Kerala
കെ. സുധാകരന്റെ വിശ്വസ്തന്‍ എബിനെ ക്രൈംബ്രാഞ്ച് ഉടൻ ചോദ്യംചെയ്യും
Kerala

കെ. സുധാകരന്റെ വിശ്വസ്തന്‍ എബിനെ ക്രൈംബ്രാഞ്ച് ഉടൻ ചോദ്യംചെയ്യും

Web Desk
|
24 Jun 2023 1:44 AM GMT

എബിൻ പലപ്പോഴായി മോൺസനിൽനിന്ന് പണം വാങ്ങിയിട്ടുണ്ടെന്നും ഇത് സുധാകരന് വേണ്ടിയാണെന്നും പരാതിക്കാർ ആരോപിച്ചിരുന്നു

കൊച്ചി: പുരാവസ്തു തട്ടിപ്പിലെ സാമ്പത്തിക ഇടപാടിൽ കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍റെ വിശ്വസ്തനായിരുന്ന എബിന്‍ എബ്രഹാമിനെ ക്രൈംബ്രാഞ്ച് ഉടൻ ചോദ്യംചെയ്യും. സുധാകരനെ കേസിൽനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന പരാതിയിലാണ് പുതിയ നീക്കം.

മോൺസനുമായി നടത്തിയ സാമ്പത്തിക ഇടപാടുകൾ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരുത്തുന്നതിനാണ് ചോദ്യംചെയ്യൽ. എബിൻ പലപ്പോഴായി മോൺസനിൽനിന്ന് പണം വാങ്ങിയിട്ടുണ്ടെന്നും ഇത് സുധാകരന് വേണ്ടിയാണെന്നും പരാതിക്കാർ ആരോപിച്ചിരുന്നു. സാമ്പത്തിക ഇടപാട് സംബന്ധിച്ച ബാങ്ക് സ്റ്റേറ്റ്‍മെന്‍റുകള്‍ പരാതിക്കാർ അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. എബിന്‍റെ ചോദ്യംചെയ്യലിന് ശേഷമാകും സുധാകരനെ വീണ്ടും വിളിച്ചുവരുത്തി ചോദ്യംചെയ്യുന്ന കാര്യത്തിൽ ക്രൈംബ്രാഞ്ച് തീരുമാനമെടുക്കുക.

അതിനിടെ, സുധാകരന്‍റെ അറസ്റ്റില്‍ സംസ്ഥാനവ്യാപകമായി പ്രതിഷേധം ശക്തമാക്കാനൊരുങ്ങുകയാണ് കോണ്‍ഗ്രസ്. സെക്രട്ടേറിയേറ്റിന് മുന്നിലും ജില്ലാകേന്ദ്രങ്ങളിലും ഗ്രാമപ്രദേശങ്ങളിലും ഇന്നലെ രാത്രി പ്രതിഷേധ പ്രകടനം നടന്നു. കോഴിക്കോട്, എറണാകുളം, കൊല്ലം, വയനാട് ജില്ലകളില്‍ പ്രവർത്തകർ റോഡ് ഉപരോധിച്ചു. ഇന്ന് കോൺഗ്രസ് കരിദിനം ആചരിക്കും.

കെ.പി.സി.സി പ്രസിഡന്റിനെ അറസ്റ്റ് ചെയ്തത് രാഷ്ട്രീയനീക്കമാണെന്നാരോപിച്ചാണ് സംസ്ഥാനവ്യാപകമായി കോണ്‍ഗ്രസ് പ്രവർത്തകർ തെരുവിലിറങ്ങിയത്. മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരായ മുദ്രാവാക്യം പ്രതിഷേധങ്ങളിലുടനീളം ഉയർന്നു. സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തിയ തിരുവനന്തപുരം നഗരത്തിലെ കോണ്‍ഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയുടെ കോലവും കത്തിച്ചു.

Summary: KPCC president K. Sudhakaran's confidant Ebin Abraham will be questioned by the crime branch soon in In financial transactions in antiquities fraud of monson mavunkal case

Similar Posts