'ഒന്നാം വിക്കറ്റ് വീണു; ഇനി ക്യാപ്റ്റന്റെയും വിക്കറ്റ് പോകും'- കെ. സുധാകരൻ
|എംഎൽഎ സ്ഥാനവും രാജിവെക്കും വരെ കോൺഗ്രസ് പ്രതിഷേധം തുടരുമെന്നും അദ്ദേഹം അറിയിച്ചു.
സജി ചെറിയാന്റെ രാജി നന്നായെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. എന്നാൽ അദ്ദേഹം വീണ്ടും പ്രസംഗം ന്യായീകരിക്കുന്നുണ്ടെന്നും അദ്ദേഹത്തിന് കുറ്റബോധമില്ലെന്നും സുധാകരൻ പറഞ്ഞു. എം.എൽ.എ സ്ഥാനവും സജി ചെറിയാൻ രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എംഎൽഎ സ്ഥാനവും രാജിവെക്കും വരെ കോൺഗ്രസ് പ്രതിഷേധം തുടരുമെന്നും അദ്ദേഹം അറിയിച്ചു.
രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വിക്കറ്റ് വീണുവെന്നും രണ്ടാം വിക്കറ്റ് ഉടൻ വീഴുമെന്നും കെ. സുധാകരൻ പറഞ്ഞു. ക്യാപ്റ്റന്റെയും വിക്കറ്റ് പോകുമെന്ന് അദ്ദേഹം പറഞ്ഞു. ഇതുകൊണ്ടൊന്നും സ്വർണക്കടത്തിൽ നിന്ന് ശ്രദ്ധ തിരിക്കാൻ പറ്റില്ലെന്നും കെ. സുധാകരൻ വ്യക്തമാക്കി. മനസാക്ഷിയുടെ തീരുമാനമാകണം രാജിയെന്നും സിപിഎമ്മിന്റെ അഹങ്കാരത്തിനേറ്റ തിരിച്ചടിയാണ് ഈ രാജിയെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
രാജിവെക്കാൻ സിപിഎം നിർദേശം നൽകിയിതിന് പിന്നാലെയായിരുന്നു സജി ചെറിയാന്റെ രാജി. രാജി സ്വതന്ത്ര തീരുമാനമാണ്. ഭരണഘടനാ മൂല്യങ്ങൾ ശാക്തീകരിക്കണമെന്നാണ് തന്റെ നിലപാട്. ഭരണഘടനാ വെല്ലുവിളികളെ പ്രതിരോധിക്കുന്ന പ്രസ്ഥാനമാണ് തന്റേതെന്നും രാജിക്കാര്യം അറിയിക്കാൻ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ സജി ചെറിയാൻ പറഞ്ഞു.
സജി ചെറിയാന്റെ രാജിക്കാര്യത്തിൽ സംസ്ഥാന നേതൃത്വം ഉചിതമായ നടപടി സ്വീകരിക്കുമെന്ന് സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം ഈ വിഷയവുമായി ബന്ധപ്പെട്ട് താൻ ഒരിക്കലും രാജിവെക്കില്ലെന്നാണ് സജി ചെറിയാൻ നേരത്തെ പറഞ്ഞിരുന്നത്. എകെജി സെന്ററിൽ നടന്ന സിപിഎം സെക്രട്ടേറിയേറ്റ് യോഗത്തിനു ശേഷമായിരുന്നു സജി ചെറിയാന്റെ പ്രതികരണം. 'എന്തിന് രാജി വെക്കണം? ഇന്നലെ എല്ലാം പറഞ്ഞതല്ലേ.. ബാക്കി പറയേണ്ടവർ പറയും'- സജി ചെറിയാൻ പറഞ്ഞു.
രാജ്യത്തെ ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയ മനോഹരമായ ഭരണഘടനയാണ് ഇന്ത്യയുടേതെന്നായിരുന്നു സജി ചെറിയാന്റെ പരാമർശം. ആര് പ്രസംഗിച്ചാലും ഇന്ത്യൻ ഭരണഘടന മികച്ചതാണെന്ന് ഞാൻ സമ്മതിക്കില്ല. മതേതരത്വം, ജനാധിപത്യം എന്നിവ എഴുതിവച്ചിട്ടാല്ലാതെ മറ്റൊന്നും ഭരണഘടനയിലില്ല. ബ്രിട്ടീഷുകാർ പറയുന്നതിനനുസരിച്ച് ചിലർ എഴുതിയതാണ് ഇന്ത്യൻ ഭരണഘടന- ഇങ്ങനെ പോകുന്നു സജി ചെറിയാന്റെ വാക്കുകൾ. ഞായറാഴ്ച പത്തനംതിട്ട മല്ലപ്പള്ളിയിൽ നടന്ന സി.പി.എം പരിപാടിയിലായിരുന്നു മന്ത്രിയുടെ പരാമർശം. പ്രതിവാര രാഷ്ട്രീയ നിരീക്ഷണം എന്ന പേരിൽ മല്ലപ്പള്ളി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന പരിപാടി നൂറു ലക്കം പിന്നിട്ടതിന്റെ ആഘോഷ പരിപാടിയിൽ സംസാരിക്കുകയായിരുന്നു സജി ചെറിയാൻ.