ആരാധനാലയങ്ങള്‍ തുറക്കണമെന്ന് കോണ്‍ഗ്രസ്
|കേരളത്തിനേക്കാള്‍ ടി.പി.ആറും കോവിഡ് കേസുകളും ഉണ്ടായിരുന്ന സംസ്ഥാനങ്ങള്‍ സാധാരണ ജനജീവിതത്തിലേക്ക് മടങ്ങി. എന്നാല്‍ കേരളം ഇപ്പോഴും കനത്ത കോവിഡ് ഭീതിയിലാണ്.
മദ്യശാലകള്‍ തുറക്കുകയും ആരാധനാലയങ്ങള്‍ അടച്ചിടുകയും ചെയ്യുന്നതിന്റെ യുക്തിയെന്തെന്ന് സര്‍ക്കാര്‍ വിശദീകരിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി. ആരാധനാലയങ്ങളും ലൈബ്രറികളും സിനിമ തിയേറ്ററുകളും അടക്കമുള്ള പൊതുസംവിധാനങ്ങള്‍ ടി.പി.ആറിന്റെ അടിസ്ഥാനത്തില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് തുറന്നുപ്രവര്‍ത്തിക്കാനുള്ള അനുമതി സര്‍ക്കാര്‍ ഉടന്‍ നല്‍കണം. വാരാന്ത്യ ലോക്ഡൗണ്‍ പോലെയുള്ള സാമാന്യ ബോധ്യത്തിന് നിരക്കാത്ത മാര്‍ഗങ്ങള്‍ പുനഃപരിശോധിക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.
ജനങ്ങള്‍ സാമ്പത്തികമായും മാനസികമായും വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഈ സമയത്ത് മദ്യശാലകള്‍ മാത്രം തുറന്ന് കൊടുത്തത് അശാസ്ത്രീയമാണ്. പൊതു ഇടങ്ങള്‍ തുറക്കാനുള്ള സര്‍ക്കാരിന്റെ മാനദണ്ഡം എന്താണെന്ന് വ്യക്തമാക്കണം. വരുമാനം ഉള്ള സ്ഥാപനങ്ങള്‍ മാത്രം തുറന്ന് പ്രവര്‍ത്തിപ്പിക്കുകയാണ് നിലവില്‍ സര്‍ക്കാരിന്റെ മാനദണ്ഡം. ജനങ്ങള്‍ക്ക് പ്രയോജനമുള്ള മിക്ക സ്ഥാപനങ്ങളും അടഞ്ഞ് കിടക്കുകയാണ്.
പൊതുഗതാഗത സംവിധാനം തുറന്ന് കൊടുത്തതിലടക്കം സര്‍ക്കാര്‍ സ്വീകരിക്കുന്ന മാനദണ്ഡങ്ങള്‍ അപ്രായോഗികമാണ്. സര്‍ക്കാര്‍ ഉദ്യേഗസ്ഥരടക്കം പൊതുഗതാഗതത്തെ ആശ്രയിക്കുന്ന സാഹചര്യത്തില്‍ പൊതു ഗതാഗതം പരിമിതപ്പെടുത്തുന്നത് ഫലത്തില്‍ അശാസ്ത്രീയവും വിപരീതഫലം സൃഷ്ടിക്കുന്നതുമാണ്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് കൂടുതല്‍ ആളുകള്‍ക്ക് സൗകര്യപൂര്‍വ്വം യാത്ര ചെയ്യാനുള്ള സാഹചര്യമാണ് സര്‍ക്കാര്‍ ഒരുക്കേണ്ടത്.
മിക്ക രാജ്യങ്ങളും ജനങ്ങളിലേക്ക് നേരിട്ട് പണം എത്തിച്ച് നിലവിലെ പ്രതിസന്ധിയെ മറികടക്കാന്‍ ശ്രമിക്കുമ്പോള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ദീര്‍ഘവീക്ഷണമില്ലാത്ത നയങ്ങള്‍ ജനങ്ങളെ കൂടുതല്‍ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടുന്നു. പ്രതിസന്ധിഘട്ടത്തില്‍ സര്‍ക്കാര്‍ ഇരകളെ സൃഷ്ടിക്കുന്നില്ല എന്ന് ഉറപ്പു വരുത്തേണ്ട ബാധ്യത കോണ്‍ഗ്രസിനുണ്ടെന്നും സുധാകരന്‍ പറഞ്ഞു.