ചന്ദ്രിക കള്ളപ്പണ നിക്ഷേപക്കേസ്; കുഞ്ഞാലിക്കുട്ടിക്കെതിരെ രേഖകള്‍ സമർപ്പിച്ചെന്ന് കെ.ടി ജലീൽ
|കേസില്‍ കുഞ്ഞാലിക്കുട്ടിയേയും മകനേയും ഇ.ഡി വിളിപ്പിച്ചിട്ടുണ്ടെന്നും ജലീല്‍ പറഞ്ഞു.
ചന്ദ്രിക കള്ളപ്പണ നിക്ഷേപക്കേസില്‍ മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ രേഖകൾ സമർപ്പിച്ചെന്ന് കെ.ടി ജലീൽ. എന്‍ഫോഴ്സ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടതനുസരിച്ചാണ് മൊഴി കൊടുക്കാനെത്തിയത്. കേസില്‍ കുഞ്ഞാലിക്കുട്ടിയേയും മകനേയും ഇ.ഡി വിളിപ്പിച്ചിട്ടുണ്ടെന്നും കെ.ടി ജലീല്‍ പറഞ്ഞു.
കുഞ്ഞാലിക്കുട്ടിയും മകനും ചന്ദ്രിക ദിനപത്രത്തെ മറയാക്കി കള്ളപ്പണം വെളുപ്പിച്ചുവെന്നും ജലീൽ ആരോപിച്ചു. ഇ.ഡി ഇനിയും ചില രേഖകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രേഖകള്‍ സംഘടിപ്പിച്ച് ബന്ധപ്പെട്ടവര്‍ക്ക് നല്‍കുമെന്നും ജലീല്‍ വ്യക്തമാക്കി. മലപ്പുറം എ.ആര് നഗര്‍ ബാങ്ക് തട്ടിപ്പില്‍ അന്വേഷണം നടക്കുകയാണ്, അധികം വൈകാതെ കൂടുതല്‍ തെളിവുകളുമായി വരുമെന്നും ജലീല്‍ കൂട്ടിച്ചേര്‍ത്തു.
ചന്ദ്രികയിലെ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾക്ക് ഇ.ഡി നോട്ടീസ് നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗിൽ വലിയ വിവാദങ്ങൾ ഉണ്ടാവുകയും ചെയ്തിരുന്നു. എന്നാൽ, ചന്ദ്രികയുടെ അക്കൗണ്ടിലിട്ടത് പാർട്ടി പിരിച്ച പണമാണെന്നാണ് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.എം.എ സലാം വിശദീകരിച്ചത്.