Kerala
Kaladi VC Dharmaraj Adat intervened earlier in the PhD admission
Kerala

പി.എച്ച്.ഡി പ്രവേശനത്തിൽ കാലടി വിസിയായിരുന്ന ധർമരാജ് അടാട്ട് നേരത്തെയും ഇടപെട്ടു; തെളിവുകൾ പുറത്ത്

Web Desk
|
10 Jun 2023 4:40 AM GMT

ശിപാർശ ചെയ്തയാളെ ഉൾപ്പെടുത്താത്തതിനാൽ 2021 ലെ പ്രവേശന ലിസ്റ്റ് റദ്ദാക്കി

കാലടി: പിഎച്ച്ഡി പ്രവേശനത്തിൽ കാലടി വി.സിയായിരുന്ന ധർമരാജ് അടാട്ട് നേരത്തെയും ഇടപെട്ടതിന് തെളിവുകൾ. 2021ൽ പിഎച്ച്ഡി പ്രവേശനത്തിൽ ഒരു വിദ്യാർഥിയെ ഉൾപ്പെടുത്തുന്നതിനാണ് ധർമരാജിന്റെ ഇടപെടലുണ്ടായത്. വകുപ്പ് മേധാവിയോടായിരുന്നു ആവശ്യം.

വിജയകുമാറെന്ന വിദ്യാർഥിയെ പരിഗണിക്കണമെന്നാണ് സംസ്കൃത സാഹിത്യ വിഭാഗം മേധാവി പി.വി നാരായണനോട് ധർമ്മരാജ് ആവശ്യപ്പെട്ടത്. ശിപാർശ ചെയ്തയാളെ ഉൾപ്പെടുത്താത്തതിനാൽ 2021 ലെ പ്രവേശന ലിസ്റ്റ് റദ്ദാക്കി. വകുപ്പ് മേധാവിയോട് ധർമ്മരാജ് അടാട്ട് സംസാരിക്കുന്ന ശബ്ദരേഖ മീഡിയവണിന് ലഭിച്ചു.

ഇന്റർവ്യൂവിന്റെ അടിസ്ഥാനത്തിൽ മാത്രം പത്ത് പേരെയാണ് നോട്ടിഫൈ ചെയ്തത്. കൂടാതെ ജെആർഎഫും ദേശീയ സ്‌കോളർഷിപ്പും ലഭിച്ച രണ്ടു പേരെ കൂടി ഉൾപ്പെടുത്തി. എന്നാൽ ഇതിന്റെ മാനദണ്ഡങ്ങൾ തെറ്റാണെന്ന് ചൂണ്ടിക്കാട്ടി ധർമരാജ് ഈ സെലക്ഷൻ പ്രക്രിയ തന്നെ റദ്ദാക്കി. പിന്നാലെ പി.വി നാരായണനെ സംസ്‌കൃത സാഹിത്യ വിഭാഗം മേധാവി സ്ഥാനത്ത് നിന്ന് മാറ്റി പുതിയ ആളെയും നിയമിച്ചു.

തുടർന്ന് ഇന്റർവ്യൂവിൽ പങ്കെടുത്ത 16പേരെയും തിരഞ്ഞെടുത്ത് പട്ടിക പുറത്തിറക്കി. ഈ 16 പേരിൽ വിജയകുമാറും ഉൾപ്പെട്ടു. 10 പേരെ എടുക്കേണ്ടിടത്താണ് ധർമരാജിന്റെ ഇടപെടലിൽ 16ആയി ഉയർന്നത്. ഇത് സർവകലാശാലക്ക് അധിക ബാധ്യതയുമായി.

എന്നാൽ ആരോപണങ്ങളെല്ലാം ധർമരാജ് തള്ളി. പുറത്തുവന്ന ശബ്ദരേഖ തന്റേതല്ലെന്നാണ് ഇദ്ദേഹത്തിന്റെ വാദം. അതേസമയം പി.എച്ച്.ഡി പ്രവേശന പട്ടികയിൽ വിദ്യാർഥിയെ ഉൾപ്പെടുത്തുന്ന കാര്യം അടാട്ട് തന്നോട് സംസാരിച്ചെന്നാണ് പി.വി നാരായണൻ ആവർത്തിക്കുന്നത്. മുൻ വിസിയുടെ നടപടി വകുപ്പ് മേധാവിയുടെ പ്രവർത്തനത്തിലുള്ള കൈകടത്തലാണെന്നും അദ്ദേഹം വ്യക്തമാക്കി.

Similar Posts