കളമശ്ശേരി സ്‌ഫോടന കേസ്: തിരിച്ചറിയൽ പരേഡിൽ പങ്കെടുത്തവർ മാർട്ടിനെ തിരിച്ചറിഞ്ഞു
|എറണാകുളം അഡീഷണൽ സി.ജി.എം കോടതിയാണ് തിരിച്ചറിയൽ പരേഡിന് അനുമതി നൽകിയത്
കൊച്ചി: കളമശ്ശേരി സ്‌ഫോടന കേസിൽ പ്രതിയുടെ തിരിച്ചറിയൽ പരേഡ് പൂർത്തിയായി. പരേഡിൽ പങ്കെടുത്തവർ മാർട്ടിനെ തിരിച്ചറിഞ്ഞു. മാർട്ടിനെ കണ്ടത് ഹാളിന് പുറത്ത് വച്ചെന്നും പരേഡിൽ പങ്കെടുത്തവർ പറഞ്ഞു. എറണാകുളം അഡീഷണൽ സി.ജി.എം കോടതിയാണ് തിരിച്ചറിയൽ പരേഡിന് അനുമതി നൽകിയത്.
വൈകീട്ട് മുന്നുമണിയോട് കൂടിയാണ് തിരിച്ചറിയിൽ പരേഡ് ആരംഭിച്ചത്. കാക്കനാട് ജില്ലാ ജയിലിൽ വെച്ചായിരുന്നു തിരിച്ചറിയൽ പരേഡ് നടന്നത്. തിരിച്ചറിയൽ പരേഡിൽ പങ്കെടുത്ത മുന്നുപേരിൽ രണ്ടു പേർ മാർട്ടിനെ തിരിച്ചറിഞ്ഞിട്ടുണ്ട്. പൊലീസ് വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ മുന്നു പേരും തിരിച്ചറിയൽ പരേഡിൽ പങ്കെടുത്തത്.
കൺവെൻഷനിൽ പങ്കെടുത്ത ആളുകളോട് മാർട്ടിനെ കൺവെൻഷൻ പരിസരത്ത് കണ്ടിട്ടുണ്ടെങ്കിൽ വിവരമറിയിക്കണമെന്ന് പൊലീസ് നേരത്തെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥനത്തിലാണ് ഈ മൂന്ന് പേരും പൊലീസിനെ വിവരമറിയിച്ചതും തിരിച്ചറിയൽ പരേഡിൽ ഇവരെ പങ്കെടുപ്പിച്ചതും. എറണാകുളം ജുഡീഷ്യൽ മജിസ്‌ട്രേറ്റ് എട്ടാം നമ്പർ കോടതിയിലെ ജഡ്ജിയുടെ സാന്നിധ്യത്തിലാണ് തിരിച്ചറിയൽ പരേഡ് നടന്നത്.