പുതുമന്ത്രിസഭ: കടന്നപ്പള്ളിയും ഗണേഷ് കുമാറും സത്യപ്രതിജ്ഞ ചെയ്‌തു
|പരസ്‌പരം മുഖത്ത് നോക്കാതെ ഗവർണറും മുഖ്യമന്ത്രിയും ഒരു വേദിയിൽ
തിരുവനന്തപുരം: കെ ബി ഗണേഷ്കുമാറും ,കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിലെ പ്രത്യേക വേദയിയിലായിരുന്നു സത്യപ്രതിജ്ഞ ചടങ്ങുകൾ. ഗണേഷിന് ഗതാഗതവകുപ്പും,കടന്നപ്പള്ളിക്ക് തുറമുഖ വകുപ്പുമാണ് നൽകുക.സി പി എമ്മിന്റെ കയ്യിലുള്ള സിനിമ വകുപ്പ് ഗണേശിന് നൽകേണ്ടതില്ലെന്നാണ് സംസ്ഥാന സെക്രട്ടറിയേറ്റിലെ തീരുമാനം. ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.
അതേസമയം, സർക്കാരുമായുള്ള പോര് രൂക്ഷമായിരിക്കെയാണ് ഗവർണറും മുഖ്യമന്ത്രിയും ഒരേവേദിയില്‍ എത്തുന്നത് എന്നതാണ് ശ്രദ്ധേയം. സമീപ കാലത്ത് കേരളം കാണുന്ന ഏറ്റവും കൗതുകമുള്ള ദൃശ്യങ്ങളായിരുന്നു രാജ്ഭവൻ വേദിയിൽ കണ്ടത്. പരസ്പരം മുഖത്ത് നോക്കാതെയാണ് ഗവർണറും മുഖ്യമന്ത്രിയും വേദിയിൽ ഇരുന്നത്. തൊട്ടടുത്ത് ഇരുന്നെങ്കിലും മുഖത്തോട് മുഖം നോക്കാതെ ഇരുവരും പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
ചടങ്ങുകൾക്ക് ശേഷം ഗവർണർ മുഖ്യമന്ത്രിയെ നോക്കാതെ കടന്നുപോയി. വേദിയിലിരുന്ന മുഖ്യമന്ത്രിയും ഗവർണറെ ശ്രദ്ധിച്ചില്ല. അതൃപ്തി പ്രകടിപ്പിക്കുന്ന രീതിയിലായിരുന്നു ഇരുവരുടെയും പെരുമാറ്റം. സത്യപ്രതിഞ്ജയക്ക് പിന്നാലെ ഗവർണറുടെ ചായസത്കാരം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും മുഖ്യമന്ത്രി പങ്കെടുത്തേക്കില്ല.