ന്യൂനപക്ഷ സംഘടനകളോട് മുഖ്യമന്ത്രി അയിത്തം കൽപ്പിക്കുന്നത് ആർഎസ്എസ് ബന്ധം ശക്തിപ്പെടുത്താൻ: കെ.സുധാകരൻ എംപി
|ആർഎസ്എസിനെക്കാൾ വലിയ ഹൈന്ദവവത്കരണമാണ് സിപിഎമ്മിന്റെ പ്രഖ്യാപിത അജണ്ട. അതിന്റെ ഭാഗമാണ് ഇത്രയും നാൾ നല്ലബന്ധത്തിലായിരുന്ന മുസ്‌ലിം സംഘടനകളെ പൊടുന്നനെ സിപിഎമ്മും മുഖ്യമന്ത്രിയും തള്ളിപ്പറയുന്നതെന്ന് സുധാകരൻ ആരോപിച്ചു.
തിരുവനന്തപുരം: ആർഎസ്എസുമായുള്ള ബന്ധം സിപിഎം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമാണ് ന്യൂനപക്ഷ സംഘടനകളോട് മുഖ്യമന്ത്രി അയിത്തം കൽപ്പിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി. നാലുപതിറ്റാണ്ട് കാലത്തെ സൗഹൃദമുണ്ടായിരുന്ന ജമാഅത്തെ ഇസ്‌ലാമിയേയും 2009ൽ പരസ്യമായി തെരഞ്ഞെടുപ്പ് സഖ്യത്തിലേർപ്പെട്ടിരുന്ന പിഡിപിയേയും പൊടുന്നനെ സിപിഎമ്മും മുഖ്യമന്ത്രിയും തള്ളിപ്പറയുന്നത് സംഘ്പരിവാർ നേതൃത്വത്തെ തൃപ്തിപ്പെടുത്താനാണ്. രാഷ്ട്രീയ ലാഭത്തിന് വേണ്ടി മാത്രം മതനിരപേക്ഷ വാദം ഉയർത്തി പൊയ്മുഖം അണിയുന്ന പ്രസ്ഥാനമാണ് സിപിഎം. മുഖ്യമന്ത്രി തള്ളിപ്പറയുന്ന ജമാഅത്തെ ഇസ്‌ലാമി, എസ്ഡിപി ഐ തുടങ്ങിയവരുമായി വിവിധ തെരഞ്ഞെടുപ്പുകളിൽ തോളോട് തോൾ ചേർന്നാണ് സിപിഎം പ്രവർത്തിച്ചത്. ജമാഅത്തെ ഇസ്‌ലാമിയുടെ ആസ്ഥാനത്ത് പോയി അമീറുമാരെ പിണറായി വിജയൻ സന്ദർശിച്ചിട്ടുണ്ട്. ലോക്സഭാ, നിയമസഭാ, തദ്ദേശ സ്ഥാപനങ്ങളിലേക്ക് ഉൾപ്പെടെയുള്ള തെരഞ്ഞെടുപ്പുകളിൽ സിപിഎമ്മും ജമാഅത്തെ ഇസ്‌ലാമിയും പരസ്പരം സഹകരിച്ചതാണ്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ സിപിഎം അണികളുടെയും അനുഭാവികളുടെയും വോട്ടുകൾ ബിജെപിയിലേക്ക് വ്യാപകമായി പോയയെന്ന ബോധ്യത്തിൽ നിന്നാണ് ഇപ്പോൾ പുതിയ അടവ് നയം സിപിഎം പയറ്റുന്നത്. ജമാഅത്തെ ഇസ്‌ലാമി 1996ൽ എൽഡിഎഫിനെ പിന്തുണച്ചപ്പോൾ അതിലുള്ള ആവേശവും ആഹ്ലാദവും പ്രകടിപ്പിച്ച് ദേശാഭിമാനിയുടെ മുഖപ്രസംഗം വീണ്ടും വായിച്ചാൽ മുഖ്യമന്ത്രിക്ക് മറന്നുപോയ പഴയകാര്യങ്ങൾ ഓർമവരും. ആർഎസ്എസിനെക്കാൾ വലിയ ഹൈന്ദവവത്കരണമാണ് സിപിഎമ്മിന്റെ പ്രഖ്യാപിത അജണ്ട. അതിന്റെ ഭാഗമാണ് ഇത്രയും നാൾ നല്ലബന്ധത്തിലായിരുന്ന മുസ്‌ലിം സംഘടനകളെ പൊടുന്നനെ സിപിഎമ്മും മുഖ്യമന്ത്രിയും തള്ളിപ്പറയുന്നത്. സിപിഎം ഇന്ന് നേരിടുന്ന രാഷ്ട്രീയ പ്രതിസന്ധി മറികടക്കാൻ മതവികാരം ഇളക്കിവിടാനുള്ള ബോധപൂർവ ശ്രമങ്ങളാണ് നടത്തുന്നത്. അതിന്റെ ഭാഗമാണ് മുഖ്യമന്ത്രി മലപ്പുറം ജില്ലയെ കുറിച്ച് നടത്തിയ പരാമർശം.
ഹവാല, സ്വർണക്കടത്ത് എന്നിവയുടെ ഹബ്ബായി മലപ്പുറം ജില്ലയെ ചിത്രീകരിക്കാൻ ശ്രമിച്ചത് മുഖ്യമന്ത്രിയാണ്. അതിന് പിആർ ഏജൻസികളുടെ സഹായവും തേടി. വെള്ളത്തിന് തീപിടിപ്പിക്കുന്ന വിദ്വേഷ സ്വരങ്ങളെ മുഖ്യമന്ത്രി ഒളിപ്പിച്ച് കടത്തുന്നത് സംഘപരിവാറിനെ സംതൃപ്തപ്പെടുത്താനാണ്. ബിജെപിക്ക് ഒപ്പമുള്ള ജെഡിഎസിന്റെ ലേബലിൽ വിജയിച്ച എംഎൽഎയെ മന്ത്രിസഭയിൽ നിലനിർത്തുന്നതും ആർഎസ്എസ് നേതാക്കളുമായി നിരന്തരമായി കൂടിക്കാഴ്ച നടത്തിയ എഡിജിപിയെ സംരക്ഷിക്കുന്നതുമെല്ലാം മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും സംഘ്പരിവാർ നേതൃത്വത്തോടുള്ള മൃദുസമീപനത്തിന്റെ ഭാഗമാണ്. ബിജെപി സഖ്യത്തിലുള്ള അജിത് പവാറിന്റെ എൻസിപിയിലേക്ക് എൽഡിഎഫിലെ രണ്ട് എംഎൽഎമാരെ ചേർക്കാൻ ഇടതുമുന്നണിയിലെ എംഎൽഎ ശതകോടികൾ വാഗ്ദാനം ചെയ്തവിവരം അറിഞ്ഞിട്ടും മുഖ്യമന്ത്രി നടപടി സ്വീകരിക്കാത്തതും സിപിഎമ്മിലെ പുതിയ സംഘ്പരിവാർ സ്വാധീനത്തിന്റെ ഭാഗമാണെന്നും കെ.സുധാകരൻ പറഞ്ഞു.
ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച അഭിമാനകരമായ ഏഴരപ്പതിറ്റാണ്ടിന്റെ ചരിത്രമാണ് മുസ്‌ലിം ലീഗിനുള്ളത്. മതസൗഹാർദവും ഐക്യവും നിലനിർത്തുന്ന പ്രവർത്തന ശൈലിയിലൂടെ സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും രാഷ്ട്രീയ സംസ്‌കാരം സംഭാവന ചെയ്ത പ്രസ്ഥാനമാണ് ലീഗ്. കേരളത്തിന്റെ രാഷ്ട്രീയ സാമൂഹ്യ ചരിത്രത്തിൽ വലിയ മാറ്റത്തിന് നാന്ദി കുറിക്കാൻ ലീഗിന് കഴിഞ്ഞിട്ടുണ്ട്. ലീഗ് എക്കാലവും സ്വീകരിച്ചിട്ടുള്ള മതേതരനിലപാടും മതനിരപേക്ഷതയും സംസ്ഥാനത്തിന്റെ സാമുദായിക സന്തുലിതാവസ്ഥയ്ക്ക് ഗുണകരമായിട്ടുണ്ട്. കേരളത്തിന്റെ സർവതോൻമുഖമായ വികസനത്തിന് ലീഗിന്റെ നേതാക്കൾ നൽകിയ സമർപ്പിതമായ സംഭാവനങ്ങൾ വിസ്മരിക്കാൻ കഴിയാത്തവയാണെന്നും അതിന് മുഖ്യമന്ത്രിയുടെ സർട്ടിഫിക്കറ്റ് വേണ്ടെന്നും കെ.സുധാകരൻ പറഞ്ഞു.