വ്യാജ സര്‍ട്ടിഫിക്കറ്റ് കേസ്; കെ. വിദ്യ വീണ്ടും കസ്റ്റഡിയില്‍
|കരിന്തള്ളം ഗവ. കോളേജിന്റെ പരാതിയില്‍ നീലേശ്വരം പൊലീസാണ് വിദ്യയെ അറസ്റ്റ് ചെയ്തത്.
കാസര്‍കോട്: വ്യാജ പ്രവര്‍ത്തിപരിചയ സര്‍ട്ടിഫിക്കറ്റ് കേസില്‍ കെ. വിദ്യ വീണ്ടും പൊലീസ് കസ്റ്റഡിയില്‍. കരിന്തള്ളം ഗവ. കോളേജിന്റെ പരാതിയില്‍ നീലേശ്വരം പൊലീസാണ് വിദ്യയെ അറസ്റ്റ് ചെയ്തത്.
രണ്ട് മണിക്കൂര്‍ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി ബാലകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു ചോദ്യംചെയ്യല്‍. വിദ്യ അഗളി പൊലീസിന് നല്‍കിയ മൊഴി വീണ്ടും ആവര്‍ത്തിക്കുകയായിരുന്നു എന്നാണ് വിവരം.
കരിന്തള്ളം ഗവ. കോളേജില്‍ പ്രവേശനത്തിന് നല്‍കിയ രേഖ ഉണ്ടാക്കിയത് സ്വന്തം മൊബൈല്‍ ഫോണില്‍ നിന്നാണെന്നായിരുന്നു വിദ്യയുടെ മൊഴി. മറ്റാരുടേയും സഹായത്തോടെയല്ലെന്നും രേഖ നിര്‍മിച്ചതെന്നും, വ്യാജ രേഖയുടെ അസല്‍ നശിപ്പിച്ചെന്നും വിദ്യ മൊഴി നല്‍കി. ഇതിനെത്തുടര്‍ന്നാണ് അറസ്റ്റ്.
പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ് വ്യാജമായി തയ്യാറാക്കി കരിന്തളം ഗവ. കോളേജില്‍ ജോലി തേടിയെന്നാണ് കേസ്. കോളേജ് പ്രിന്‍സിപ്പലിന്റെ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
വ്യാജ രേഖ ഹാജരാക്കി ഒരു വര്‍ഷം വിദ്യ കരിന്തളം ഗവ. കോളേജില്‍ ജോലി ചെയ്തിരുന്നു. മഹാരാജാസ് കോളേജിന്റെ പേരിലുള്ള സര്‍ട്ടിഫിക്കറ്റാണ് വിദ്യ കരിന്തളം കോളേജില്‍ സമര്‍പ്പിച്ചിരുന്നത്.