കാഫിർ സ്ക്രീൻ ഷോട്ട് വിവാദം; സി.പി.എം നേതാവിനെതിരെ കേസെടുക്കാതെ പൊലീസ്
|സി.പി.എം പയ്യോളി ഏരിയ സെക്രട്ടറി എം.പി ഷിബുവിനെതിരെയാണ് കേസെടുക്കാത്തത്
കോഴിക്കോട്: വടകരയിലെ കാഫിർ സ്ക്രീൻ ഷോട്ട് വിവാദത്തില്‍ സ്ക്രീൻഷോട്ട് പങ്കു വെച്ച സി.പി.എം നേതാവിനെതിരെ കേസെടുക്കാതെ പൊലീസ് . സി.പി.എം പയ്യോളി ഏരിയ സെക്രട്ടറി എം.പി ഷിബുവിനെതിരെയാണ് കേസെടുക്കാത്തത് .
പരാതിക്കാരൻ യൂത്ത് കോൺഗ്രസ് നേതാവിന് നൽകിയ മറുപടിയിലാണ് കേസെടുത്തില്ലെന്ന് പൊലീസ് അറിയിച്ചത് . വിവരാവകാശ നിയമ പ്രകാരം യൂത്ത് കോൺഗ്രസ് നേതാവ് ദുൽകിഫ് അപേക്ഷ നൽകിയിരുന്നു. പയ്യോളി പൊലീസ് സ്റ്റേഷനിലെ പബ്ലിക് ഇൻഫർമേഷൻ ഓഫീസർ നൽകിയ മറുപടിയിലാണ് എഫ്ഐആർ ഇട്ടിട്ടില്ലെന്ന് പറയുന്നത്.
വടകര ലോക്സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിലാണ് കാഫിർ പോസ്റ്റർ പ്രചരിച്ചത്.എൽഡിഎഫ് സ്ഥാനാർത്ഥി കെ.കെ ശൈലജയെ കാഫിറെന്ന് വിശേഷിപ്പിച്ച് ലീഗ് പോസ്റ്റർ ഇറക്കിയെന്നായിരുന്നു പരാതി. ഈ പോസ്റ്റർ നിർമിച്ചത് മുസ്ലിം യൂത്ത് ലീഗ് നേതാവ് പി.കെ മുഹമ്മദ് കാസിമാണ് എന്നായിരുന്നു സി.പി.എം നേതാക്കളടക്കം പ്രചരിപ്പിച്ചിരുന്നത്. പിന്നീട് കാസിമല്ല സ്ക്രീന്‍ഷോട്ടിന് പിന്നിലെന്ന് പൊലീസ് റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.
അതേസമം കേസില്‍ ഇതുവരെ നടത്തിയ അന്വേഷണത്തിന്റെ കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ വടകര പൊലീസ് ഇൻസ്പെക്ടർക്ക് ഓഗസ്റ്റ് 12ന് മുൻപായി കേസ് ഡയറി ഹാജരാക്കാനാണ് നിർദേശം നൽകിയത്. എം.എസ്.എഫ് നേതാവ് പി.കെ മുഹമ്മദ് കാസിം നൽകിയ ഹരജിയിലായിരുന്നു ഹൈക്കോടതിയുടെ നടപടി.
കേസിന്റെ അന്വേഷണ പുരോഗതിയെ സംബന്ധിച്ചുള്ള റിപ്പോർട്ട് ഫയൽ ചെയ്യാൻ മേയ് 31ന് ഹൈക്കോടതി വടകര പൊലീസിന് നിർദേശം നൽകിയിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ വടകര പൊലീസ് കേസിന്റെ അന്വേഷണ പുരോഗതിയെ സംബന്ധിക്കുന്ന ഒരു റിപ്പോർട്ട് ജൂൺ 10ന് ഹൈക്കോടതിയിൽ ഫയലാക്കുകയും പി.കെ മുഹമ്മദ് കാസിമിനെതിരെ പ്രഥമ ദൃഷ്ട്യ തെളിവുകളൊന്നുമില്ലെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.