രാജി പിൻവലിക്കാൻ സുധീരനോട് ആവശ്യപ്പെടും: കെ സുധാകരൻ
|രാഷ്ട്രീയകാര്യ സമിതി പുനഃസംഘടിപ്പിക്കുന്ന കാര്യം ഹൈക്കമാൻഡുമായി ചർച്ച ചെയ്തായിരിക്കും തീരുമാനിക്കുക
കെപിസിസിയുടെ രാഷ്ട്രീയകാര്യ സമിതിയിൽ നിന്ന് രാജിവെച്ച വിഎം സുധീരനുമായി ചർച്ച നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. സുധീരൻ കോൺഗ്രസിന്റെ മുതിർന്ന നേതാവാണെന്നും അദ്ദേഹത്തോട് രാജി പിൻവലിക്കാൻ കെപിസിസി ആവശ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഷ്ട്രീയകാര്യ സമിതി പുനഃസംഘടിപ്പിക്കുന്ന കാര്യം ഹൈക്കമാന്‍ഡുമായി ചര്‍ച്ച ചെയ്തായിരിക്കും തീരുമാനിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, സുധീരനെ അനുനയിപ്പിക്കാൻ കെപിസിസിയ്ക്ക് ഹൈക്കമാൻഡിന്റെ നിർദേശമുണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസമായിരുന്നു വി എം സുധീകരൻ കെപിസിസി രാഷ്ട്രീയകാര്യ സമിതിയിൽ നിന്നും രാജിവെച്ചത്. മതിയായ കൂടിയാലോചന നടത്താത്ത നേതൃത്വത്തിന്റെ നിലപാടിൽ പ്രതിഷേധിച്ചാണ് രാജി.
ഡിസിസി അധ്യക്ഷന്മാരെ നിശ്ചയിച്ചത് മുതൽ മതിയായ കൂടിയാലോചന നടത്താതെയാണെന്ന നിലപാട് വി എം സുധീരൻ സ്വീകരിച്ചിരുന്നു. ഈ അതൃപ്തിയുടെ തുടർച്ചയാണ് രാഷ്ട്രീയകാര്യ സമിതിയിൽ നിന്നുള്ള രാജിയിലേക്ക് എത്തിച്ചത്. എന്നാൽ ഇക്കാര്യത്തിൽ പരസ്യ പ്രതികരണത്തിന് വി എം സുധീരൻ തയ്യാറായില്ല. ആവശ്യമെങ്കിൽ പിന്നീട് വിശദമായി പ്രതികരിക്കാമെന്ന നിലപാടിലാണ് സുധീരൻ.
ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് രാജിയെന്ന വിശദീകരണമാണ് കെപിസിസി നേതൃത്വം നൽകുന്നത്. വി എം സുധീരന്റെ രാജിയോട് പ്രതികരിക്കാൻ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ തയ്യാറായില്ല.