വ്യാജരേഖ നിർമിച്ചിട്ടില്ല, മൊഴിയിലുറച്ച് വിദ്യ; പറഞ്ഞ് പഠിപ്പിച്ചത് പോലെയെന്ന് പൊലീസ്
|ബയോഡാറ്റയിലെ 'മഹാരാജാസ്' പരാമര്‍ശം കൈപ്പിഴയെന്ന് പൊലീസിനോടും വിദ്യ ആവർത്തിച്ചു.
പാലക്കാട്: വ്യാജ സർട്ടിഫിക്കറ്റ് കേസിൽ മൊഴിയിൽ ഉറച്ച് കെ. വിദ്യ. പൊലീസിന്റെ തുടര്‍ച്ചയായ ചോദ്യം ചെയ്യലുകളില്‍ വിദ്യ പതറിയില്ല. വ്യാജ രേഖ നിര്‍മ്മിച്ചിട്ടില്ലെന്ന മുന്‍ മൊഴികളില്‍ വിദ്യ ഉറച്ച് നിൽക്കുകയാണ്. പറഞ്ഞ് പഠിപ്പിച്ച പോലെയുളള പ്രതികരണമെന്ന് പൊലീസിന് സംശയമുണ്ട്. ബയോഡാറ്റയിലെ 'മഹാരാജാസ്' പരാമര്‍ശം കൈപ്പിഴയെന്ന് പൊലീസിനോടും വിദ്യ ആവർത്തിച്ചു.
അട്ടപ്പാടി കോളേജ് പ്രിന്‍സിപ്പലിനെതിരെ ഉന്നയിച്ച ആരോപണവും വിദ്യ വീണ്ടും ചൂണ്ടിക്കാട്ടി. അട്ടപ്പാടി കോളജിലെ അഭിമുഖത്തിൽ മഹാരാജാസ് കോളജിന്റെ പേരിൽ താൻ സമർപ്പിച്ചതായി പറയുന്ന അധ്യാപന പരിശീലന സർട്ടിഫിക്കറ്റ് കോളജ് പ്രിൻസിപ്പലിന് മറ്റാരോ കൈമാറിയതെന്ന് വിദ്യ പോലീസിനോട് പറഞ്ഞു. ഇത് തന്റെ തലയിലാക്കുകയായിരുന്നു. സർട്ടിഫിക്കറ്റ് ഫയലിൽ സൂക്ഷിച്ച് വിവാദങ്ങളുണ്ടാക്കാൻ കൃത്യമായ ആസൂത്രണമുണ്ടായിരുന്നുവെന്നും വിദ്യ പറഞ്ഞു.
മഹാരാജാസ് കോളേജിലെ അധ്യാപകരിൽ ചിലരുടെ പ്രേരണയിൽ അട്ടപ്പാടി പ്രിൻസിപ്പൽ താൻ വ്യാജ രേഖ സമർപ്പിച്ചു എന്ന് പ്രചരിപ്പിക്കുകയായിരുന്നു. പ്രിൻസിപ്പലിനോട് കൂടുതൽ കാര്യങ്ങൾ ചോദിച്ചാൽ തനിക്കെതിരായ ഗൂഢാലോചനയുടെ വഴി മനസിലാകും. അട്ടപ്പാടിയിലെ വിവാദത്തിന് പിന്നാലെ കരിന്തളത്തും താൻ വ്യാജരേഖ സമർപ്പിച്ചു എന്ന് ബോധപൂർവ്വം പ്രചരിപ്പിച്ചു.
മഹാരാജാസിന്റെ പേരിലുള്ള അധ്യാപന പരിശീലന സർട്ടിഫിക്കറ്റ് കരിന്തളത്തും താൻ സമർപ്പിച്ചിട്ടില്ല. ആരോടും സംസാരിക്കാനുള്ള മാനസികാവസ്ഥ ഇല്ലാത്തതിനാൽ ആണ് ഫോണുകൾ ബോധപൂർവ്വം നിശ്ചലമാക്കിയത്. സുഹൃത്തുക്കളായ എസ്എഫ്ഐ പ്രവർത്തകർ നൽകിയ പിന്തുണയാണ് തന്നെയും കുടുംബത്തെയും തകർന്നുപോയ സാഹചര്യത്തിൽ നിലനിർത്തിയത്. നോട്ടീസ് ലഭിച്ചിരുന്നുവെങ്കിൽ താൻ നേരിട്ട് നേരത്തെ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാവുമായിരുന്നുവെന്നും വിദ്യ മൊഴി നൽകി.