മറ്റ് സമുദായ സംഘടനകൾക്കൊപ്പവും താൻ ഭക്ഷണം കഴിച്ചിട്ടുണ്ട്; വിവാദ ഉച്ചഭക്ഷണ പോസ്റ്ററില്‍ വിശദീകരണവുമായി സുരേന്ദ്രന്
|കെപിഎംഎസിൽ നിന്നടക്കം നിരവധി നേതാക്കൾ ബി.ജെ.പിയിൽ എത്തുമെന്നും സുരേന്ദ്രൻ തൃശൂരിൽ പറഞ്ഞു
തൃശൂര്‍: എസ്.സി- എസ്ടി ക്കാർക്കൊപ്പം ഉച്ചഭക്ഷണമെന്ന പോസ്റ്ററുമായി ബന്ധപ്പെട്ട വാർത്ത ചിലയാളുകളുടെ ദുഷ്ടബുദ്ധിയിൽ നിന്ന് ഉടലെടുത്തതാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. മറ്റ് സമുദായ സംഘടനകൾക്കൊപ്പവും താൻ ഭക്ഷണം കഴിച്ചിട്ടുണ്ട്. കെപിഎംഎസിൽ നിന്നടക്കം നിരവധി നേതാക്കൾ ബി.ജെ.പിയിൽ എത്തുമെന്നും സുരേന്ദ്രൻ തൃശൂരിൽ പറഞ്ഞു.
പദയാത്രയുടെ കോഴിക്കോട്ടെ പരിപാടികളുമായി ബന്ധപ്പെട്ടിറക്കിയ പോസ്റ്ററിൽ ഉച്ചഭക്ഷണം 'എസ്.സി-എസ്.ടി നേതാക്കളും ഒന്നിച്ച്' എന്നെഴുതിയതാണ് വിവാദമായത്. ബി.ജെ.പി യുടെ ഔദ്യോഗിക പേജുകളിലടക്കം ഈ പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരുന്നു.വിവാദമായതോടെ എസ്.സി- എസ്.ടി സെൽ നേതാക്കൾക്കൊപ്പം ഉച്ചഭക്ഷണമെന്ന പോസ്റ്റർ ബി.ജെ.പി കേരളം പേജിൽ നിന്ന് നീക്കി.
അതിനിടെ സുരേന്ദ്രൻ നയിക്കുന്ന പദയാത്രയ്ക്കായി ഐ.ടി സെൽ പുറത്തിറക്കിയ ഔദ്യോഗിക ഗാനവും വിവാദമായി. 'അഴിമതിക്ക് പേര് കേട്ട കേന്ദ്രഭരണമെന്നായിരുന്നു ഗാനത്തിലെ ഒരു വരി. വിവാദം കൊഴുത്തതോടെ ബി.ജെ.പി കേരളം പേജിൽ നിന്ന് ഇതൊഴിവാക്കി. ബി.ജെ.പിയുടെ ഒരു സാമൂഹിക മാധ്യമ പേജുകളിലും ഇതിനി ഉണ്ടാവരുതെന്ന കർശന നിർദേശവും നേതൃത്വം നൽകി. എന്നാൽ നീക്കം ചെയ്ത ശേഷവും സാമൂഹിക മാധ്യമങ്ങളിൽ ട്രോളുകൾ നിറയുകയാണ്. ശബ്ദമിശ്രണത്തിൽ വന്ന പിഴവെന്നാണ് ഐ.ടി സെൽ ഭാരവാഹികൾ നൽകുന്ന വിശദീകരണം. ഈ വിശദീകരണം തൃപ്തികരമല്ലെന്നാണ് നേതാക്കൾ പറയുന്നത്. ഇന്നലെ ചേർന്ന പദയാത്രാ അവലോകന യോഗത്തിൽ ഐ.ടി സെല്ലിനെതിരെ രൂക്ഷ വിമർശനമാണ് ഇത് സംബന്ധിച്ച് ഉണ്ടായത്.