കക്കുകളി നാടകം: 'ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ മതസൗഹാർദം തകർക്കാൻ ശ്രമിക്കുന്നു'- ഓർത്തഡോക്‌സ് സഭ
|നാടകം സന്യാസ സമൂഹത്തെ മുഴുവൻ അപമാനിക്കുന്നതാണെന്നും സഭാ സെക്രട്ടറി ബിജു ഉമ്മന്‍ പറഞ്ഞു
കക്കുകളി നാടകത്തിനെതിരെ വീണ്ടും ഓർത്തഡോക്‌സ് സഭ. ആവിഷ്‌കാര സ്വാതന്ത്രത്തിന്റെ പേരിൽ മതസൗഹാർദം തകർക്കാൻ ശ്രമിക്കുകയാണെന്നും നാടകം സന്യാസ സമൂഹത്തെ മുഴുവൻ അപമാനിക്കുന്നതാണെന്നും നാടകം നിരോധിക്കണമെന്നും സഭാ സെക്രട്ടറി ബിജു ഉമ്മന്‍ പറഞ്ഞു.
സർക്കാരിനെ പ്രതിഷേധം മാധ്യമങ്ങളിലൂടെ അറിയിക്കുന്നു. പ്രത്യേക മതവിഭാഗങ്ങളെ മാത്രം ആവിഷ്‌കാര സ്വാതന്ത്ര്യം വഴി ലക്ഷ്യം വെക്കുന്നത് എന്താണ്. മനുഷ്യനെ ഒന്നിപ്പിക്കേണ്ട കല മനുഷ്യനെ ഭിന്നിപ്പിക്കരുതെന്നും സഭ ആവശ്യപ്പെട്ടു.
കൂടുതൽ ക്രൈസ്തവ സഭകൾ നാടകത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ഫ്രാൻസിസ് നൊറോണയുടെ കഥയുടെ നാടകാവിഷ്‌കാരമാണ് കക്കുകളി. വിവാദത്തിൽ മതമേലധ്യക്ഷന്മാരുടെ പരാതി സർക്കാരിന് ലഭിച്ചിട്ടുണ്ടെന്ന് സജി ചെറിയാൻ പറഞ്ഞിരുന്നു. പരാതി പരിശോധിക്കാൻ ബന്ധപ്പെട്ടവരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കക്കുകളി ആണെങ്കിലും കൊക്കുകളി ആണെങ്കിലും മതവികാരത്തെ വ്രണപ്പെടുത്തുന്ന ഒരു സൃഷ്ടിയും ശരിയല്ലെന്നും ഇല്ലാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുന്നവ ജനങ്ങൾ ബഹിഷ്കരിക്കണമെന്നും അദ്ദേഹം പറഞ്ഞു.