കളമശ്ശേരി ഭീകരാക്രമണം; ഒരാൾ കൂടി കൊല്ലപ്പെട്ടു, മരണം ആറായി
|ചികിത്സയിൽ കഴിഞ്ഞിരുന്ന മലയാറ്റൂർ സ്വദേശി പ്രവീൺ (26) ആണ് മരിച്ചത്
കൊച്ചി: കളമശ്ശേരി ഭീകരാക്രമണത്തില്‍ ഒരാള്‍ കൂടി കൊല്ലപ്പെട്ടു. ചികിത്സയിൽ കഴിഞ്ഞിരുന്ന മലയാറ്റൂർ സ്വദേശി പ്രവീൺ (26) ആണ് മരിച്ചത്. സ്‌ഫോടനത്തിൽ പ്രവീണിന്റെ അമ്മയും സഹോദരിയും നേരത്തേ മരിച്ചിരുന്നു.
പ്രവീണിന്റെ സഹോദരി ലിബിന (12) സംഭവദിവസവും മാതാവ് സാലി (46) ശനിയാഴ്ചയും മരിച്ചിരുന്നു. സഹോദരൻ രാഹുലിനും സ്‌ഫോടനത്തിൽ പരിക്കേറ്റിരുന്നെങ്കിലും ഇയാൾ അപകടനില തരണം ചെയ്തിട്ടുണ്ട്.
പ്രവീണിന്റെ മരണത്തോടെ ഒരു കുടുംബത്തിലെ മൂന്ന് പേരാണ് സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടത്. ലിബിനയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പ്രവീണിന് പൊള്ളലേൽക്കുകയായിരുന്നുവെന്നാണ് വിവരം. സ്‌ഫോടനത്തിൽ പരിക്കേറ്റ് 8 പേരാണ് നിലവിൽ വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്. പ്രവീണിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകി.നാളെയാണ് സംസ്‌കാരം
കളമശ്ശേരി സ്‌ഫോടനത്തിൽ പ്രതി മാർട്ടിന്റെ വാഹനത്തിൽ നിന്ന് സ്‌ഫോടനത്തിനുപയോഗിച്ച നാല് റിമോട്ടുകളാണ് പൊലീസ് കണ്ടെടുത്തത്. സ്‌ഫോടനത്തിന് ശേഷം കൊടകര സ്‌റ്റേഷനിൽ കീഴടങ്ങാനെത്തിയ ഇരുചക്ര വാഹനത്തിൽ വെള്ള തുണിയിൽ പൊതിഞ്ഞ നിലയിലായിരുന്നു ഇവ.
സ്‌ഫോടനം നടന്ന് രണ്ടാഴ്ച പിന്നിടുമ്പോഴാണ് ഈ റിമോട്ടുകൾ പൊലീസ് കണ്ടെത്തുന്നത്. കഴിഞ്ഞ ദിവസം തെളിവെടുപ്പിനെത്തിച്ചപ്പോൾ മാർട്ടിൻ ഇവ എടുത്ത് നൽകുകയായിരുന്നു.