മനുഷ്യക്കടത്ത് നടത്തിയ ഷിജുഖാനെ ഉടന്‍ അറസ്റ്റ് ചെയ്യണം: കെ.സുധാകരന്
|'ദത്തുമായി ബന്ധപ്പെട്ട നിബന്ധനകൾ കാറ്റിൽ പറത്തി കൃത്രിമ രേഖകളുണ്ടാക്കി അനുപമയുടെ കുഞ്ഞിനെ നാടു കടത്തിയത് സംസ്ഥാനത്തെ ഭരണവര്‍ഗമാണ്'
ദത്ത് വിവാദത്തില്‍ മനുഷ്യക്കടത്തിന് കൂട്ടു നിന്ന ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജു ഖാനെതിരെ കേസ് ചുമത്തി അറസ്റ്റ് ചെയ്യണമെന്ന് കെ.പി.സി.സി പ്രസിഡണ്ട് കെ.സുധാകരന് അഴിമതിയും, സ്വജന പക്ഷപാതവും കൈമുതലാക്കിയ സംസ്ഥാനത്തെ ഭരണസംവിധാനമാണ് അനുപമയെ ഈ ഗതിയിലെത്തിച്ചതെന്ന് കെ.സുധാകരന് ഫെയ്സ് ബുക്ക് കുറിപ്പില്‍ പറഞ്ഞു. ദത്തുമായി ബന്ധപ്പെട്ട നിബന്ധനകൾ കാറ്റിൽ പറത്തി കൃത്രിമ രേഖകളുണ്ടാക്കി അനുപമയുടെ കുഞ്ഞിനെ നാടു കടത്തിയത് സംസ്ഥാനത്തെ ഭരണവര്‍ഗമാണെന്നും മറ്റൊരു കുഞ്ഞിനെ ലഭിക്കുമായിരുന്ന ആന്ധ്രാ ദമ്പതികൾക്ക് ആ അവസരം ഇല്ലാതാക്കിയത് അവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാർട്ടിയുടെ ഉന്നത നേതാവായിരുന്ന വ്യക്തിയുടെ കുടുംബ മഹിമ സംരക്ഷിക്കുന്നതിനു വേണ്ടി ഏറ്റവും അധാർമികമായ പ്രവർത്തികൾ ഏറ്റെടുത്തു നടപ്പിലാക്കിയത് ശിശുക്ഷേമ സമിതിയും അതിന്റെ തലപ്പത്തിരിക്കുന്ന ഷിജുഖാനുമാണ്.കുഞ്ഞിനുവേണ്ടി ശ്രീമതി ടീച്ചറുൾപ്പെടെയുള്ള നേതാക്കളെ വളരെ മുമ്പേ തന്നെ കണ്ട് ആവശ്യപ്പെട്ടിട്ടും ദത്തു നടപടികളുമായി മുന്നോട്ടു പോവുകയാണ് ഈ ക്രിമിനൽ സംഘങ്ങൾ ചെയ്തത്. മനുഷ്യക്കടത്തെന്ന ഏറ്റവും ഗുരുതരമായ കുറ്റകൃത്യമാണ് നടന്നിരിക്കുന്നത്. അദ്ദേഹം പറഞ്ഞു
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം
ജന്മം നൽകിയ കുഞ്ഞിനെ തിരികെ ലഭിക്കുന്നതിനുവേണ്ടി വലിയൊരു പോരാട്ടം തന്നെ നടത്തേണ്ടിവന്നു അമ്മയായ അനുപമയ്ക്ക്. രാജ്യത്തെ നിയമ വ്യവസ്ഥയിൽ വിശ്വസിച്ചുകൊണ്ട് നിയമാനുസൃതമായി കുഞ്ഞിനെ ദത്തെടുത്ത ആന്ധ്രയിലെ ദമ്പതികൾക്ക് തങ്ങൾ വളർത്തിയ കുഞ്ഞിനെയും നഷ്ടമായി.
ഇതിനെല്ലാം ആരാണ് ഉത്തരവാദി?
ഒറ്റ ഉത്തരമേയുള്ളൂ, അഴിമതിയും, സ്വജന പക്ഷപാതവും കൊടികുത്തി വാഴുന്ന സംസ്ഥാനത്തെ ഭരണസംവിധാനം. അവരാണ് കൃത്രിമ രേഖകളുണ്ടാക്കി, ദത്തുമായി ബന്ധപ്പെട്ട നിബന്ധനകൾ കാറ്റിൽ പറത്തി അനുപമയുടെ കുഞ്ഞിനെ നാടു കടത്തിയത്. മറ്റൊരു കുഞ്ഞിനെ ലഭിക്കുമായിരുന്ന ആന്ധ്രാ ദമ്പതികൾക്ക് ആ അവസരം ഇല്ലാതാക്കിയതും ഈ നെറി കെട്ട ഭരണവർഗമാണ്. ആൺകുഞ്ഞു പെൺകുട്ടി ആയതിൽ തുടങ്ങി നിരവധി ക്രമക്കേടുകളാണ് ശിശു ക്ഷേമ സമിതി ഇക്കാര്യത്തിൽ നടത്തിയിട്ടുള്ളത്.
പാർട്ടിയുടെ ഉന്നത നേതാവായിരുന്ന വ്യക്തിയുടെ 'കുടുംബ മഹിമ' സംരക്ഷിക്കുന്നതിനു വേണ്ടി ഏറ്റവും അധാർമികമായ പ്രവർത്തികൾ ഏറ്റെടുത്തു നടപ്പിലാക്കിയത് ശിശുക്ഷേമ സമിതിയും അതിന്റെ തലപ്പത്തിരിക്കുന്ന ഷിജുഖാനുമാണ്.കുഞ്ഞിനുവേണ്ടി ശ്രീമതി ടീച്ചറുൾപ്പെടെയുള്ള നേതാക്കളെ വളരെ മുമ്പേ തന്നെ കണ്ട് ആവശ്യപ്പെട്ടിട്ടും ദത്തു നടപടികളുമായി മുന്നോട്ടു പോവുകയാണ് ഈ ക്രിമിനൽ സംഘങ്ങൾ ചെയ്തത്. മനുഷ്യക്കടത്തെന്ന ഏറ്റവും ഗുരുതരമായ കുറ്റകൃത്യമാണ് നടന്നിരിക്കുന്നത്.
പാർട്ടിയുടെ സജീവ പ്രവർത്തകയായിരുന്ന അനുപമയ്ക്കെതിരെ ഇന്ന് പാർട്ടി നടത്തുന്ന സൈബർ അധിക്ഷേപങ്ങൾ ഏറ്റവും ഹീനമായ രീതിയിലുള്ളതാണ്, പുരോഗമന പ്രസ്ഥാനമെന്ന് സ്വയം വിശേഷിപ്പിക്കുകയും ഒപ്പം സദാചാര പോലീസിംഗ് നടത്തുകയും ചെയ്യുന്ന വൃത്തികെട്ട രാഷ്ട്രീയം സിപിഎം അവസാനിപ്പിക്കണം.ഒരുകാലത്ത് കൂടെ നിന്നവരെപോലും സിപിഎം എങ്ങനെയാണ് കൈകാര്യം ചെയ്യുന്നതെന്ന് പൊതുസമൂഹം വിലയിരുത്തണം.
അമ്മമാരുടെ കണ്ണീര് സിപിഎമ്മിന് പുത്തരിയല്ല. അതു കൊണ്ട് തന്നെ ഒരു കുഞ്ഞിൻ്റെ പേരിൽ ഹൃദയം തകർന്ന രണ്ടമ്മമാരുടെ മനോവികാരം സിപിഎമ്മിനോ അണികൾക്കോ മനസ്സിലാകില്ല. ഇതിനു മുമ്പും ശിശുക്ഷേമ സമിതിയിൽ ഇതുപോലുള്ള നിയമവിരുദ്ധ സംഭവങ്ങൾ നടന്നിട്ടുണ്ടോ എന്നതിൽ സമഗ്രമായ അന്വേഷണം ആവശ്യമാണ്. കുട്ടിക്കടത്തുകാരെ മുഴുവൻ നിയമത്തിനു മുന്നിൽ കൊണ്ടു വരണം.
ഈ അധോലോകത്തിന്റെ തലവനായ ഷിജു ഖാനെതിരെ കേസ് എടുക്കാനും, അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കാനും കോൺഗ്രസ് ശക്തമായി ആവശ്യപ്പെടുന്നു.
K. Sudhakaran wants immediate arrest of Shijukhan for human trafficking