'കർണാടകയിൽനിന്നു കുഴൽപ്പണം എത്തിച്ചത് കെ. സുരേന്ദ്രന്റെ അറിവോടെ'; കൊടകര കേസിന്‍റെ കുറ്റപത്രം മീഡിയവണിന്
|ബിജെപി ഓഫീസില്‍ പണം എത്തിച്ച ധര്‍മരാജന്‍ ഹവാല ഏജന്‍റാണെന്നും കുറ്റപത്രത്തില്‍ സൂചിപ്പിക്കുന്നുണ്ട്
തൃശൂര്‍: കർണാടകയിൽനിന്നു കുഴൽപ്പണം എത്തിച്ചത് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ അറിവോടെ. കൊടകര കുഴല്‍പ്പണക്കേസിന്‍റെ കുറ്റപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സംസ്ഥാന ഓഫീസ് സെക്രട്ടറി ഗിരീഷ് നായർ, കോഡിനേറ്റിങ് സെക്രട്ടറി എം. ഗണേഷ് എന്നിവർ പണം എത്തിക്കാന്‍ നിർദേശം നൽകിയതായും കണ്ടെത്തിയിട്ടുണ്ട്. കുറ്റപത്രത്തിന്‍റെ പകർപ്പ് മീഡിയവണിനു ലഭിച്ചു.
ബിജെപി ഓഫീസില്‍ പണം എത്തിച്ച ധര്‍മരാജന്‍ ഹവാല ഏജന്‍റാണെന്നും കുറ്റപത്രത്തില്‍ സൂചിപ്പിക്കുന്നുണ്ട്. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബംഗളൂരുവില്‍നിന്ന് എത്തിച്ചത് മൂന്നരക്കോടിയാണെന്നും ഇതില്‍ പറയുന്നു. കുഴല്‍പ്പണം കടത്ത് അന്വേഷിക്കേണ്ട ഇഡി, ഐടി വിഭാഗങ്ങള്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയതായും കുറ്റപത്രത്തില്‍ അറിയിച്ചിട്ടുണ്ട്.
കേസിൽ പ്രത്യേക അന്വേഷണസംഘം ഉടൻ തുടർനടപടികളിലേക്ക് കടക്കും. തിരൂർ സതീശിന്‍റെ വെളിപ്പെടുത്തലിന് പിന്നാലെ ആഭ്യന്തര വകുപ്പ് തുടരന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. തുടരന്വേഷണവുമായി ബന്ധപ്പെട്ടു കോടതിയെ സമീപിക്കുന്നത് പുതിയ വെളിപ്പെടുത്തൽ പരിശോധിച്ച ശേഷം മതിയെന്നാണ് പൊലീസ് തീരുമാനം.
അതിനിടെ, കുഴൽപ്പണക്കേസിലെ വെളിപ്പെടുത്തലിനു പിന്നാലെ ബിജെപി ജില്ലാ കമ്മിറ്റി മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീശിനാണ് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. ഇന്നലെ മുതൽ സതീശിന്റെ വീട്ടിൽ മെഡിക്കൽ കോളജ് പൊലീസാണ് സുരക്ഷ ഒരുക്കുന്നത്.
Summary: BJP state president K Surendran was aware of Hawala money brought from Karnataka: Kodakara hawala case Charge sheet