എം.വി ഗോവിന്ദന്റെ ആരോപണത്തിൽ നിയമനടപടിക്കൊരുങ്ങി കെ. സുധാകരൻ
|വീട്ടുജോലിക്കാരിയുടെ മകളെ മോൻസൺ മാവുങ്കൽ പീഡിപ്പിക്കുമ്പോൾ കെ. സുധാകരൻ അവിടെയുണ്ടായിരുന്നുവെന്ന് പെൺകുട്ടിയുടെ മൊഴിയുണ്ടെന്നാണ് ദേശാഭിമാനി പത്രത്തെ ഉദ്ധരിച്ച് എം.വി ഗോവിന്ദൻ പറഞ്ഞത്.
കൊച്ചി: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഉന്നയിച്ച ആരോപണത്തിനെതിരെ നിയമനടപടി സ്വീകരിക്കാനൊരുങ്ങി കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. ഇന്നലെ തന്നെ സുധാകരൻ ഗോവിന്ദനെതിരെ രൂക്ഷമായ മറുപടിയുമായി രംഗത്തെത്തിയിരുന്നു. എം.വി ഗോവിന്ദനെതിരെയും അദ്ദേഹം ആരോപണം ഉന്നയിക്കാൻ അടിസ്ഥാനമാക്കിയ പാർട്ടി മുഖപത്രത്തിനെതിരെയും ക്രിമിനൽ കേസുമായി മുന്നോട്ടുപോകാനാണ് സുധാകരന്റെ തീരുമാനം.
അപകീർത്തികരമായ പരാമർശത്തിനെതിരെ ഇന്നലെ തന്നെ ഡി.ജി.പിക്ക് പരാതി നൽകിയിരുന്നു. പോക്‌സോ കേസിൽ സുധാകരനെതിരെ മൊഴിയുണ്ടെന്ന പ്രസ്താവന കലാപാഹ്വാനമാണെന്നും ഗോവിന്ദനെതിരെ കലാപാഹ്വാനത്തിന് കേസെടുക്കണമെന്നുമാണ് ആവശ്യം. പൊതുപ്രവർത്തകനായ പായിച്ചറ നവാസാണ് പരാതി നൽകിയത്.
അതേസമയം കെ. സുധാകരൻ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസിൽ കൂടുതൽ പേർ ഇന്ന് അദ്ദേഹത്തിനെതിരെ മൊഴി നൽകാനെത്തുമെന്നാണ് വിവരം. മോൻസൺ മാവുങ്കലിന് പണം കൈമാറിയ വ്യവസായി അനൂപ് വിദേശത്തായിരുന്നു. അദ്ദേഹം ഇന്ന് മടങ്ങിയെത്തി മൊഴി നൽകുമെന്നാണ് സൂചന.