'ഈ ചര്‍ച്ച അവസാനിപ്പിക്കാം..നന്ദി'; സുരേഷ് ഗോപിക്കെതിരായ പോസ്റ്റ് പിന്‍വലിച്ച് കലാമണ്ഡലം ഗോപിയുടെ മകന്‍
|സുരേഷ് ഗോപിയെ അനുഗ്രഹിച്ചിട്ട് പത്മഭൂഷണ്‍ വേണ്ടെന്ന് കലാമണ്ഡലം ഗോപി ആശാന്‍ പറഞ്ഞുവെന്ന മകന്‍ രഘുരാജിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് പിന്‍വലിച്ചത്.
തൃശൂര്‍: സുരേഷ് ഗോപിക്ക് വേണ്ടി കലാമണ്ഡലം ഗോപി ആശാനെ സ്വാധീനിക്കാന്‍ ചിലര്‍ ശ്രമിച്ചുവെന്ന ഫേസ്ബുക്ക് പോസ്റ്റ് മകന്‍ പിന്‍വലിച്ചു. സുരേഷ് ഗോപിയെ അനുഗ്രഹിച്ചിട്ട് പത്മഭൂഷണ്‍ വേണ്ടെന്ന് കലാമണ്ഡലം ഗോപി ആശാന്‍ പറഞ്ഞുവെന്ന മകന്‍ രഘുരാജിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് പിന്‍വലിച്ചത്. ഇന്നലെ ഞാന്‍ ഇട്ട പോസ്റ്റ് എല്ലാവരും ചര്‍ച്ചയാക്കിയിരുന്നുവെന്നും സ്‌നേഹം കൊണ്ട് ചുഷണം ചെയ്യരുത് എന്ന് പറയാന്‍ വേണ്ടി മാത്രമാണ് അത് ചെയ്തതെന്നും ഈ ചര്‍ച്ച അവസാനിപ്പിക്കാമെന്നും മകന്‍ രഘുരാജ് ഫേസ്ബുക്കില്‍ കുറിച്ചു.
സുരേഷ് ഗോപിക്ക് വേണ്ടി പല വി.ഐ.പികളും അച്ഛനെ സ്വാധീനിക്കാന്‍ നോക്കുന്നതായും ആ ഗോപിയല്ല ഈ ഗോപി എന്ന് മാത്രം മനസിലാക്കുകയെന്നും കഴിഞ്ഞ ദിവസം രഘുരാജ് പങ്കുവച്ച കുറിപ്പില്‍ പറഞ്ഞിരുന്നു. വെറുതെ ഉള്ള സ്‌നേഹവും ബഹുമാനവും കളയരുത്. പലരും സ്‌നേഹം നടിച്ച് സഹായിക്കുന്നത് ഇതിനാണ് എന്ന് ഇന്നാണ് എനിക്ക് മനസിലായത്. എല്ലാവര്‍ക്കും രാഷ്ട്രീയം ഉണ്ട്. അത് താത്കാലിക ലാഭത്തിനല്ല അത് നെഞ്ചില്‍ അഴ്ന്നിറങ്ങിയതാണെന്നും നിങ്ങളോടുള്ള ബഹുമാനം മുതലാക്കാന്‍ നോക്കരുതെന്നും കുറിപ്പില്‍ പറഞ്ഞിരുന്നു.
'പ്രശസ്തനായ ഒരു ഡോക്ടര്‍ അച്ഛനെ വിളിച്ചിട്ട് പറയുന്നു നാളെ അങ്ങോട്ടു വരുന്നുന്നുണ്ട് സുരേഷ് ഗോപിയെ അനുഗ്രഹിക്കണമെന്ന്. അച്ഛന് മറുത്തൊന്നും പറയാന്‍ പറ്റാത്ത ഡോക്ടറായിരുന്നു വിളിച്ചത്. അച്ഛന്‍ എന്നോട് പറഞ്ഞോളാന്‍ പറഞ്ഞു ഞാന്‍ സാറെ വിളിച്ചു പറഞ്ഞു. എന്നോട് നിങ്ങളാരാ പറയാന്‍ അസുഖം വന്നപ്പോള്‍ ഞാനെ ഉണ്ടായുള്ളൂ എന്നായിരുന്നു ഡോക്ടറുടെ മറുപടി. ഞാന്‍ പറഞ്ഞു അത് മുതലെടുക്കാന്‍ വരരുതെന്ന്. അത് ആശാന്‍ പറയട്ടെന്നായിരുന്നു ഡോക്ടറുടെ മറുപടി. അവസാനം അച്ഛന്‍ വിളിച്ചു പറഞ്ഞു വരണ്ടെന്ന്. അപ്പോള്‍ ഡോക്ടര്‍ ആശാന് പത്മഭൂഷണ്‍ കിട്ടേണ്ടന്ന് തിരിച്ചു ചോദിച്ചു. അങ്ങനെ എനിക്ക് കിട്ടണ്ടെന്ന് അച്ഛന്‍ മറുപടി നല്‍കി'യെന്നുമാണ് കുറിപ്പിലുണ്ടായിരുന്നത്. ഇനിയും ആരും ബിജെപിക്കും, കോണ്‍ഗ്രസിനും വേണ്ടി ഈ വീട്ടില്‍ കേറി സഹായിക്കേണ്ട ഇത് ഒരു അപേക്ഷയായി കൂട്ടണമെന്നും കുറിപ്പില്‍ പറഞ്ഞിരുന്നു. സംഭവം പുറത്തറിഞ്ഞതോടെ ബിജെപിക്കും തൃശൂര്‍ ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ത്ഥിയുമായ സുരേഷ് ഗോപിക്കുമെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു.