വിദ്യ ഒളിവില്‍ കഴിഞ്ഞ വീട്ടുകാര്‍ക്ക് പാര്‍ട്ടി ബന്ധമില്ലെന്ന് സി.പി.എം
|വില്യാപ്പിള്ളി പഞ്ചായത്തിലെ വി.ആര്‍ നിവാസ് വീട്ടുടമ രാഘവന് പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് വടകര ഏരിയ സെക്രട്ടറി ടി.പി ഗോപാലന്‍ മാസ്റ്റര്‍ പറഞ്ഞു.
കോഴിക്കോട്: കെ.വിദ്യ ഒളിവില്‍ കഴിഞ്ഞ വില്യാപ്പിള്ളി പഞ്ചായത്തിലെ വി.ആര്‍ നിവാസ് വീട്ടുടമ രാഘവന് പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് സിപിഎം. വടകര ഏരിയ സെക്രട്ടറി ടി.പി ഗോപാലന്‍ മാസ്റ്ററാണ് ഇക്കാര്യം വ്യക്തമാക്കിയത്. പാര്‍ട്ടി അനുഭാവികളായിരിക്കാനിടയുണ്ട്. എന്നാല്‍, പാര്‍ട്ടിയുമായി രാഘവനോ അദ്ദേഹത്തിന്റെ കുടുംബത്തിനോ നേരിട്ട് ബന്ധമില്ലെന്നും ഗോപാലന്‍ മാസ്റ്റര്‍ മീഡിയവണ്ണിനോട് പറഞ്ഞു.
വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ പ്രതിയായ മുന്‍ എസ്.എഫ്.ഐ നേതാവ് കെ.വിദ്യ ഒളിവില്‍ കഴിഞ്ഞത് വില്യാപ്പള്ളി കുട്ടോത്തെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു. കുട്ടോത്ത് വി.ആര്‍ നിവാസില്‍ രാഘവന്റെ വീട്ടില്‍ നിന്നാണ് വിദ്യയെ കഴിഞ്ഞ ദിവസം പിടികൂടിയത്. ഫോണുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് വടകരയിലേക്ക് എത്തിച്ചതെന്നും പൊലീസ് പറഞ്ഞു.
കോടതിയില്‍ ഹാജരാക്കിയ വിദ്യയെ ജൂലൈ ആറുവരെ റിമാന്‍ഡ് ചെയ്തു. ചോദ്യം ചെയ്യലിനായി പൊലീസ് കസ്റ്റഡിയില്‍ വിട്ട വിദ്യയെ ശനിയാഴ്ച വീണ്ടും കോടതിയില്‍ ഹാജരാക്കും. ശനിയാഴ്ചയാണ് വിദ്യയുടെ ജാമ്യാപേക്ഷ മണ്ണാര്‍ക്കാട് കോടതി പരിഗണിക്കുന്നത്. അതേസമയം വിദ്യ ഒളിവില്‍ പോയിട്ടില്ലെന്ന് അഭിഭാഷകന്‍ പറഞ്ഞു. മാധ്യമങ്ങളെയും പൊതുസമൂഹത്തെയും തൃപ്തിപ്പെടുത്താനാണ് ഇപ്പോള്‍ വിദ്യയെ അറസ്റ്റ് ചെയ്തത്. മുന്‍ എസ്.എഫ്.ഐ നേതാവായതുകൊണ്ട് മാത്രമാണ് വിദ്യയെ വേട്ടയാടുന്നതെന്നും അഭിഭാഷകന്‍ പറഞ്ഞു.