Kerala
യു.പി മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി സ്വർണക്കടത്തിന് ജയിലിൽ പോയിട്ടില്ല: കെ. സുരേന്ദ്രൻ
Kerala

യു.പി മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി സ്വർണക്കടത്തിന് ജയിലിൽ പോയിട്ടില്ല: കെ. സുരേന്ദ്രൻ

Web Desk
|
10 Feb 2022 3:42 PM GMT

ഒരു കോവിഡ് മരണവും മറച്ചുവെച്ചില്ല. മുഖ്യമന്ത്രി പോയിട്ട് ഒരു മന്ത്രിപോലും അമേരിക്കയിൽ ചികിത്സക്കുപോയിട്ടില്ലെന്നും സുരേന്ദ്രൻ പരിഹസിച്ചു

യോഗി ആദിത്യനാഥിനെതിരായ വിമർശനത്തിൽ മുഖ്യമന്ത്രിക്ക് മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. യു.പി മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി സ്വർണക്കടത്തിന് ജയിലിൽ പോയിട്ടില്ലെന്ന് സുരേന്ദ്രൻ പരിഹസിച്ചു. എല്ലാ ദിവസവും ആറുമണിക്ക് പത്രസമ്മേളനം നടത്തിയില്ലെന്ന കുറ്റം മാത്രമേ യോഗി ചെയ്തുള്ളൂ എന്നും സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം:

ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി സ്വർണ്ണക്കള്ളക്കടത്തിന് ജയിലിൽ പോയിട്ടില്ല. കഴിഞ്ഞ അഞ്ചുകൊല്ലം ഒരൊറ്റ വർഗ്ഗീയ ലഹള നടന്നിട്ടില്ല. ഒരാൾ പോലും പോപ്പുലർ ഫ്രണ്ട് ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടില്ല. ഒരു രാഷ്ട്രീയ കൊലപാതകവും നടന്നിട്ടില്ല. കലാപകാരികളെ മുഴുവൻ ജയിലിലടച്ചു. പിന്നെ ടി. പി. ആർ ഒരിക്കൽപോലും ഇരുപത് കടന്നിട്ടില്ല. ഒരു കോവിഡ് മരണവും മറച്ചുവെച്ചില്ല. മുഖ്യമന്ത്രി പോയിട്ട് ഒരു മന്ത്രിപോലും അമേരിക്കയിൽ ചികിത്സക്കുപോയിട്ടില്ല. എല്ലാ ദിവസവും ആറുമണിക്ക് പത്രസമ്മേളനം നടത്തിയില്ലെന്ന കുറ്റം മാത്രമേ യോഗി ചെയ്തുള്ളൂ.....

ശ്രദ്ധയോടെ വോട്ട് ചെയ്തില്ലെങ്കിൽ ഉത്തർപ്രദേശ് കേരളം, ബംഗാൾ, കശ്മീർ എന്നീ സംസ്ഥാനങ്ങളെ പോലെയായി മാറുമെന്നായിരുന്നു യോഗി ആദിത്യനാഥിൻറെ വിവാദ പ്രസ്താവന. യോഗിയുടെ പരാമർശത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ അതേ നാണയത്തിൽ മറുപടി നൽകി. ജാതിക്കൊലകൾ ഇല്ലാതാകുമെന്നും വിദ്യാഭ്യാസവും ആരോഗ്യവും മെച്ചപ്പെടുമെന്നുമായിരുന്നു പിണറായിയുടെ ട്വീറ്റ്.

പ്രിയപ്പെട്ട യുപിയിലെ ജനങ്ങളെ, കേരളത്തെപോലെയാകാന്‍ വോട്ട് ചെയ്യൂ എന്നായിരുന്നു പ്രതിപക്ഷനേതാവിന്‍റെ ട്വീറ്റ്. സാഹോദര്യം, നാനാത്വം, വികസനം എന്നിവ കേരളം പ്രതിനിധാനം ചെയ്യുന്നു. മലയാളികളും ബംഗാളികളും കശ്മീരികളും ആത്മാഭിമാനമുള്ള ഇന്ത്യാക്കാരാണെന്നും വി. ഡി. സതീശന്‍ പറഞ്ഞു.

Similar Posts