കാക്കനാട് കൊലപാതകം: മുഖ്യപ്രതി അർഷാദിന്റെ അറസ്റ്റ് രേഖപ്പെടുത്തി
|നടപടി ക്രമങ്ങൾ പൂർത്തിയാക്കി അർഷാദിനെ കൊച്ചിയിലേക്ക് കൊണ്ടുപോകും
കൊച്ചി: കാക്കനാട് ഫ്ളാറ്റിൽ യുവാവിനെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി അർഷാദിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കൊച്ചിയിൽ നിന്നുള്ള പ്രത്യേക പൊലീസ് സംഘമെത്തി കാസർകോട് മജിസ്ട്രേറ്റിന്റെ അനുമതിയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അതേ സമയം ലഹരി മരുന്ന് കേസിൽ അർഷാദിനേയും സുഹൃത്ത് അശ്വന്തിനെയും റിമാൻഡ് ചെയ്തു. നടപടി ക്രമങ്ങൾ പൂർത്തിയാക്കി അർഷാദിനെ കൊച്ചിയിലേക്ക് കൊണ്ടുപോകും.
എന്നാല് കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് സംശയിക്കുന്നതായും അർഷാദിന് മറ്റുള്ളവരുടെ സഹായം ലഭിച്ചിട്ടുണ്ടെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സി.എച്ച് നാഗരാജു പറഞ്ഞു. കൊല്ലപ്പെട്ട സജീവും പ്രതി അർഷാദും തമ്മിൽ ലഹരി ഇടപാടുകൾ ഉണ്ടായിരുന്നുവെന്നും അർഷാദിന് അന്തർ സംസ്ഥാന ബന്ധങ്ങൾ ഉണ്ടായിരുന്നതായും അദ്ദേഹം അറിയിച്ചു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമാണ് മലപ്പുറം വണ്ടൂർ സ്വദേശിയായ സജീവ് കൃഷ്ണയുടെ കൊലപാതകം പുറത്തറിയുന്നത്. കൊല ചെയ്ത ശേഷം മുങ്ങിയ അർഷാദിനെ ഇന്നലെയാണ് മഞ്ചേശ്വരം റെയിൽവേ സ്റ്റേഷനിൽ നിന്ന് പിടികൂടുന്നത്. ലഹരിത്തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
കോഴിക്കോട് പയ്യോളി സ്വദേശിയായ അർഷാദ് കൊല്ലപ്പെട്ട സജീവ് കൃഷ്ണക്കൊപ്പമായിരുന്നു താമസിച്ചിരുന്നത്. സജീവിന്റെ തലയ്ക്കും കഴുത്തിലും നെഞ്ചിലുമുൾപെടെ ഇരുപതിലേറെ മുറിവുകളാണ് ശരീരത്തിലുള്ളതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടായിരുന്നു. ശരീരമാസകലം കുത്തേറ്റ സജീവൻറെ മൃതദേഹം പുതപ്പുകൊണ്ട് പൊതിഞ്ഞ് വരിഞ്ഞു കെട്ടിയ നിലയിലായിരുന്നു. രണ്ടുദിവസമായി സജീവിനെ ഫോണിൽ കിട്ടാതായതോടെ ഫ്ളാറ്റിലെ സഹതാമസക്കാർ വന്നുനോക്കുകയായിരുന്നു. ഫ്ളാറ്റ് പുറത്തേക്ക് പൂട്ടിയ നിലയിൽ കണ്ടതോടെ സെക്യൂരിറ്റിയെ വിവരം അറിയിക്കുകയും പൊലീസ് എത്തിയ ശേഷം മറ്റൊരു താക്കോൽ ഉണ്ടാക്കി ഫ്ളാറ്റ് തുറക്കുകയും ആയിരുന്നു. രക്തക്കറ കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പൈപ്പ് ഡക്റ്റിനിടയിൽ നിന്ന് മൃതദേഹം കണ്ടെത്തുന്നത്.