പൊലീസ് കൊണ്ടുവരുന്ന രോഗികളുടെ പരിശോധന പൊലീസിന്റെ സാന്നിധ്യത്തിൽ മാത്രം; ഉപാധികളുമായി കളമശേരി മെഡിക്കൽ കോളജ്
|ആശുപത്രിയിൽ സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കാനും തീരുമാനമായി
കളമശേരി: പൊലീസ് കൊണ്ടുവരുന്ന രോഗികളെയും കൂട്ടിരിപ്പുകാർ ഇല്ലാതെ എത്തുന്ന രോഗികളെയും പൊലീസിന്റെയോ സുരക്ഷാ ജീവനക്കാരുടെയോ സാന്നിധ്യത്തിൽ മാത്രമേ പരിശോധിക്കൂ എന്ന് കളമശേരി മെഡിക്കൽ കോളജ്. മെഡിക്കൽ കോളജിൽ ഡോക്ടർക്ക് യുവാവിന്റെ മർദനമേറ്റതിന് പിന്നാലെയാണ് തീരുമാനം. ആശുപത്രിയിൽ സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കാനും തീരുമാനമായി.
ആശുപത്രി സൂപ്രണ്ടിന്റെ ചുമതലയുളള ഡോ. ഗണേഷ് മോഹന്റെയും ഡി.വൈ.എസ്.പി പി.വി. ബേബിയുടെയും നേതൃത്വത്തിൽ ചേർന്ന അടിയന്തര യോഗത്തിലാണ് തീരുമാനം. അക്രമ സ്വഭാവമുള്ള രോഗികളെ മാനസിക രോഗികളുടെ വിഭാഗത്തിൽ പ്രവേശിപ്പിക്കുന്നതിന് അഞ്ച് കിടക്കകൾ പ്രത്യേകം സജ്ജീകരിച്ച മുറി തയ്യാറാക്കും. അടിയന്തര ഘട്ടത്തിൽ ഉപയോഗിക്കുന്നതിനു വേണ്ടിയുള്ള അലാറം അത്യാഹിത വിഭാഗത്തിലും മൈനർ ഓപ്പറേഷൻ തീയേറ്ററിലും സ്ഥാപിക്കും. അത്യാഹിത വിഭാഗത്തിൽ സുരക്ഷാ ജീവനക്കാരുടെ എണ്ണം വർധിപ്പിക്കുന്നതിനും ഇവർക്കാവശ്യമായ സുരക്ഷ ഉപകരണങ്ങൾ നൽകുന്നതിനും തീരുമാനമായി.
അത്യാഹിത വിഭാഗത്തിൽ എത്തുന്ന രോഗികൾ ലഹരി ഉപയോഗിചച്ചിട്ടുള്ളതായി സംശയം തോന്നിയാൽ രോഗികളെ സുരക്ഷാ ജീവനക്കാർക്ക് ദേഹപരിശോധന നടത്താം. എയ്ഡ് പോസ്റ്റിൽ ഉള്ള പൊലീസിന്റെ എണ്ണത്തിൽ വർധന വരുത്താനും അവധി ദിവസങ്ങളിലും പൊലീസ് മുൻകരുതൽ മെഡിക്കൽ കോളേജിൽ നൽകണമെന്നും ഡി.വൈ.എസ്. പിയോട് മെഡിക്കൽ സൂപ്രണ്ട് ആവശ്യപ്പെട്ടു.