കാഫിർ സ്ക്രീൻഷോട്ട്; ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറി മുഖ്യമന്ത്രി
|'പൊലീസ് റിപ്പോർട്ട് കണ്ടത് പത്രത്തിലാണ്'
തിരുവനന്തപുരം: കാഫിർ സ്ക്രീൻഷോട്ട് വിവാദത്തിലെ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി മുഖ്യമന്ത്രി പിണറായി വിജയൻ. പൊലീസ് റിപ്പോർട്ട് കണ്ടത് പത്രത്തിലാണ്. കേസിൽ അന്വേഷണ റിപ്പോർട്ട് വന്നിട്ടു നോക്കാമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. കാഫിർ സ്ക്രീൻഷോട്ട് സി.പി.എം സൃഷ്ടിയെന്ന് കണ്ടെത്തിയിട്ടും പൊലീസ് കേസെടുക്കാത്തത് പ്രതികളെ സംരക്ഷിക്കാനെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ പറഞ്ഞു.
അതേസമയം യു.ഡി.എഫിനെതിരെ വർഗീയത ആരോപിക്കുന്നതിനുള്ള ആയുധമാക്കിയ കാഫിർ പോസ്റ്റിന് പിന്നില്‍ സി.പി.എം ബന്ധമുള്ളവരാണെന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നത്. വടകര പൊലീസ് ഹൈക്കോടതിയില്‍ സമർപ്പിച്ച റിപ്പോർട്ട് പ്രകാരം കാഫിർ പോസ്റ്റ് ആദ്യം പ്രത്യക്ഷപ്പെട്ടത് റെഡ് എന്‍കൗണ്ടർ എന്ന സി.പി.എം അനുകൂല വാട്ട്സാപ് ഗ്രൂപ്പിലാണ്. ഗ്രൂപ്പ് അഡ്മിന്‍ വടകര പുതുപ്പണം പണിക്കോട്ട് സ്വദേശി റിബേഷ് രാമകൃഷ്ണനാണ് പോസ്റ്റിട്ടത്. എയ്ഡഡ് എല്‍.പി സ്കൂളിലെ അധ്യാപകനായ റിബേഷ് ഡി.വൈ.എഫ്. ഐയുടെ വടകര ബ്ലോക്ക് പ്രസിഡന്‍റ് കൂടിയാണ്. കാഫിർ പോസ്റ്റിന് സി.പി.എമ്മുമായുള്ള ബന്ധം സ്ഥിരീകരിക്കുന്നതുകൂടിയായി റിബേഷിന്‍റെ പാർട്ടി ബന്ധം. റിബേഷിന്‍റെ ഫോണിന്‍റെ ഫോറന്‍സിക് പരിശോധന ഫലം ലഭിക്കുന്ന മുറക്ക് സ്ക്രീന്‍ ഷോട്ട് നിർമിച്ചയാളെ കണ്ടെത്താനാകുമെന്നാണ് പൊലീസ് കരുതുന്നത്.
വടകര തിരുവള്ളൂരിലെ യൂത്ത് ലീഗ് പ്രവർത്തകന്‍ മുഹമ്മദ് കാസിമിന്‍റെ പോസ്റ്റാണെന്ന് പറഞ്ഞായിരുന്നു സി.പി.എം പ്രചരണം. കാസിം ഇതിനെതിരെ പൊലീസില്‍ പരാതി നല്കിയെങ്കിലും പൊലീസ് സി.പി.എം പരാതിയില്‍ കാസിമിനെ പ്രതിചേർത്ത് കേസെടുക്കുകയായിരുന്നു. കാസിമല്ല വിവാദ പോസ്റ്റിന് പിന്നിലെന്ന് മനസിലാക്കിയ പൊലീസ് അന്വേഷണം ഉഴപ്പുകയായിരുന്നു. കാസി ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്നാണ് ഇടത് സൈബർ ഗ്രൂപ്പുകളിലാണ് പോസ്റ്റ് ആദ്യം വന്നതെന്ന വിവരം പൊലീസ് കണ്ടെത്തുന്നത്.