുവിൽ കൈകാര്യം ചെയ്യുന്ന സ്ഥിതിയുണ്ടാകും. നിയമവാഴ്ചയെ വെല്ലുവിളിക്കുന്ന ഇത്തരം ഉദ്യോഗസ്ഥരെ നിലക്കുനിർത്താൻ സർക്കാർ തയ്യറാകണം.അല്ലെങ്കിൽ കേരളീയസമൂഹത്തിന്റെ പ്രതിഷേധ പ്രതികരണത്തെ അഭിമുഖീകരിക്കേണ്ടിവരും. അധികാരമുഷ്ടി പ്രയോഗിച്ച് സർവേക്കല്ല് സ്ഥാപിക്കാൻ മുഖ്യമന്ത്രി തുനിഞ്ഞാൽ കേരളത്തിലെ കോൺഗ്രസ് പ്രവർത്തകർ അതെല്ലാം പിഴുതെറിഞ്ഞിരിക്കുമെന്നും സുധാകരൻ മുന്നറിയിപ്പ് നൽകി.
കെ.റെയിൽ വിരുദ്ധ പ്രതിഷേധക്കാരെ പോലീസിനെ ഉപയോഗിച്ച് അടിച്ചമർത്താമെന്നുള്ള സർക്കാരിന്റെ വ്യാമോഹം മലർപ്പൊടിക്കാരന്റെ സ്വപ്നമായി അവശേഷിക്കും. പ്രതിഷേധത്തെ ഭയന്ന് സിപിഎമ്മിന്റെ പാർട്ടി കോൺഗ്രസ് സമയത്ത് കല്ലിടൽ നിർത്തിവെച്ചിരുന്നു. കെ.റെയിൽ പദ്ധതി ഉപേക്ഷിക്കുന്നതുവരെ ശക്തമായ പോരാട്ടം കോൺഗ്രസ് നടത്തും.
മുംബൈ- അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കെതിരെ എതിർപ്പും സമരവുമായി രംഗത്തുള്ള സിപിഎം കെ.റെയിൽ പ്രതിഷേധത്തിനെതിരെ മുഖം തിരിക്കുന്നത് ഇരട്ടത്താപ്പാണ്. ഡൽഹി ജഹാംഗീർപുരിയിൽ ബുൾഡോസറുകൾക്ക് മുന്നിൽ ചാടിവീണ ബൃന്ദാ കാരാട്ട് കെ.റെയിൽ പദ്ധതിയുടെ പേരിൽ ദുരിതം അനുഭവിക്കുന്ന കേരളത്തിലെ പതിനായിരങ്ങളുടെ കണ്ണീർ കാണാതെ പോകുന്നത് നിരാശാജനകമാണെന്നും സുധാകരൻ പറഞ്ഞു.
നരകത്തിൽ നിന്നുള്ള പദ്ധതിയാണ് കെ.റെയിലെന്നും അത് നടപ്പായാൽ കേരള ജനതയുടെ ജീവിതം ദുരിതത്തിലാകുമെന്നും പദ്ധതിയുടെ പ്രാഥമിക സാധ്യതാ പഠനം നടത്തിയ അലോക് കുമാർ വർമ്മ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. പദ്ധതിയുടെ അപ്രായോഗികത മുഖ്യമന്ത്രിയെ ധരിപ്പിക്കാൻ അലോക് കുമാർ വർമ്മ ശ്രമിച്ചെങ്കിലും അദ്ദേഹത്തെ കാണാൻപോലും തയ്യാറാകാത്തത് മുഖ്യമന്ത്രിയുടെ ധാർഷ്ട്യമാണ്. കേരളം ഒന്നടങ്കം ഈ പദ്ധതിയെ എതിർക്കുമ്പോൾ അത് ഏത് വിധേനയും നടപ്പാക്കുമെന്ന വെല്ലുവിളിയാണ് മുഖ്യമന്ത്രി നടത്തുന്നത്. ഈ വെല്ലുവിളിയെ അതിജീവിക്കാനുള്ള കരുത്ത് കേരളത്തിലെ കോൺഗ്രസ് പാർട്ടിക്കുണ്ടെന്ന് വരുംദിവസങ്ങളിൽ മുഖ്യമന്ത്രിക്ക് ബോധ്യപ്പെടുമെന്ന് സുധാകരൻ പറഞ്ഞു.