പുരാവസ്തു തട്ടിപ്പ് കേസ്; കെ സുധാകരൻ നാളെ ക്രൈംബ്രാഞ്ചിന് മുമ്പാകെ ഹാജരാകില്ല
|കേസിന്റെ രേഖകൾ ആവശ്യപ്പെട്ട് നിയമനടപടി സ്വീകരിക്കും
കൊച്ചി: മോൻസൻ മാവുങ്കൽ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസിൽ രണ്ടാം പ്രതിയായ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ നാളെ ക്രൈംബ്രാഞ്ചിന് മുമ്പാകെ ഹാജരാകില്ല. കേസിന്റെ രേഖകൾ ആവശ്യപ്പെട്ട് സുധാകരൻ നിയമനടപടി സ്വീകരിക്കും. ബുധനാഴ്ച ചോദ്യം ചെയ്യലിന് കളമശേരി ഓഫീസിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് ക്രൈംബ്രാഞ്ച് സംഘം സുധാകരന് നോട്ടീസ് നൽകിയത്.
വ്യാജരേഖ ചമയ്ക്കൽ, വഞ്ചനാ കുറ്റം അടക്കമുള്ള ഗുരുതര വകുപ്പുകൾ ആണ് ക്രൈംബ്രാഞ്ച് സുധാകരനെതിരെ ചുമത്തിയിട്ടുള്ളത്. സുധാകരനെ പ്രതി ചേർത്ത് ക്രൈംബ്രാഞ്ച് സംഘം കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്. എറണാകുളം അഡീഷനൽ സിജെഎം കോടതിയിലാണ് റിപ്പോർട്ട് നൽകിയത്.
മോൻസനുമായി കെ. സുധാകരൻ സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയത്. 25 ലക്ഷം രൂപയിൽ 10 ലക്ഷം കെ. സുധാകരൻ കൈപ്പറ്റിയെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. ഇതിന്റെ തെളിവുകളും സാക്ഷിമൊഴികളും ലഭിച്ചിട്ടുണ്ടെന്നും അന്വേഷണസംഘം പറയുന്നു.