Kerala
ലൗ ജിഹാദുണ്ടെന്ന് പരസ്യമായി സമ്മതിച്ച ജോർജ് എം തോമസിന് എത്രനാൾ പാർട്ടിയിൽ തുടരാനാവുമെന്ന് കണ്ടറിയണം: കെ.സുരേന്ദ്രൻ
Kerala

ലൗ ജിഹാദുണ്ടെന്ന് പരസ്യമായി സമ്മതിച്ച ജോർജ് എം തോമസിന് എത്രനാൾ പാർട്ടിയിൽ തുടരാനാവുമെന്ന് കണ്ടറിയണം: കെ.സുരേന്ദ്രൻ

Web Desk
|
12 April 2022 3:55 PM GMT

കോടഞ്ചേരിയിൽ ഡിവൈഎഫ്‌ഐ നേതാവ് മിശ്രവിവാഹം കഴിച്ചതിനെക്കുറിച്ച് പ്രതികരിക്കുമ്പോഴാണ് മുൻ എംഎൽഎയും സിപിഎം ജില്ലാ കമ്മിറ്റി അംഗവുമായ ജോർജ് എം തോമസ് ലൗ ജിഹാദ് യാഥാർത്ഥ്യമാണെന്ന് പറഞ്ഞത്.

കോഴിക്കോട്: ലൗ ജിഹാദുണ്ടെന്ന് പരസ്യമായി സമ്മതിക്കാൻ തയ്യാറായ ജോർജ് എം തോമസിന് ഇനി എത്രനാൾ പാർട്ടിയിൽ തുടരാനാവുമെന്ന് കണ്ടറിയണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. ഒന്നുകിൽ അദ്ദേഹം പറഞ്ഞത് മാറ്റിപ്പറയേണ്ടി വരും, അല്ലെങ്കിൽ പാർട്ടിക്കു പുറത്തുപോവേണ്ടി വരും. എതായാലും കോടഞ്ചേരിയിൽനിന്ന് കൗതുകകരമായ കാര്യങ്ങളാണ് പുറത്തുവരുന്നതെന്നും സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

കോടഞ്ചേരിയിൽ ഡിവൈഎഫ്‌ഐ നേതാവ് മിശ്രവിവാഹം കഴിച്ചതിനെക്കുറിച്ച് പ്രതികരിക്കുമ്പോഴാണ് മുൻ എംഎൽഎയും സിപിഎം ജില്ലാ കമ്മിറ്റി അംഗവുമായ ജോർജ് എം തോമസ് ലൗ ജിഹാദ് യാഥാർത്ഥ്യമാണെന്ന് പറഞ്ഞത്. വിദ്യാസമ്പന്നരായ പെൺകുട്ടികളെ ലൗ ജിഹാദ് വഴി മതംമാറ്റാനുള്ള നീക്കങ്ങൾ നടക്കുന്നതായി സിപിഎം നേരത്തെ തന്നെ വ്യക്തമാക്കിയതാണെന്നും ജോർജ് എം തോമസ് പറഞ്ഞു. പാർട്ടിയെ അറിയിക്കാതെ ഒളിച്ചുവെച്ച് വിവാഹം കഴിച്ചത് നാട്ടിൽ വർഗീയ ചേരിതിരിവിന് കാരണമാവും. ഷിജിനെതിരെ പാർട്ടി നടപടി സ്വീകരിക്കുന്നത് ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സിപിഎം ലോക്കൽ കമ്മിറ്റി അംഗവും ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറിയുമായ ഷിജിൻ എം.എസ് ആണ് ജ്യോത്സന ജോസഫിനെ വിവാഹം കഴിച്ചത്. ജ്യോത്സനയെ തട്ടിക്കൊണ്ടുപോയെന്നാണ് കുടുംബം ആരോപിക്കുന്നത്. എന്നാൽ താനും ഷിജിനും പ്രണയത്തിലായിരുന്നുവെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹിതരായതെന്നും ജ്യോത്സന വീഡിയോ സന്ദേശത്തിൽ പറഞ്ഞു.

Similar Posts