Kerala
ലീഗിനെ കൂട്ടി മുമ്പ് ഭരിച്ചവരാണ് അവർ വർഗീയ പാർട്ടിയാണെന്ന് പറയുന്നതെന്ന് കെ സുധാകരൻ
Kerala

ലീഗിനെ കൂട്ടി മുമ്പ് ഭരിച്ചവരാണ് അവർ വർഗീയ പാർട്ടിയാണെന്ന് പറയുന്നതെന്ന് കെ സുധാകരൻ

Web Desk
|
18 Dec 2021 6:06 AM GMT

അവസരം കിട്ടിയാൽ സി.പി.എം ആരെയും കൂടെ കൂട്ടുമെന്നും ലീഗിലുള്ളവരെ സ്വാധീനിക്കാൻ നടത്തിയ നീക്കങ്ങൾ ഞങ്ങൾക്ക് അറിയാമെന്നും സുധാകരൻ

മുസ്‌ലിം ലീഗിനെ കൂട്ടി മുമ്പ് ഭരിച്ചവരാണ് അവർ വർഗീയ പാർട്ടിയാണെന്ന് പറയുന്നതെന്നും സി.പി.എമ്മിന് നാണവും മാനവുമില്ലെന്നും കെപിസിസി പ്രസിഡൻറ് കെ സുധാകരൻ എം.പി. ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിലൂടെ സിപിഎം ജനറൽ സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ മുസ്‌ലിം ലീഗിനെ വിമർശിച്ചതിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. അവസരം കിട്ടിയാൽ സി.പി.എം ആരെയും കൂടെ കൂട്ടുമെന്നും ലീഗിലുള്ളവരെ സ്വാധീനിക്കാൻ നടത്തിയ നീക്കങ്ങൾ ഞങ്ങൾക്ക് അറിയാമെന്നും സുധാകരൻ പറഞ്ഞു. ഹരിത വിഷയം ഉണ്ടായപ്പോൾ മുണ്ടും പൊക്കി ആ പെൺകുട്ടികളുടെ വീടിന് മുന്നിലൂടെ നടക്കുകയായിരുന്നുവെന്നും അദ്ദേഹം വിമർശിച്ചു.

വി.സി വിവാദത്തിൽ ഡിസംബർ 24 ന് അഞ്ചു യൂണിവേഴ്‌സിറ്റിക്ക് മുന്നിലും ഉപവാസം നടത്തുമെന്നും സംഭവത്തിൽ ഗവർണറുടെ ഭാഗത്തും തെറ്റുണ്ടെന്നും കെ സുധാകരൻ പറഞ്ഞു. തർക്കം ഒഴിവാക്കാൻ നിയമത്തിൽ വെള്ളം ചേർക്കാൻ ഗവർണർക്ക് അധികാരമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കെ.റെയിൽ പദ്ധതി വിഷയത്തിൽ ശശിതരൂർ പാർട്ടിയോടൊപ്പം ഒതുങ്ങി നിൽക്കണമെന്നും ഇരിക്കുന്നിടം കുഴിക്കാൻ ആരെയും അനുവദിക്കില്ലെന്നും കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ പറഞ്ഞു. ശശി തരൂർ എം.പിക്കുള്ള അഭിപ്രായത്തെ കുറിച്ച് പാർട്ടി അദ്ദേഹത്തിനോട് വിശദീകരണം തേടും. തരൂർ വ്യക്തിയെയും എം.പിയെയും ഞങ്ങൾ ബഹുമാനിക്കുന്നുണ്ട്. പക്ഷേ ഇരുന്നിടം കുഴിക്കാൻ അനുവദിക്കില്ല. അതിനകത്തുള്ള അർഥം നിങ്ങൾക്ക് ഊഹിച്ചെടുക്കാമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. കോൺഗ്രസ് പദ്ധതിക്ക് എതിരല്ല, പദ്ധതിയെ കുറിച്ച് വ്യത്യസ്ത നിലപാട് പാർട്ടിക്കകത്തുണ്ട്. അങ്ങനെ അഭിപ്രായ വ്യത്യാസമുള്ളവർ പാർട്ടിയുടെ തീരുമാനങ്ങൾക്കൊപ്പം നിൽക്കണം. പഠിച്ചിട്ട് തന്നെയാണ് പാർട്ടിയും നിലപാട് എടുത്തതെന്നും അദ്ദേഹം പറഞ്ഞു.

പദ്ധതിയുമായി ബന്ധപ്പെട്ട് സർക്കാർ ഹിത പരിശോധന നടത്തണം. ജനമനസ്സ് തൊട്ടറിയാൻ മുഖ്യമന്ത്രി തയ്യാറാകണം. പദ്ധതിക്ക് പോരായ്മയില്ലെന്ന് സമൂഹത്തെ ബോധ്യപ്പെടുത്തേണ്ട ബാധ്യത സർക്കാരിനുണ്ട്. കണ്ണൂരിൽ സി.പി.എം പ്രവർത്തകർ പദ്ധതിക്കെതിരെ പ്രതിഷേധവുമായെത്തിയിരുന്നു. വികസനമാണെങ്കിൽ ജനസമൂഹത്തിന്റെ വികസനമായിരിക്കണം. വലിയ വികസന പദ്ധതികളെ എതിർത്തവരാണ് സി.പി.എമ്മുകാർ. ബുള്ളറ്റ് ട്രെയിനിനെ എതിർത്ത യെച്ചൂരിയുടെ പാർട്ടിയാണ് കെ റെയിലുമായി വരുന്നത്. വികസനത്തിന് വേണ്ടത് വാശിയല്ല, പ്രായോഗിക ബുദ്ധിയാണ് വേണ്ടത്. ഇതാണ് മുഖ്യമന്ത്രിയോട് പറയാനുള്ളതെന്നും അദ്ദേഹം പറഞ്ഞു. കെ.റെയിലിലും ബന്ധുനിയമം നടക്കുന്നുണ്ട്. ഇന്ത്യൻ റെയിൽവേയിലെ ജൂനിയർ ഉദ്യോഗസ്ഥയായ ബ്രിട്ടാസിന്റെ ഭാര്യയാണ് ജനറൽ മാനേജർ. വ്യാജ ഡിപിആർ തയാറാക്കിയാണ് പദ്ധതിക്ക് തറക്കല്ലിടുന്നതെന്നും അദ്ദേഹം പറഞ്ഞു.


KPCC President K Sudhakaran MP said that those who ruled with Muslim League before are saying that they are a communal party and the CPM has no shame or dignity.

Similar Posts