ദേശീയ പതാക തലകീഴായി ഉയര്‍ത്തി കെ സുരേന്ദ്രന്‍; അമളി പറ്റി തിരിച്ചിറക്കി, കയർ കുരുങ്ങിയെന്ന് വിശദീകരണം
|പതാക പകുതി ഉയര്‍ത്തിയപ്പോഴാണ് അമളി പറ്റിയത് അറിഞ്ഞത്. അതിനിടയില്‍ പ്രവര്‍ത്തകര്‍ 'ഭാരത് മാതാ കീ ജയ്' വിളിക്കകയും ചെയ്തു.
തലകീഴായി ദേശീയ പതാക ഉയര്‍ത്തി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. തിരുവനന്തപുരത്തെ ബിജെപി ഓഫീസില്‍ പതാക ഉയര്‍ത്തുന്നതിനിടെയാണ് സംഭവം.
രാജ്യം 75ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നതിന്‍റെ ഭാഗമായി ബി.ജെ.പിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസായ മാരാര്‍ജി ഭവനില്‍ പതാക ഉയര്‍ത്താനെത്തിയതാണ് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പതാക പകുതി ഉയര്‍ത്തിയപ്പോഴാണ് അമളി പറ്റിയത് അറിഞ്ഞത്. അതിനിടയില്‍ പ്രവര്‍ത്തകര്‍ 'ഭാരത് മാതാ കീ ജയ്' വിളിക്കുകയും ചെയ്തു. അബദ്ധം മനസിലായതോടെ പതാക താഴെയിറക്കി. പിന്നീട് ശരിയാക്കിയ ശേഷം വീണ്ടും പതാക ഉയര്‍ത്തി. എന്നാല്‍ പതാക ഉയര്‍ത്തിയതിന് വിശദീകരണവുമായി ബിജെപി രംഗത്തെത്തി. പതാക ഉയര്‍ത്തിയപ്പോള്‍ കയര്‍ കുരുങ്ങിയതാണെന്നും അതുകൊണ്ട് സംഭവിച്ച പിഴവാണെന്നുമാണ് വിശദീകരണം.
ദേശീയ പതാകയുടെ മുകളില്‍ വരേണ്ട കുങ്കുമം താഴെ വരുന്ന രീതിയിലാണ്സുരേന്ദ്രന്‍ പതാക ഉയര്‍ത്തിയത്. പതാക ഉയര്‍ത്തി പൂക്കളും വീണ ശേഷമാണ് അമളി മനസിലാക്കി തിരിച്ചിറക്കുന്നത്. ചടങ്ങില്‍ മുന്‍ എം.എല്‍.എ രാജഗോപാല്‍ അടക്കമുള്ള നേതാക്കള്‍ പങ്കെടുത്തിരുന്നു.
ഇന്ത്യന്‍ ദേശീയ പതാക
1947 ജൂലൈ 22-ന് കൂടിയ ഭരണഘടനാ സമിതിയുടെ പ്രത്യേക സമ്മേളനമാണ് ഇന്ത്യയുടെ ദേശീയ പതാക ഇന്നുള്ള രൂപത്തിൽ അംഗീകരിച്ചത്. സ്വയംഭരണ ഇന്ത്യയുടെ ദേശീയപതാകയായി 1947 ഓഗസ്റ്റ് 15 മുതൽ 1950 ജനുവരി 26 വരേയും, അതിനുശേഷം സ്വതന്ത്ര ഇന്ത്യയുടെ ദേശീയ പതാകയായി മൂവര്‍ണ കൊടി മാറി.
ദേശീയ പതാകയിൽ തിരശ്ചീനമായി മുകളിൽ കേസരി (കുങ്കുമ നിറം), നടുക്ക് വെള്ളയും, താഴെ പച്ചയും നിറങ്ങളാണ് ഉള്ളത്. മദ്ധ്യത്തിലായി നാവികനീല നിറമുള്ള 24 ആരങ്ങൾ ഉള്ള അശോക ചക്രവും ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു. വെള്ള നാടയുടെ വീതിയുടെ മുക്കാൽ ഭാഗമാണ് അശോകചക്രത്തിന്റെ വ്യാസം. പതാകയുടെ വീതിയുടേയും നീളത്തിന്‍റെ അനുപാതം 2:3 ആണ്. ദേശീയ പതാക ഇന്ത്യൻ കരസേനയുടെ യുദ്ധപതാകയും കൂടിയാണ്. ഇന്ത്യൻ കരസേനയുടെ ദിവസേനയുള്ള സേനാവിന്യാസത്തിനും ദേശീയ പതാക ഉപയോഗിക്കുന്നു.
പതാക കൈകാര്യം ചെയ്യേണ്ട വിധം
ദേശീയപതാക കൈകാര്യം ചെയ്യുമ്പോഴും പ്രദർശിപ്പിക്കുമ്പോളും പരമ്പരാഗതമായി ശ്രദ്ധിച്ചുപോരുന്ന ചില നിയമങ്ങൾ ഉണ്ട്. പതാക തുറസ്സായ സ്ഥലത്താണെങ്കിൽ കാലാവസ്ഥ എന്തുതന്നെ ആയിരുന്നാലും പുലർന്നതിനു ശേഷം ഉയർത്തേണ്ടതും അസ്തമയത്തിനു മുൻപ് താഴ്ത്തേണ്ടതുമാകുന്നു. ചില പ്രത്യേക സാഹചര്യങ്ങളിൽ മാത്രം പൊതുമന്ദിരങ്ങൾക്കുമുകളിൽ രാത്രിയും പതാക പ്രദർശിപ്പിക്കാവുന്നതാണ്. തലകീഴായ രീതിയിൽ പതാകയോ അതിന്റെ ചിത്രമോ തന്നെ പ്രദർശിപ്പിക്കരുതെന്നാണ് ചട്ടം. പാരമ്പര്യ ചിട്ടകളുനുസരിച്ച് കുത്തനെ വെച്ചിരിക്കുന്ന പതാക 90 ഡിഗ്രി തിരിയ്ക്കുവാനോ മേൽ കീഴ് തിരിച്ചു കാണിക്കുവാനോ പാടില്ല. അഴുക്കുപുരണ്ടതോ കീറിപ്പറിഞ്ഞതോ ആയ രീതിയിൽ പതാക പ്രദർശിപ്പിക്കുന്നതും അതിനെ അവഹേളിക്കുന്നതിനു സമമാണ്. പതാകാനിയമമനുസരിച്ച് പതാകയെന്നപോലെതന്നെ കൊടിമരവും, കൊടിയുയർത്താനുപയോഗിക്കുന്ന ചരടും നല്ലരീതിയിൽ ഉപയോഗയോഗ്യമാക്കി വെക്കേണ്ടതാണ്.
ശരിയായ പ്രദർശനരീതി
ദേശീയപതാകയുടെ ശരിയായ പ്രദർശനരീതിയെപറ്റി പറയുന്ന നിയമം അനുശാസിക്കുന്നത് ഒരു വേദിയിൽ രണ്ടു പതാകകൾ ഒരേ സമയം തിരശ്ചീനമായും, മുഴുവൻ വിടർത്തിയും പ്രദർശിപ്പിക്കുമ്പോൾ അവ രണ്ടിന്റേയും കൊടിമരത്തിനോടു ചേർന്നവശങ്ങൾ പരസ്പരം അഭിമുഖമായും കുങ്കുമവർണ്ണം മുകളിലായും ഇരിയ്ക്കണമെന്നാണ്. ചെറിയ തണ്ടുകളിൽ കെട്ടിയിരിയ്ക്കുന്ന കൊടികളാണെങ്കിൽ അവ രണ്ടും പരസ്പരം കോണുകൾ ഉണ്ടാക്കത്തക്കവിധം ചുമരിൽ ഉറപ്പിച്ചിരിയ്ക്കണം. പതാകകൾ ഭംഗിയായ രീതിയിൽ വിടർത്തിയിട്ടിരിയ്ക്കുകയും വേണം. ദേശീയപതാക മേശകൾക്കോ, വായിക്കാനുള്ള പീഠങ്ങൾക്കോ, വേദികൾക്കോ അതോ കെട്ടിടങ്ങൾക്കുതന്നെയോ മൂടുപടമായി ഉപയോഗിക്കുവാനോ, കൈവരികളിൽ നിന്നു തൂക്കിയിടുവാനോ പാടില്ല.