Kerala
Kalamasery blast; One surrendered in Thrissur
Kerala

കളമശ്ശേരി സ്‌ഫോടനം; തൃശൂരിൽ ഒരാൾ കീഴടങ്ങി

Web Desk
|
29 Oct 2023 9:06 AM GMT

ബോംബ് വച്ചത് താനാണെന്ന് അറിയിച്ച് കൊടകര സ്‌റ്റേഷനിലെത്തിയ വ്യക്തിയെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്‌

തൃശൂർ: കളമശ്ശേരി ബോംബ് സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് തൃശൂരിൽ ഒരാൾ കീഴടങ്ങി. കൊച്ചി സ്വദേശിയായ മാർട്ടിൻ (48) ആണ് കൊടകര പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. ഇയാളെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.

ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് ഇയാൾ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. താനാണ് കളമശേരിയിൽ ബോംബ് വെച്ചതെന്ന് അറിയിച്ച് ഇയാൾ സ്‌റ്റേഷനിലെത്തുകയായിരുന്നു. സ്‌ഫോടനം നടന്ന സമയം മാർട്ടിൻ സംഭവസ്ഥലത്തുണ്ടായിരുന്നോ എന്നതടക്കമാണ് പൊലീസ് പരിശോധിക്കുന്നത്. മാർട്ടിനെ നിലവിൽ തൃശൂർ പൊലീസ് ക്യാംപിലേക്ക് മാറ്റിയിട്ടുണ്ട്

അതിനിടെ, കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ പൊലീസ് നടത്തിയ പരിശോധനയ്ക്കിടെ ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബാഗ് പരിശോധനയ്ക്കിടെ സംശയം തോന്നിയതിനാലാണ് കസ്റ്റഡി.

ഇന്ന് രാവിലെയാണ് കളമശേരിയിൽ യഹോവ സാക്ഷികളുടെ കൺവൻഷൻ നടന്ന സാമ്രാ ഇന്റർനാഷണൽ കൺവൻഷൻ സെന്ററിൽ സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തിൽ ഒരു സ്ത്രീ മരിക്കുകയും നാല്‍പതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

രണ്ടായിരത്തിലധികം പേർ പങ്കെടുത്ത സമ്മേളനം തുടങ്ങി അരമണിക്കൂർ തികയും മുന്‍പാണ് സംഭവം. സ്റ്റേജില്‍ നിന്നും അഞ്ചു മീറ്റർ ദൂരെ തുടരെ മൂന്ന് തവണ പൊട്ടിത്തെറിക്കുകയായിരുന്നു. ദേഹമാസകലം പൊള്ളലേറ്റ സ്ത്രീ സംഭവ സ്ഥലത്ത് തന്നെ മരിച്ചു.

പരിക്കേറ്റവർ കളമശ്ശേരി മെഡിക്കല്‍ കോളജിലും മറ്റ് ആശുപത്രികളിലുമായി ചികിത്സയിലാണ്. സ്ഫോടമുണ്ടായ ഉടന്‍ ഹാളിലുണ്ടായിരുന്നവർ ചിതറിയോടി. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ നിലത്തു വീണും നിരവധി പേർക്ക് പരിക്കേറ്റു.

വെള്ളിയാഴ്ച തുടങ്ങിയ യഹോവ സാക്ഷികളുടെ സമ്മേളനം ഇന്ന് നാലരക്ക് സമാപിക്കാനിരിക്കെയാണ് സ്ഫോടനം നടന്നത്. സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കർശന ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. റെയിൽവേ സ്റ്റേഷനുകളും സെക്രട്ടറിയേറ്റ് പരിസരവുമെല്ലാം കർശന നിരീക്ഷണത്തിലാണ്. യഹോവ സാക്ഷികളുടെ പരിപാടികൾ നടക്കുന്ന ഇടങ്ങളിലും കർശന നിരീക്ഷണമുണ്ട്.

നടന്നത് ബോംബ് സ്‌ഫോടനമെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഐ.ഇ.ഡി (ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ്) എന്ന വസ്തുവാണ് സ്‌ഫോടത്തിന് ഉപയോഗിച്ചതെന്നാണ് ഡി.ജി.പി ഷെയ്ഖ് ദർവേഷ് അറിയിച്ചിരിക്കുന്നത്.

Similar Posts