Kerala
Kailash Naths liver gets new life; Veena George with the note
Kerala

കൈലാസ് നാഥിന്‍റെ കരള്‍ സുജാതക്ക് പുതുജീവന്‍; കുറിപ്പുമായി വീണാ ജോര്‍ജ്

Web Desk
|
13 May 2023 4:25 PM GMT

കോട്ടയം താഴത്തങ്ങാടി സ്വദേശിയായ കൈലാസ് നാഥ് (23) മരണത്തിലും സുജാതയുൾപ്പെടെ ഏഴ് പേരുടെ ജീവിതത്തിലാണ് പ്രകാശമായത്

തിരുവനന്തപുരം: കോട്ടയത്ത് വാഹനപകടത്തെ തുടർന്ന് മരിച്ച ഡി.വൈ.എഫ്.ഐ പ്രവർത്തകൻ കൈലാസ് നഥിന്റെ കരൾ വയനാട് സ്വദേശിനി 52 കാരിയായ സുജാതക്ക് മാറ്റിവെച്ചു. ഗുരുതരമായ കരൾ രോഗം ബാധിച്ച് ചികിത്സയിലായിരുന്ന സുജാത കോട്ടയം മെഡിക്കൽ കോളേജിലാണ് കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയയായിത്. ആരോഗ്യമന്ത്രി വീണാ ജോർജാണ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമക്കിയത്.


കോട്ടയം താഴത്തങ്ങാടി സ്വദേശിയായ കൈലാസ് നാഥ് (23) മരണത്തിലും സുജാതയുൾപ്പെടെ ഏഴ് പേരുടെ ജീവിതത്തിലാണ് പ്രകാശമായത്. ഏപ്രിൽ 23 ശനിയാഴ്ചയാണ് വാഹനാപകടത്തെ തുടർന്ന് കൈലാസ് നാഥിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജീവൻ രക്ഷിക്കാനുള്ള എല്ലാ പരിശ്രമങ്ങളും നടത്തിയെങ്കിലും മസ്തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു.


കൈലാസ് നാഥിന്റെ ഹൃദയം, കരൾ, 2 വൃക്കകൾ, 2 കണ്ണുകൾ, പാൻക്രിയാസ് എന്നീ അവയവങ്ങൾ ദാനം നൽകി. കരളും 2 കണ്ണുകളും ഒരു വൃക്കയും കോട്ടയം മെഡിക്കൽ കോളേജിനാണ് ലഭിച്ചത്. കോട്ടയം മെഡിക്കൽ കോളേജിൽ ഇതോടെ 4 കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകകളാണ് നടന്നത്. മസ്തിഷ്‌ക മരണമടഞ്ഞ വ്യക്തിയിൽ നിന്നും കോട്ടയം മെഡിക്കൽ കോളേജിൽ ആദ്യമായാണ് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയത്. കെ. സോട്ടോ വഴിയാണ് അവയവവിന്യാസം നടത്തിയത്.



മന്ത്രി വീണാ ജോര്‍ജിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം

'വയനാട് സ്വദേശിനി 52 വയസുള്ള ശ്രീമതി സുജാതയ്ക്ക് ഇത് ജീവിതത്തിലേക്കുള്ള മടങ്ങി വരവാണ്. ഗുരുതരമായ കരൾ രോഗം ബാധിച്ച് ചികിത്സയിലായിരുന്ന സുജാത കോട്ടയം മെഡിക്കൽ കോളേജിൽ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയയായി ഇന്ന് ഡിസ്ചാർജ് ആയി. അപകടത്തെ തുടർന്ന് മസ്തിഷ്‌ക മരണം സംഭവിച്ച കൈലാസ് നാഥിന്റെ കരളാണ് മാറ്റിവയ്ക്കുന്നതിന് വേണ്ടി ലഭ്യമായത്. ഡി.വൈ.എഫ്.ഐ. സജീവ പ്രവർത്തകനായ കൈലാസ് നാഥ് മരണത്തിലും സുജാതയുൾപ്പെടെ ഏഴ് പേരുടെ ജീവിതത്തിലാണ് പ്രകാശമായത്.

സംസ്ഥാനത്ത് സർക്കാർ മേഖലയിലെ അവയവമാറ്റ ശസ്ത്രക്രിയയിൽ സുപ്രധാനമായ ഒരു ചുവടുവെപ്പ് കൂടിയാണിത്. മരണാനന്തര അവയവ മാറ്റം സമയ ബന്ധിതമായി നടത്തേണ്ട സങ്കീർണ്ണതയേറിയ ശസ്ത്രക്രിയയാണ്. ഇതു കൂടാതെ ഓപ്പറേഷൻ കഴിഞ്ഞിട്ടുള്ള റിക്കവറി സമയത്തും കൂടുതൽ ശ്രദ്ധയോടെ പരിചരിക്കേണ്ടതായുണ്ട്.

അതുവരെ സർക്കാർ ആരോഗ്യമേഖലയിൽ സാധ്യമല്ലാതിരുന്ന കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ കേരളത്തിൽ ആരംഭിച്ചത് 2022 ഫെബ്രുവരിയിലാണ്. ആദ്യത്തെ മൂന്ന് ശസ്ത്രക്രിയകളിലും ബന്ധുക്കളാണ് കരൾ നൽകിയത്. ഇതുകൂടാതെ തിരുവനന്തപുരം മെഡിക്കൽ കോളേജിലും കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ ആരംഭിച്ചു. അതെല്ലാം തന്നെ സൗജന്യമായി വിജയകരമായി നടപ്പിലാക്കാൻ സാധിച്ചു. കോട്ടയം മെഡിക്കൽ കോളേജിലെ നാലാമത്തെ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയം കൂടിയാണിത്.

കോട്ടയം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. എസ്. ശങ്കർ, സൂപ്രണ്ട് ഡോ. ജയകുമാർ, സർജിക്കൽ ഗ്യാസ്ട്രോ വിഭാഗം മേധാവി ഡോ. ആർ.എസ്. സിന്ധു എന്നിവരുടെ നേതൃത്വത്തിലുള്ള മുഴുവൻ ടീം അംഗങ്ങൾക്കും അഭിനന്ദനങ്ങൾ.''



Similar Posts