കോൺഗ്രസ് പരാജയപ്പെട്ടാൽ ജീവിക്കാൻ അനുവദിക്കില്ല; പാർട്ടി വിമതർക്ക് ഭീഷണിയുമായി കെ.സുധാകരൻ
|ചേവായൂർ ബാങ്കിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് കെപിസിസി അധ്യക്ഷന്‍റെ ഭീഷണി
കോഴിക്കോട്: കോഴിക്കോട്: കോഴിക്കോട് ചേവായൂർ ബാങ്കിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാർട്ടി വിമതർക്കെതിരെ ഭീഷണിയുമായി കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. കോൺഗ്രസ് പരാജയപ്പെട്ടാൽ വിമത നേതാക്കളെ പ്രദേശത്ത് ജീവിക്കാൻ അനുവദിക്കില്ലെന്നുംഎതിർക്കേണ്ടത് എതിർക്കണം, അടിക്കേണ്ടത് അടിക്കണം കൊടുക്കേണ്ടത് കൊടുക്കണം, അതിനു മാത്രമാണ് വിലയുള്ളൂവെന്നുമായിരുന്നു സുധാകരന്റെ ഭീഷണി.
കണ്ണൂരിലെ സഹകരണ ബാങ്കുകൾ അടിച്ചാണ് പിടിച്ചുച്ചെടുത്തതെന്നും കെ.സുധാകരൻ പറഞ്ഞു. ഇന്നലെ വൈകിട്ട് ചേർന്ന തെരഞ്ഞെടുപ്പ് കൺവെൻഷനിലായിരുന്നു സുധാകരന്‍റെ ഈ ഭീഷണി. നവംബർ 16 നാണ് ബാങ്ക് തെരഞ്ഞെടുപ്പ്.
കോൺഗ്രസ് ഭരിക്കുന്ന ബാങ്ക് ആയിട്ടും സിപിഎം-ബിജെപി പ്രവർത്തകർക്കാണ് ഇവിടെ ജോലി കൊടുക്കുന്നത്. അതിനായി കാശ് വാങ്ങുന്നുണ്ട്. കോൺഗ്രസിനെ തകർക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. കോൺഗ്രസ് ഭരിക്കുന്ന ബാങ്കുകളെ തകർക്കാനുള്ള ബോധപൂർവമായി ശ്രമവും നടക്കുന്നുണ്ട്. സുധാകരൻ പറഞ്ഞു.
സുധാകരന്റെ ഭീഷണി പ്രസ്താവനക്കെതിരെ ബാങ്ക് പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ പരാതിയുമായി മുന്നോട്ട് പോകുമെന്നാണ് അറിയാൻ കഴിയുന്നത്. അതേസമയം സുധാകരൻ പറഞ്ഞത് പാർട്ടി വികാരമാണെന്നായിരുന്നു ഡിസിസി പ്രസിഡൻറ് കെ. പ്രവീൺ കുമാറിൻറെ പ്രതികരണം.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്താണ് ബാങ്കുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ആരംഭിക്കുന്നത്. ബാങ്കിന്റെ പ്രസിഡന്റ് അടക്കമുള്ള പ്രവ ർത്തകർ പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയെന്നാരോപിച്ച് ഇവരെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയിരുന്നു. ഇതിനു ശേഷം ബാങ്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തെങ്കിലും പാർട്ടി വിമതരാണ് ഇപ്പോഴും ഭരണ തലപ്പത്ത് ഇരിക്കുന്നത്.