ആദ്യം ഉന്നയിച്ചത് പി കെ ഫിറോസ്, ജലീലിന്‍റെ രാജി ആരോപണം ഉയര്‍ന്ന് രണ്ടര വര്‍ഷത്തിന് ശേഷം..
|വിവാദം കെട്ടടങ്ങിയെന്ന ഘട്ടത്തില്‍ നിന്നാണ് ലോകായുക്തയുടെ നിർണായക വിധി വന്നത്
ആരോപണം ഉയർന്ന് രണ്ടര വർഷത്തിന് ശേഷമാണ് കെ ടി ജലീല്‍ മന്ത്രിസ്ഥാനം രാജിവെച്ചത്. യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് 2018 നവംബറില്‍ ആരോപണം ഉന്നയിച്ചു. വിജിലന്‍സ് അന്വേഷണാനുമതി ലഭിക്കാത്തതിനെ തുടർന്ന് വിവാദം കെട്ടടങ്ങിയെന്ന ഘട്ടത്തില്‍ നിന്നാണ് ലോകായുക്തയുടെ നിർണായക വിധി വന്നത്.
2018 നവംബർ 2നാണ് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് കെ ടി ജലീലിനെതിരെ ബന്ധു നിയമന ആരോപണമുയർത്തിയത്. ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷന്‍ ജനറല്‍ മാനേജർ തസ്തികയില്‍ ബന്ധുവായ കെ ടി അദീബിനെ യോഗ്യതയില്‍ മാറ്റം വരുത്തി നിയമിച്ചെന്നായിരുന്നു ആരോപണം. അന്വേഷണമാവശ്യപ്പെട്ട് ഹൈക്കോടതിയെയും ലോകായുക്തയെയും സമീപിക്കുകയും ചെയ്തു യൂത്ത് ലീഗ്. മന്ത്രി ജലീല്‍ ആരോപണം നിഷേധിച്ചു.
വിവാദങ്ങളെ തുടർന്ന് 2018 നവംബർ 13ന് കെ ടി അദീബ് രാജിവെച്ചു. പിന്നാലെ വിദ്യാഭ്യാസ യോഗ്യതയില്‍ ഇളവ് വരുത്താന്‍ നിർദേശിച്ചത് ജലീലാണെന്ന് തെളിയിക്കുന്ന രേഖകള്‍ പി കെ ഫിറോസ് പുറത്തുവിട്ടു. ഫയലുകള്‍ ഹാജരാക്കണമെന്ന് 2019 ഫെബ്രുവരി 8ന് പൊതുഭരണ സെക്രട്ടറിയോട് ലോകായുക്ത ആവശ്യപ്പെട്ടു. വിജിലന്‍സ് അന്വേഷണത്തിന്‍റെ ആവശ്യമില്ലെന്ന് 2019 മാർച്ച് 6ന് സർക്കാർ തീരുമാനമെടുത്തു. നിയമനത്തില്‍ ക്രമക്കേടില്ലെന്ന് ഹൈക്കോടതിയെ സർക്കാർ അറിയിക്കുകയും ചെയ്തു. ബന്ധുനിയമന ആരോപണം രാഷ്ട്രീയ സ്വഭാവത്തിലുള്ളതല്ലേ എന്ന സംശയം ഹൈക്കോടതി ഉന്നയിച്ചത് 2019 ജൂലൈ 5നാണ്. വിജിലന്‍സ് അന്വേഷണം ആവശ്യമില്ലെന്ന് വിജിലന്‍സ് ഡയറക്ടർ അറിയിച്ചതായി സർക്കാരും കോടതിയില്‍ ബോധിപ്പിച്ചു. ഇതോടെ പി കെ ഫിറോസ് ഹൈക്കോടതിയിലെ ഹര്‍ജി പിന്‍വലിച്ചു.
പിന്നാലെ പ്രോസിക്യൂഷന്‍ അനുമതി തേടി ഫിറോസ് ഗവര്‍ണറെ സമീപിച്ചു. സർക്കാർ നിലപാട് പരിഗണിച്ച് പ്രോസിക്യൂഷന്‍ അനുമതി ഗവർണർ നിഷേധിച്ചു. എന്നാല്‍ ലോകായുക്തയില്‍ നടന്ന കേസില്‍ ജലീലിന് എതിരായി വിധി വരികയായിരുന്നു. സത്യപ്രതിജ്ഞാ ലംഘനം നടത്തിയ ജലീലിന് മന്ത്രിസ്ഥാനത്ത് തുടരാന്‍ അർഹതയില്ലെന്നായിരുന്നു ലോകായുക്ത ഉത്തരവ്. വിധിക്കെതിരെ ഇന്നലെ തന്നെ ജലീല്‍ ഹൈക്കോടതിയെ സമീപിച്ചു. ഇന്ന് കോടതി ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് സിപിഎം നിർദേശത്തെ തുടർന്ന് ജലീല്‍ രാജിവെച്ചത്.