നായനാരെ തോൽപ്പിച്ച കടന്നപ്പള്ളി; മന്ത്രിക്കുപ്പായത്തിൽ മൂന്നാമൂഴം
|എൽ.ഡി.എഫിന്റെ ഏറ്റവും വിശ്വസ്തനായ നേതാവാണ് കടന്നപ്പള്ളി രാമചന്ദ്രൻ
രണ്ടാം പിണറായി വിജയൻ സർക്കാർ മന്ത്രിസഭ പുന:സംഘടിപ്പിക്കുന്നതിലൂടെ വീണ്ടും മന്ത്രിക്കുപ്പായമിടുന്ന കടന്നപ്പള്ളി രാമചന്ദ്രനിത് മൂന്നാമൂഴം. ചെറുപാർട്ടിയെങ്കിലും അത് പരിഗണിക്കാതെ കണ്ണൂരിലെ ജനകീയ നേതാവിന് നൽകുന്ന സി.പി.എം പരിഗണനയാണ് എന്നും കടന്നപ്പള്ളിക്ക് തുണയായിട്ടുള്ളത്. കോൺഗ്രസിലൂടെ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച അദ്ദേഹം
ഇപ്പോൾ എൽ.ഡി.എഫിന്റെ ഏറ്റവും വിശ്വസ്തനായ നേതാവ്.കോൺഗ്രസ് എസ് എന്ന പാർട്ടിയുടെ തേരാളിയാണ് കടന്നപ്പള്ളി.ഒരുകാലത്തും ശല്യക്കാരനാകാതെ മുന്നണിക്കൊപ്പം നിന്നതാണ് എൽ.ഡി.എഫിൽ കടന്നപ്പള്ളിയുടെ സ്വീകാര്യതയുടെ ഘടകങ്ങളിലൊന്ന്.
അങ്ങനെ വി.എസ്. അച്യുതാനന്ദന്‍ മന്ത്രിസഭയിൽ ദേവസ്വം, പ്രിന്‍റിങ്, വകുപ്പ് മന്ത്രിയായത്. 2016-ൽ ഒന്നാംപിണറായി വിജയന്‍ മന്ത്രിസഭയിലും കടന്നപ്പള്ളിക്കിടം കിട്ടി. തുറമുഖം, പുരാവസ്തു വകുപ്പുകളായിരുന്നു ലഭിച്ചത്.രണ്ടാംപിണറായി മന്ത്രിസഭയിലും പേര് ഉയർന്നെങ്കിലും മുന്നണിയുടെ ആവശ്യം പരിഗണിച്ച് രണ്ടര വർഷം കാത്തിരുന്നു. ഒടുവിൽ പുനസംഘടനയിലുടെ വീണ്ടും മന്ത്രികുപ്പായമിടുകയാണ് കടന്നപ്പള്ളി.
വിദ്യാർഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുപ്രവർത്തനത്തിന് തുടക്കം കുറിച്ചത്. 1960ൽ കെ.എസ്.യു കണ്ണൂർ താലൂക്ക് പ്രസിഡന്റായി. 65ൽ കെഎസ്‍യു സംസ്ഥാന ജനറൽ സെക്രട്ടിയും 69ൽ പ്രസിഡണ്ടുമായി.കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റായിരിക്കെ1971-ല്‍ കാസര്‍ഗോഡ് ലോക്സഭാ മണ്ഡലത്തില്‍ ഇ.കെ. നായനാരെ തോല്‍പ്പിച്ച് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് കടന്നപ്പള്ളി വരവറിയിച്ചു.
കോൺഗ്രസ് പിളർന്നപ്പോൾ 1980ൽ എൽഡിഎഫിൽ എത്തി. അന്ന് കൂടെയുണ്ടായിരുന്ന എ.കെ ആന്റണി ഉൾപ്പെടെയുള്ളവർ തിരികെ കോൺഗ്രസിലേക്ക് പോയെങ്കിലും കടന്നപ്പള്ളി എൽഡിഎഫിൽ ഉറച്ച് നിന്നു.1980ൽ ഇരിക്കൂറിൽ നിന്ന് നിയമസഭാംഗമായി.പിന്നീട് പേരാവൂര്‍, എടയ്ക്കാട്, കണ്ണൂര്‍ മണ്ഡലങ്ങളില്‍ നിന്നും നിയമസഭയിലെത്തി. 29ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമെൽക്കുമ്പോൾ പിണറായി മന്ത്രിസഭയിലെ ഏറ്റവും പ്രായംകൂടിയ മന്ത്രിയായിരിക്കും കടന്നപ്പള്ളി.