ഇല്ലാത്ത 'ലവ് ജിഹാദും നാർക്കോട്ടിക് ജിഹാദും' പറഞ്ഞ് കയറുപൊട്ടിച്ചവർ 'വിഴിഞ്ഞം ജിഹാദ്' കേട്ടില്ലേ? കെ.ടി ജലീല്‍
|'ഒരു മുഖത്തടിച്ചാൽ മറ്റേ മുഖവും കാണിച്ച് കൊടുക്കണമെന്ന് ഉപദേശിച്ച, വാളെടുത്തവൻ വാളാലെന്ന് മൊഴിഞ്ഞ മഹാഗുരുവിനെ നമുക്ക് സ്മരിക്കാം'
ഇല്ലാത്ത 'ലവ് ജിഹാദും' 'നാർക്കോട്ടിക് ജിഹാദും' പറഞ്ഞ് കയറുപൊട്ടിച്ചവർ 'വിഴിഞ്ഞം ജിഹാദ്' കേട്ടില്ലേയെന്ന് കെ.ടി ജലീല്‍ എം.എല്‍.എ. പൊലീസ് സ്റ്റേഷനും പൊലീസ് വാഹനങ്ങളും അടിച്ചു തകർത്ത്, 35 പൊലീസുകാരുടെ തല തല്ലിപ്പൊളിച്ച 'വിഴിഞ്ഞം ജിഹാദ്' കേട്ടതായോ കണ്ടതായോ തോന്നുന്നില്ലെന്ന് ജലീല്‍ ഫേസ് ബുക്കില്‍ കുറിച്ചു.
ഒരു മുഖത്തടിച്ചാൽ മറ്റേ മുഖവും കാണിച്ച് കൊടുക്കണമെന്ന് ഉപദേശിച്ച, വാളെടുത്തവൻ വാളാലെന്ന് മൊഴിഞ്ഞ മഹാഗുരുവിനെ നമുക്ക് സ്മരിക്കാം. നവഗുരുക്കൻമാരെ വിസ്മരിക്കുകയും ചെയ്യാമെന്നു ജലീല്‍ കുറിച്ചു. തനിക്കെതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയ ഫാദര്‍ തിയോഡേഷ്യസിന് മാപ്പില്ലെന്ന് മന്ത്രി വി അബ്ദുറഹ്മാന്‍ പറഞ്ഞ വാര്‍ത്തയും കെ.ടി ജലീല്‍ പങ്കുവെച്ചു.
"അച്ചൻമാർക്ക് വായിൽ തോന്നിയത് പറയാമെന്ന വിചാരം അംഗീകരിക്കാനാവില്ല. കേട്ട് കേട്ട് മടുത്തു. ഇനി സഹിക്കാൻ വയ്യ. ഉരുളക്ക് ഉപ്പേരി പോലെ പച്ചക്ക് മറുപടി പറയാനാണ് തീരുമാനം. മര്യാദയാണെങ്കിൽ മര്യാദ. മര്യാദ കേടാണെങ്കിൽ മര്യാദകേട്. എന്തു വേണമെന്ന് പിതാക്കൻമാർക്ക് തീരുമാനിക്കാം" എന്ന് മറ്റൊരു പോസ്റ്റില്‍ കെ.ടി ജലീല്‍ വ്യക്തമാക്കിയിരുന്നു. മന്ത്രി അബ്ദുറഹ്മാനെതിരെ ഫാദര്‍ തിയോഡോഷ്യസ് നടത്തിയ "പേരിൽ തന്നെ" തീവ്രവാദമുണ്ടെന്ന പരാമര്‍ശം ചൂണ്ടിക്കാട്ടി കെ.ടി ജലീല്‍ കഴിഞ്ഞ ദിവസം വിമര്‍ശിച്ചു.
കുറിപ്പിന്‍റെ പൂര്‍ണരൂപം
"വിഴിഞ്ഞം ജിഹാദ്"
ഇല്ലാത്ത "ലൗ ജിഹാദും" "നാർക്കോട്ടിക്ക് ജിഹാദും"പറഞ്ഞ് കയറു പൊട്ടിച്ചവർ പൊലീസ് സ്റ്റേഷനും പോലീസ് വാഹനങ്ങളും അടിച്ചു തകർത്ത്, 35 പോലീസുകാരുടെ തല തല്ലിപ്പൊളിച്ച "വിഴിഞ്ഞം ജിഹാദ്" കേട്ട മട്ടേ ഇല്ല? കണ്ട മേനിയും ഇല്ല!
ഒരു മുഖത്തടിച്ചാൽ മറ്റേ മുഖവും കാണിച്ച് കൊടുക്കണമെന്ന് ഉപദേശിച്ച, വാളെടുത്തവൻ വാളാലെന്ന് മൊഴിഞ്ഞ ലോകത്തിന്‍റെ മഹാഗുരുവിനെ നമുക്ക് സ്മരിക്കാം. നവഗുരുക്കൻമാരെ വിസ്മരിക്കുകയും ചെയ്യാം.