'കള്ളപ്പണം ഇല്ലാത്തവർ എന്തിനാ പേടിക്കുന്നത്'; 2000ന്റെ നോട്ട് പിൻവലിക്കുന്നതിൽ കെ. സുരേന്ദ്രൻ
|കള്ളപ്പണത്തിനെതിരായ പോരാട്ടമാണ് രാജ്യത്ത് നടക്കുന്നത്. അതിനെ സാധാരണ ജനങ്ങൾ കയ്യടിച്ച് പ്രോത്സാഹിപ്പിക്കുമെന്ന് സുരേന്ദ്രൻ പറഞ്ഞു.
കോഴിക്കോട്: 2000 രൂപയുടെ നോട്ട് പിൻവലിക്കുന്നതിൽ കള്ളപ്പണം ഇല്ലാത്തവർ എന്തിനാണ് പേടിക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. കോൺഗ്രസും സി.പി.എമ്മും ഭയക്കുന്നത് അവരുടെ കയ്യിൽ കള്ളപ്പണം ഉള്ളതുകൊണ്ടാവും. അല്ലാത്തവർക്ക് സെപ്റ്റംബർ 30 വരെ കണക്ക് കാണിച്ച് ബാങ്കിൽനിന്ന് പണം മാറ്റിവാങ്ങാമെന്നും അദ്ദേഹം പറഞ്ഞു.
ഒരുതവണ നോട്ട് നിരോധിച്ചു. കള്ളപ്പണത്തിനെതിരായ പോരാട്ടമാണ് രാജ്യത്ത് നടക്കുന്നത്. അതിന്റെ തുടർനടപടികൾ ഇനിയുമുണ്ടാകും. ഒരു ക്ലീൻ എകണോമിയായി ഇന്ത്യയെ മാറ്റിയെടുക്കുകയാണ് ലക്ഷ്യം. അതിനെ ജനങ്ങൾ കയ്യടിച്ച് പ്രോത്സാഹിപ്പിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.
നിലവിൽ ഇന്ത്യ ലോകത്ത് അഞ്ചാമത്തെ സാമ്പത്തിക ശക്തിയാണ്. അടുത്ത് തന്നെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും. ഒന്നോ രണ്ടോ ദശകത്തിനകം ലോകത്തെ ഒന്നാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറുമെന്നും സുരേന്ദ്രൻ പറഞ്ഞു.