"ഒരു പ്രയോജനവുമില്ല, മുഖ്യമന്ത്രിയുടേത് ഉല്ലാസയാത്ര"; ദുരൂഹതയെന്ന് കെ സുരേന്ദ്രൻ
|തെറ്റായ പ്രചാരണങ്ങളല്ലാതെ മുഖ്യമന്ത്രിയുടെ വിദേശയാത്ര കൊണ്ട് ഒരു പ്രയോജനവും കേരളത്തിനുണ്ടായിട്ടില്ലെന്ന് സുരേന്ദ്രൻ കുറ്റപ്പെടുത്തി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശസന്ദർശനത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പൂർണമായും ഒരു ഉല്ലാസയാത്രയായിരുന്നു അതെന്ന് സുരേന്ദ്രൻ പരിഹസിച്ചു.
ലണ്ടനിൽ മുന്നൂറ് തൊഴിലവസരങ്ങൾ ഉണ്ടാക്കിയെന്നാണ് മുഖ്യമന്ത്രിയുടെ അവകാശവാദം. ഇതിന് മുൻപും കേരളത്തിൽ നിന്ന് പതിനായിരക്കണക്കിന് ആളുകൾ യുകെയിലും മറ്റും ജോലി തേടി പോയിട്ടുണ്ട്. ഇങ്ങനെയുള്ള തെറ്റായ പ്രചാരണങ്ങളല്ലാതെ മുഖ്യമന്ത്രിയുടെ വിദേശയാത്ര കൊണ്ട് ഒരു പ്രയോജനവും കേരളത്തിനുണ്ടായിട്ടില്ലെന്ന് സുരേന്ദ്രൻ കുറ്റപ്പെടുത്തി.
"ലോകകേരള സഭയുടെ ഭാഗമായുള്ള യാത്ര കഴിഞ്ഞ് കേരളത്തിൽ ഏതെങ്കിലും വിദേശകമ്പനി നിക്ഷേപം നടത്തുമെന്ന് അവകാശപ്പെടാൻ മുഖ്യമന്ത്രിക്ക് ഇതുവരെ സാധിച്ചിട്ടില്ല. ഒരു പ്രയോജനവുമില്ലാത്ത വിദേശ സന്ദർശനങ്ങളായിരുന്നു മുഖ്യമന്ത്രിയുടേത്. പൂർണമായും അതൊരു ഉല്ലാസയാത്രയായിരുന്നു"; സുരേന്ദ്രൻ പറഞ്ഞു.
വിദേശ സന്ദർശനം നിശ്ചയിക്കാത്ത ഗൾഫ് രാജ്യങ്ങളിൽ അദ്ദേഹം സന്ദർശനങ്ങൾ നടത്തിയതിലുള്ള ദുരൂഹത ഇപ്പോഴും നിലനിൽക്കുകയാണ്. ഇത്തരത്തിലുള്ള വിദേശയാത്രകൾ അവസാനിപ്പിച്ച് കേരളത്തിൽ നിക്ഷേപ സൗഹൃദത്തിനാവശ്യമായ സൗകര്യങ്ങൾ ഒരുക്കുകയാണ് മുഖ്യമന്ത്രി ചെയ്യേണ്ടതെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.