Kerala
Kalamandalam Gopi
Kerala

സുരേഷ് ഗോപിയെ സന്തോഷത്തോടെ സ്വീകരിക്കും; എപ്പോള്‍ വേണമെങ്കിലും വീട്ടില്‍ വരാം: കലാമണ്ഡലം ഗോപി

Web Desk
|
20 March 2024 8:44 AM GMT

‘പത്മഭൂഷന്‍ കിട്ടാന്‍ സുരേഷ് ഗോപിയെ അനുഗ്രഹിക്കണമെന്ന് വിളിച്ചയാള്‍ നടത്തിയ പരാമര്‍ശമാണ് മകനും തനിക്കും മനോവിഷമമുണ്ടാക്കിയത്’

കൊച്ചി: സുരേഷ് ഗോപിയും താനും വളരെ അടുപ്പമുള്ളവരാണെന്നും സുരേഷ് ഗോപിക്ക് ആരോടും ചോദിക്കാതെ എപ്പോള്‍ വേണമെങ്കിലും വീട്ടില്‍ വരാമെന്നും കലാമണ്ഡലം ഗോപി ആശാന്‍. സുരേഷ് ഗോപിക്ക് വേണ്ടി കലാമണ്ഡലം ഗോപി ആശാനെ ചിലര്‍ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സുരേഷ് ഗോപി അങ്ങിനെ പറഞ്ഞിട്ടില്ലെന്നത് തീര്‍ച്ചയാണെന്നും ഇത് അനാവശ്യ വിവാദമായി മാറിയെന്നും ഗോപി ആശാന്‍ മാധ്യമങ്ങളോട് പറഞ്ഞു. പത്മഭൂഷന്‍ കിട്ടാന്‍ സുരേഷ് ഗോപിയെ അനുഗ്രഹിക്കണമെന്ന്, വിളിച്ചയാള്‍ നടത്തിയ പരാമര്‍ശമാണ് മകനും തനിക്കും മനോവിഷമമുണ്ടാക്കിയത്. സുരേഷ് ഗോപിയെ അനുഗ്രഹിച്ചിട്ട് എനിക്ക് പത്മഭൂഷന്‍ വേണ്ടെന്ന് ഞാന്‍ പറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. മകന്‍ ഫേസ്ബുക്കിലിട്ട കുറിപ്പ് വേണ്ടായിരുന്നുവെന്ന് താന്‍ പറഞ്ഞിരുന്നു അതോടെ പിന്‍വലിച്ചെന്നും അദ്ദേഹം പറഞ്ഞു.

സുരേഷ് ഗോപിക്ക് എന്നെ നേരിട്ട് വിളിക്കാമായിരുന്നുവെന്നും ഇടനിലക്കാരെ നിര്‍ത്തേണ്ടിയിരുന്നില്ലെന്നും ഗോപി ആശാന്‍ വ്യക്തമാക്കി. ഒരു പരിപാടിയില്‍ പങ്കെടുത്തു മടങ്ങവെ സ്‌നേഹത്തിന്റെ പേരില്‍ സുരേഷ് ഗോപിയോട് പത്മ അവാര്‍ഡിനെ കുറിച്ച് സംസാരിച്ചിരുന്നു. എന്നാല്‍ താന്‍ വിചാരിച്ചിട്ട് കാര്യമില്ലെന്നും അതിന്റെ ആള്‍ക്കാര്‍ മറ്റുപലരുമാണെന്നുമാണ് അന്ന് അദ്ദേഹം പറഞ്ഞിരുന്നു. സുരേഷ് ഗോപി രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിന് മുന്‍പായിരുന്നു അത്. എന്നാല്‍ പിന്നീട് അതേപറ്റി സംസാരങ്ങളുണ്ടായിട്ടില്ല. എന്നാല്‍ ഇക്കാര്യം ആര് ഉപദേശിച്ചാലും സുരേഷ് ഗോപിക്ക് തന്നെ വിളിച്ച് ചോദിക്കാമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

സുരേഷ് ഗോപി എത്തിയാല്‍ സ്വീകരിക്കും. എന്റെ കുടുംബവും അദ്ദേഹത്തെ സ്വീകരിക്കാന്‍ തയ്യാറാണ്. അദ്ദേഹത്തിന്റെ കൂടെയുള്ളവരാകാം ഇതിനിടയില്‍ പ്രശ്‌നമുണ്ടാക്കുന്നത്. സുരേഷ് ഗോപി വരേണ്ട എന്നോ വന്നാല്‍ സ്വീകരിക്കില്ലെന്നോ താന്‍ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

താന്‍ ആലത്തൂരിലെ വോട്ടറാണെന്ന് പറഞ്ഞ ഗോപി ആശാന്‍, എല്‍ഡിഎഫ് സ്ഥാനാര്‍ഥി രാധാകൃഷ്ണനാണ് വോട്ടുചെയ്യുകയെന്നും വ്യക്തമാക്കി.

Similar Posts