Kerala
ഇ ശ്രീധരന്‍ ബിജെപിക്കൊപ്പം എന്നുമുണ്ടാകും: കെ സുരേന്ദ്രന്‍
Kerala

ഇ ശ്രീധരന്‍ ബിജെപിക്കൊപ്പം എന്നുമുണ്ടാകും: കെ സുരേന്ദ്രന്‍

Web Desk
|
17 Dec 2021 3:23 PM GMT

സജീവ രാഷ്ട്രീയം വിട്ടെന്ന ഇ ശ്രീധരന്‍റെ പ്രതികരണത്തിന് പിന്നാലെയാണ് സുരേന്ദ്രന്‍റെ സന്ദർശനം

മെട്രോ മാന്‍ ഇ ശ്രീധരനെ സന്ദർശിച്ച് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രൻ. സജീവ രാഷ്ട്രീയം വിട്ടെന്ന ഇ ശ്രീധരന്‍റെ പ്രതികരണത്തിന് പിന്നാലെയാണ് സന്ദർശനം.

സജീവ രാഷ്ട്രീയത്തിൽ നിന്ന് മാത്രമേ ഇ ശ്രീധരൻ മാറുന്നുള്ളൂവെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രൻ പറഞ്ഞു. ബി.ജെ.പിക്കൊപ്പം ശിഷ്ടകാലം ശ്രീധരനുണ്ടാകും. ശ്രീധരന്‍റെ നിർദേശമനുസരിച്ചുള്ള തിരുത്തലുകൾ പാർട്ടിയിൽ നടന്നുവരികയാണ്. അദ്ദേഹത്തിന്‍റെ നിർദേശങ്ങൾ ബിജെപിക്ക് വിലപ്പെട്ടതാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. ബിജെപിയിൽ പ്രതീക്ഷ ഉണ്ടെന്ന് ഇ ശ്രീധരനും പറഞ്ഞു.

സിപിഎം പിന്തുടരുന്നത് താലിബാനിസമാണെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി. പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തുന്നതിനെ സിപിഎം ലീഗിനും ജമാഅത്തെ ഇസ്‍ലാമിക്കും ഒപ്പം ചേർന്ന് എതിർക്കുകയാണ്. ജനാധിപത്യ മഹിളാ അസോസിയേഷൻ ജമാഅത്തെ മഹിളാ അസോസിയേഷനായെന്നും സുരേന്ദ്രൻ പറഞ്ഞു.

പാഠംപഠിച്ചെന്ന് ശ്രീധരന്‍

സജീവ രാഷ്ട്രീയത്തിലേക്ക് ഇനിയില്ലെന്നാണ് കഴിഞ്ഞ ദിവസം ഇ.ശ്രീധരൻ പറഞ്ഞത്. പരാജയത്തിൽ നിന്ന് പാഠംപഠിച്ചെന്നും സജീവ രാഷ്ട്രീയം വിട്ടു എന്നതു കൊണ്ട് രാഷ്ട്രീയം ഉപേക്ഷിക്കുന്നുവെന്ന് അർഥമില്ലെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഷ്ട്രീയപ്രവർത്തകനല്ല, രാഷ്ട്രസേവകൻ മാത്രമാണ് താൻ. ബ്യൂറോക്രാറ്റ് എന്ന നിലയ്ക്കാണ് രാഷ്ട്രീയത്തിൽ ചേർന്നതും തെരഞ്ഞെടുപ്പിൽ മൽസരിച്ചതും. മൽസരിച്ചതിൽ നിരാശയില്ല, പലതും പഠിക്കാനായി. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടപ്പോൾ നിരാശയുണ്ടായിരുന്നു. ഇപ്പോൾ അതില്ല. അധികാരം ലഭിക്കാതെ ഒരു എംഎൽഎയെ കൊണ്ടു മാത്രമായി ഒന്നും ചെയ്യാനാകില്ല- അദ്ദേഹം കൂട്ടിച്ചേർത്തു.

ജനങ്ങളെ സേവിക്കാൻ രാഷ്ട്രീയം തന്നെ വേണമെന്നില്ല. ഇപ്പോൾ 90 വയസ്സായി. ഈ പ്രായത്തിൽ ഇനി രാഷ്ട്രീയത്തിലേക്ക് ചെല്ലുന്നത് അപകടകരമായ സ്ഥിതിയാണ്. കേരളത്തിലെ ബിജെപിയിൽ നിരവധി തിരുത്തലുകൾ വേണം. നയങ്ങളിൽ മാറ്റം വരുത്തിയാൽ കേരളത്തിൽ ബിജെപിക്ക് അധികാരത്തിലെത്താനാകും- ശ്രീധരൻ പറഞ്ഞു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പാലക്കാട്ടെ ബിജെപി സ്ഥാനാർഥിയായിരുന്നു ശ്രീധരൻ. യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിനോടാണ് പരാജയപ്പെട്ടത്.

Similar Posts