Kerala
Congress,  K. Sudhakaran, party rebels, latest news malayalam, കെ.സുധാകരൻ
Kerala

ഹൈക്കോടതി വിധി തന്നെ ക്രിമിനലായി ചിത്രീകരിക്കാന്‍ കെട്ടുകഥയുണ്ടാക്കിയവര്‍ക്കേറ്റ തിരിച്ചടി: കെ. സുധാകരന്‍

Web Desk
|
21 May 2024 10:09 AM GMT

സുപ്രിംകോടതിയെ സമീപിച്ചാല്‍ അവിടെയും നേരിടുമെന്ന് സുധാകരൻ പറഞ്ഞു.

ന്യൂഡൽഹി: കെട്ടുകഥ ഉണ്ടാക്കി തന്നെ ക്രിമിനലാക്കി ചിത്രീകരിച്ച് വേട്ടയാടിയവരാണ് സിപിഎമ്മുകാരെന്നും തന്റെ നിപരാധിത്വം ബോധ്യപ്പെട്ടതില്‍ സന്തോഷമെന്നും കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. ഇ.പി ജയരാജനെ വെടിവച്ച് കൊല്ലാൻ ശ്രമിച്ചെന്ന കേസില്‍ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിയിൽ പ്രതികരിക്കുകയായിരുന്നു സുധാകരൻ.

ഈ വിധി പ്രതീക്ഷിച്ചതാണ്. സുപ്രിംകോടതിയെ സമീപിച്ചാല്‍ അവിടെയും നേരിടും. ഈ കേസ് തലയ്ക്ക് മുകളില്‍ ഉള്ള വാള്‍ ആയിരുന്നു. യഥാര്‍ഥ പ്രതിയെ കണ്ടുപിടിക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനാണ്. ഈ കേസിന്റെ പേരില്‍ രാഷ്ട്രീയത്തില്‍ തന്നെ നശിപ്പിക്കാന്‍ ശ്രമിച്ചു.

തന്നെ രാഷ്ട്രീയമായി ഇല്ലാതാക്കാനുള്ള സിപിഎം പദ്ധതിയായിരുന്നു ഈ കേസ്. ഇല്ലാത്ത കുറ്റത്തിനാണ് പ്രതിയാക്കിയത്. തന്നെ ക്രിമിനലായി ചിത്രീകരിക്കാന്‍ ശ്രമിച്ച സിപിഎമ്മിന്റെയും ബിജെപിയുടെയും രാഷ്ട്രീയ നയങ്ങള്‍ക്കേറ്റ കനത്ത തിരിച്ചടി കൂടിയാണ് കോടതിവിധി.

കൊലയാളി എന്ന് വിളിച്ച് അധിക്ഷേപിച്ചവരെ തള്ളുന്ന വിധിയാണിതെന്നും തന്നെ ക്രിമിനലാക്കാനുള്ള സിപിഎം ശ്രമമാണ് പൊളിഞ്ഞതെന്നും കെ. സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

Similar Posts