Kerala
കേരള രാഷ്ട്രീയത്തിലെ അശ്ലീലത്തെ തിരുത്താൻ ഞങ്ങൾക്കീ Fantastic 41  ധാരാളമാണ്- കെ. സുധാകരൻ
Kerala

'കേരള രാഷ്ട്രീയത്തിലെ അശ്ലീലത്തെ തിരുത്താൻ ഞങ്ങൾക്കീ 'Fantastic 41 ' ധാരാളമാണ്'- കെ. സുധാകരൻ

Web Desk
|
20 July 2022 10:14 AM GMT

സ്വയം തിരുത്തിയതല്ലെങ്കിലും പരാമർശം പിൻവലിച്ചതിനെ കോൺഗ്രസ് സ്വാഗതം ചെയ്യുന്നു..

കെ.കെ രമയെ അധിക്ഷേപിച്ച് നിയമസഭയിൽ എം.എം മണി നടത്തിയ പരാമർശം പിൻവലിച്ചത് കോൺഗ്രസ് സ്വാഗതം ചെയ്യുന്നെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ.

സ്വയം തിരുത്തിയതല്ലെങ്കിലും പരാമർശം പിൻവലിച്ചതിനെ കോൺഗ്രസ് സ്വാഗതം ചെയ്യുന്നതായും മണിയെ ന്യായീകരിച്ച മുഖ്യമന്ത്രിയും നിരുപാധികം ഖേദം പ്രകടിപ്പിക്കാൻ തയാറകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നിയമസഭയിലെ 41 എംഎൽഎമാരെ 'ഫണ്ടാസ്റ്റിക്ക് 41' എന്ന് അഭിസംബോധന ചെയ്ത അദ്ദേഹം ' കേരള രാഷ്ട്രീയത്തിലെ അശ്ലീലത്തെ തിരുത്താൻ ഞങ്ങൾക്കീ 'Fantastic 41 ' ധാരാളമാണ്'- എന്നും കൂട്ടിച്ചേർത്തു.

നിയമസഭയിൽ കെ.കെ.രമയ്‌ക്കെതിരെ നടത്തിയ അധിക്ഷേപ പരാമർശങ്ങൾ മുൻമന്ത്രി മണി പിൻവലിച്ചത് പ്രതിപക്ഷത്തിന്റെ വിജയമാണെന്ന അദ്ദേഹം പറഞ്ഞു. ഒരിക്കലും തിരുത്തില്ല എന്ന ധാർഷ്ട്യത്തോടെ സ്വന്തം പരാമർശത്തെ ന്യായീകരിച്ച് നടന്ന എം എം മണിയുടെ വിവരക്കേടിനെയാണ് പ്രതിപക്ഷം ജനാധിപത്യ രീതിയിൽ മുട്ടുകുത്തിച്ചതെന്നും കെ. സുധാകരൻ പറഞ്ഞു.

'ജനദ്രോഹ സമീപനങ്ങളുമായി മുന്നോട്ട് നീങ്ങിയാൽ സകല കാര്യങ്ങളിലും പിണറായി വിജയനും സംഘവും ഇതുപോലെ 'U- Turn ' അടിക്കേണ്ടി വരുമെന്ന് ഓർമപ്പെടുത്തുന്നു.'- കെ. സുധാകരൻ കൂട്ടിച്ചേർത്തു.

നേരത്തെ കെ.കെ രമയെ അധിക്ഷേപിച്ച് നിയമസഭയിൽ എം.എം മണി നടത്തിയ പരാമർശത്തിൽ സ്പീക്കർ എം.ബി രാജേഷിൻറെ റൂളിങ് പുറത്തിറക്കിയിരുന്നു. എം.എം മണിയുടെ പരാമർശത്തിൽ തെറ്റായ ആശയം അന്തർലീനമായിട്ടുണ്ട്. മണി പരാമർശം പിൻവലിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സ്പീക്കർ പറഞ്ഞു. പിന്നാലെ വിധി എന്ന പരാമർശം പിൻവലിക്കുന്നുവെന്ന് എം.എം മണി പറഞ്ഞു.

'ആ മഹതി വിധവയായിപ്പോയി, അത് അവരുടെ വിധി' എന്നാണ് എം.എം മണി കെ.കെ രമയെ കുറിച്ച് നേരത്തെ സഭയിൽ പറഞ്ഞത്. കമ്മ്യൂണിസ്റ്റായ താൻ അതവരുടെ വിധി എന്ന് പറയാൻ പാടില്ലായിരുന്നുവെന്നാണ് എം.എം മണി ഇന്ന് സഭയിൽ പറഞ്ഞത്.

സ്പീക്കറുടെ റൂളിങ്

2022 ജൂലൈ 14-ാം തിയ്യതി ധനാഭ്യർത്ഥന ചർച്ചയിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കവേ ബഹുമാനപ്പെട്ട അംഗം ശ്രീ. എം.എം. മണി നടത്തിയ ഒരു പരാമർശവും അത് സംബന്ധിച്ച് സഭയിൽ ഉണ്ടായ നിർഭാഗ്യകരമായ ചില സംഭവങ്ങളും സംബന്ധിച്ച് ഏതാനും ചില കാര്യങ്ങൾ സഭയുടെ ശ്രദ്ധയിൽപ്പെടുത്തുവാൻ ചെയർ ആഗ്രഹിക്കുകയാണ്.

ബഹുമാനപ്പെട്ട വനിതാ അംഗം ശ്രീമതി കെ.കെ രമയുടെ പ്രസംഗത്തെ മുൻനിർത്തി തുടർന്ന് സംസാരിച്ച ശ്രീ. എം.എം മണി നടത്തിയ പരാമർശം ആക്ഷേപകരമായതിനാൽ അത് ചട്ടം 307 പ്രകാരം സഭാ നടപടികളിൽനിന്നും നീക്കം ചെയ്യേണ്ടതാണെന്ന് ബഹുമാനപ്പെട്ട അംഗം ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ അപ്പോൾത്തന്നെ ഒരു ക്രമപ്രശ്‌നത്തിലൂടെ ചെയറിനോട് ആവശ്യപ്പെടുകയുണ്ടായി. ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവും ശ്രീ രമേശ് ചെന്നിത്തലയും സമാനമായ ആവശ്യം ഉന്നയിച്ചിരുന്നു. ഇക്കാര്യം പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കാമെന്ന് ചെയർ സഭയെ അറിയിക്കുകയും ചെയ്തിരുന്നു. സമാനമായ സന്ദർഭങ്ങളിൽ നമ്മുടെ സഭയിൽ സ്വീകരിച്ചു വരുന്ന നടപടിക്രമം രണ്ടു സമീപകാല ഉദാഹരണങ്ങൾ സഹിതം തൊട്ടടുത്ത ദിവസമായ ജൂലായ് 15 നുതന്നെ ചെയർ സഭയിൽ വ്യക്തമാക്കുകയും പ്രത്യക്ഷത്തിൽ അൺപാർലിമെന്ററിയല്ലാത്തതും എന്നാൽ എതിർപ്പുള്ളതുമായ പരാമർശങ്ങളിൽ സഭാ രേഖകൾ വിശദമായി പരിശോധിച്ച് പിന്നീട് തീർപ്പുകല്പിക്കലാണ് രീതിയെന്ന് അറിയിക്കുകയും ചെയ്തിരുന്നു.

നമ്മുടെ സഭയിൽ ഉപയോഗിക്കാൻ പാടില്ലാത്തത് എന്ന് പൊതുവിൽ അംഗീകരിച്ചിട്ടുള്ള ചില വാക്കുകളുണ്ട്. അൺപാർലിമെന്ററിയായ അത്തരം വാക്കുകൾ ഉപയോഗിച്ചില്ലെങ്കിലും ചില പരാമർശങ്ങൾ അനുചിതവും അസ്വീകാര്യവുമാകാം. മുമ്പ് സാധാരണമായി ഉപയോഗിച്ചിരുന്ന ചില വാക്കുകളും പ്രയോഗങ്ങളും തന്നെ ഇന്നത്തെ കാലത്ത് ഉപയോഗിക്കാൻ പാടില്ലാത്തവയായി കണക്കാക്കുന്നുണ്ട്.

വാക്കുകളുടെ വേരും അർത്ഥവും അതിന്റെ സാമൂഹിക സാഹചര്യത്തിലാണ്. ഒരേ വാക്കിനു തന്നെ എല്ലാ സാമൂഹിക സാഹചര്യങ്ങളിലും ഒരേ അർത്ഥമാവണമെന്നില്ല. വാക്കുകൾ അതതു കാലത്തിന്റെ മൂല്യബോധത്തെയാണ് പ്രതിനിധീകരിക്കുന്നത്. ഫ്യൂഡൽ മൂല്യബോധത്തെ പ്രതിനിധീകരിക്കുന്ന വാക്കുകളും പ്രയോഗങ്ങളും ആധുനിക ജനാധിപത്യ ലോകത്തിന്റെ മൂല്യബോധത്തിന് വിരുദ്ധമായിരിക്കും. അതുകൊണ്ടാണ് നേരത്തെ സാർവത്രികമായി ഉപയോഗിച്ചിരുന്ന പഴഞ്ചൊല്ലുകൾ, തമാശകൾ, പ്രാദേശിക വാങ്‌മൊഴികൾ എന്നിവ പലതും ഇന്ന് കാലഹരണപ്പെട്ടതും ഉപയോഗിച്ചു കൂടാത്തതുമാകുന്നത്.

മനുഷ്യരുടെ നിറം, ശാരീരിക പ്രത്യേകതകൾ, പരിമിതികൾ, ചെയ്യുന്ന തൊഴിൽ, കുടുംബപശ്ചാത്തലം, ജാതി, മതം, ലിംഗപരമായ സവിശേഷതകൾ, ജീവിതാവസ്ഥകൾ എന്നിവയെ മുൻനിർത്തിയുള്ള പരിഹാസ പരാമർശങ്ങൾ, ആണത്തഘോഷണങ്ങൾ എന്നിവയെല്ലാം ആധുനിക ലോകത്ത് അപരിഷ്‌കൃതമായിട്ടാണ് കണക്കാക്കപ്പെടുന്നത്. അവയെല്ലാം സാമൂഹിക വളർച്ചയ്ക്കും ജനാധിപത്യ ബോധത്തിന്റെ വികാസത്തിനുമനുസരിച്ച് ഉപേക്ഷിക്കപ്പെടേണ്ടവയാണ് എന്ന ഒരു അവബോധം സമൂഹത്തിലാകെ വളർന്നു വരുന്നുണ്ട്. സ്ത്രീകൾ, ട്രാൻസ്ജെന്ററുകൾ, അംഗപരിമിതർ, കാഴ്ചപരിമിതർ, പാർശ്വവൽകൃത ജനവിഭാഗങ്ങൾ എന്നിവരെക്കുറിച്ച് പരാമർശിക്കുമ്പോൾ പ്രത്യേകിച്ചും ഈ പരിഗണന പ്രധാനമാണ്.

എന്നാൽ ജനപ്രതിനിധികളിൽ പലർക്കും ഈ മാറ്റം വേണ്ടത്ര മനസ്സിലാക്കാനായിട്ടില്ല. ഇക്കാര്യങ്ങളെല്ലാം മുമ്പില്ലാത്തവിധം സാമൂഹിക ഓഡിറ്റിങ്ങിന് ഇന്ന് വിധേയമാകുന്നുണ്ട് എന്നും എല്ലാവരും ഓർക്കേണ്ടതാണ്. നമ്മുടെ സഭയ്ക്ക് ഇക്കാര്യത്തിൽ കാലത്തിന്റെ മാറ്റം ഉൾക്കൊള്ളാനാവണം. വാക്കുകൾ വിലക്കാനും നിരോധിക്കാനുമുളള ചെയറിന്റെ അധികാരം പ്രയോഗിച്ച് അടിച്ചേല്പിക്കേണ്ടതാണ് ആ മാറ്റം എന്ന് കരുതുന്നില്ല. സ്വയം തിരുത്തലുകളും നവീകരണവും അംഗങ്ങളുടെ ഭാഗത്തുനിന്ന് നിരന്തരമായി ഉണ്ടാവുകയാണ് വേണ്ടത്.

മുകളിൽ പറഞ്ഞ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിൽ വീക്ഷിക്കുമ്പോൾ ശ്രീ. എം.എം. മണിയുടെ പ്രസംഗത്തിൽ തെറ്റായ ഒരു ആശയം അന്തർലീനമായിട്ടുണ്ട് എന്നുതന്നെയാണ് ചെയറിന്റെ അഭിപ്രായം. അത് പുരോഗമനപരമായ മൂല്യബോധവുമായി ചേർന്നു പോകുന്നതല്ല. ചെയർ നേരത്തേ വ്യക്തമാക്കിയതുപോലെ പ്രത്യക്ഷത്തിൽ അൺപാർലിമെന്ററിയായ പരാമർശങ്ങൾ ചെയർ നേരിട്ട് നീക്കം ചെയ്യുന്നതും അല്ലാത്തവ അംഗം സ്വമേധയാ പിൻവലിക്കുകയും ചെയ്യുക എന്നതുമാണ് നമ്മുടെ നടപടിക്രമം. ഏതാനും ദിവസം മുമ്പ് നമ്മുടെ സഭയിൽത്തന്നെ ശ്രീ. എം. വിൻസെന്റ് നടത്തിയ ഒരു ഉപമയെ സംബന്ധിച്ച് ശ്രീമതി കാനത്തിൽ ജമീല ക്രമപ്രശ്‌നം ഉന്നയിച്ചതിനെ തുടർന്ന്

ശ്രീ. വിൻസെന്റ് സ്വയം അതു പിൻവലിച്ച അനുഭവമുണ്ട്. ശ്രീ. എം.എം. മണിയും ചെയറിന്റെ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ അനുചിതമായ പ്രയോഗം പിൻവലിക്കുമെന്ന് ചെയർ പ്രതീക്ഷിക്കുന്നു.

ഒരു കാര്യം കൂടി ഇതുമായി ബന്ധപ്പെട്ട് പരാമർശിക്കേണ്ടിയിരിക്കുന്നു. ജൂലായ് 15 ന് ഈ പ്രശ്‌നം ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് ഉന്നയിച്ച സന്ദർഭത്തിൽ ചെയർ നടപടിക്രമങ്ങൾ വ്യക്തമാക്കുകയും പ്രശ്‌നം പരിശോധിക്കുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് ചെയറിന്റെ വിശദീകരണം അംഗീകരിക്കുകയും ചെയ്തതാണ്. അതിനു ശേഷം മറ്റൊരു മുതിർന്ന അംഗം പുറത്തിറങ്ങി മാധ്യമങ്ങളോട് പ്രത്യേകിച്ച് പ്രകോപനമൊന്നുമില്ലാതെ ചെയറിനെ സംബന്ധിച്ച് അങ്ങേയറ്റം ദുസ്സൂചനയോടെ ചില പരാമർശങ്ങൾ നടത്തിയത് മാധ്യമങ്ങളിൽ കാണുകയുണ്ടായി.

ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് സഭയിൽ പറഞ്ഞതിന് വിരുദ്ധമായി പ്രതിപക്ഷത്തെ ഈ മുതിർന്ന അംഗം ചെയറിനെതിരെ പറഞ്ഞതിന്റെ ചേതോവികാരം അജ്ഞാതമാണ്. സൗമ്യനും മിതഭാഷിയുമെന്ന് കരുതപ്പെടുന്ന അദ്ദേഹം സഭയ്ക്കു പുറത്ത് ചെയറിനെ സംബന്ധിച്ച് നടത്തിയ പരാമർശങ്ങൾ ഉചിതമായോ എന്ന് ശാന്തമായി സ്വയം വിലയിരുത്തട്ടെ എന്നു മാത്രമേ അഭിപ്രായപ്പെടുന്നുള്ളൂ.

അതോടൊപ്പം ജൂലായ് 14 ന് ശ്രീ. എം.എം. മണിയുടെ പ്രസ്താവനയിൽ പ്രതിഷേധിക്കുന്ന വേളയിൽ ചില അംഗങ്ങൾ സഭയുടെ അന്തസ്സിന് ചേരാത്ത മുദ്രാവാക്യങ്ങൾ വിളിച്ചതും ഡയസ്സിലേക്കു തള്ളിക്കയറാൻ ശ്രമിച്ചതും തികച്ചും ദൗർഭാഗ്യകരമായിപ്പോയി എന്നുകൂടി ഈ സന്ദർഭത്തിൽ ചൂണ്ടിക്കാണിക്കട്ടെ.

വാക്കിലും പ്രവൃത്തിയിലും പെരുമാറ്റത്തിലും സഭയുടെ അന്തസ്സും ഉന്നത മൂല്യങ്ങളും ഉയർത്തിപ്പിടിക്കാൻ എല്ലാ ബഹുമാന്യ അംഗങ്ങളും ജാഗ്രത പുലർത്തണമെന്ന് ചെയർ ഒരിക്കൽക്കൂടി ഓർമ്മിപ്പിക്കുന്നു.

Similar Posts