Kerala
Kalamassery blast case accused Dominic Martin brought to Palarivattam electrical shop and evidence taken
Kerala

കളമശ്ശേരി സ്‌ഫോടനം: ഡൊമിനിക് മാർട്ടിനെ പാലാരിവട്ടത്തെ ഇലക്ട്രിക്‌സ് കടയിൽ എത്തിച്ച് തെളിവെടുത്തു

Web Desk
|
10 Nov 2023 5:38 AM GMT

സംറ കൺവെൻഷൻ സെൻററിലും തൃപ്പൂണിത്തുറയിലെ കരിമരുന്ന് കടയിലും തെളിവടുപ്പ് നടത്തിയിരുന്നു

കൊച്ചി: കളമശ്ശേരി സ്‌ഫോടന കേസ് പ്രതി ഡൊമിനിക് മാർട്ടിനെ പാലാരിവട്ടത്തെ ഇലക്ട്രിക്‌സ് കടയിൽ എത്തിച്ച് തെളിവെടുത്തു. ബോംബ് നിർമിക്കാൻ ഉപയോഗിച്ച സർക്യൂട്ട് ഇവിടെനിന്നാണ് പ്രതി വാങ്ങിയത്. പത്ത് ദിവസത്തേക്കാണ് കോടതി ഡൊമിനികിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്. ആദ്യ രണ്ട് ദിവസം പൊലീസ് ഇയാളെ ചോദ്യം ചെയ്തു. ശേഷമാണ് തെളിവെടുപ്പ് തുടങ്ങിയത്. സ്‌ഫോടനം നടന്ന സംറ കൺവെൻഷൻ സെൻററിലും തൃപ്പൂണിത്തുറയിലെ കരിമരുന്ന് കടയിലും തെളിവടുപ്പ് നടത്തിയിരുന്നു.

എറണാകുളം സിജെഎം കോടതി ഡൊമിനിക്ക് മാർട്ടിനെ ഈ മാസം 15 വരെയാണ് പൊലീസ് കസ്റ്റഡിയിൽ വിട്ടിട്ടുള്ളത്. ഏഴ് ദിവസത്തെ കസ്റ്റഡി നൽകാം എന്നാണ് കോടതി ആദ്യം അറിയിച്ചിരുന്നത്. എന്നാൽ യുഎപിഎ ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയ സാഹചര്യത്തിൽ വിവിധ സ്ഥലങ്ങളിൽ തെളിവെടുപ്പ് നടത്തേണ്ടതുണ്ടെന്നും ഇതിന് പത്ത് ദിവസത്തെ കസ്റ്റഡി വേണമെന്നും അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുകയായിരുന്നു.

പത്ത് വർഷത്തിലധികം മാർട്ടിൻ വിദേശത്തുണ്ടായിരുന്നതിൽ ഈ വഴിയുള്ള ബന്ധങ്ങളും മാർട്ടിന്റെ സാമ്പത്തിക ഇടപാടുകളുമെല്ലാം അന്വേഷണവിധേയമാക്കും. നിലവിൽ ലഭിച്ചിരിക്കുന്ന തെളിവുകൾ അനുസരിച്ച് ഡൊമനിക് മാർട്ടിൻ മാത്രമാണ് പ്രതി. മാർട്ടിനെ കൂടാതെ കൂടുതൽ പ്രതികളുണ്ടോ എന്ന് അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.

അതേസമയം, കളമശ്ശേരി സ്‌ഫോടനത്തിൽ മരണം നാലായി. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന ഒരാൾകൂടി മരിച്ചു. കളമശ്ശേരി സ്വദേശി മോളി (61)യാണ് മരിച്ചത്. 80 ശതമാനത്തോളം പൊള്ളലേറ്റ് ചികിത്സയിലായിരുന്നു ഇവർ. സ്ഫോടനത്തിൽ പരിക്കേറ്റ പലരും ജില്ലയിലെ വിവിധ ആശുപത്രികളിൽ കഴിയുകയാണ്.



Similar Posts