Kerala
Dominic Martin

ഡൊമിനിക് മാര്‍ട്ടിന്‍

Kerala

കളമശ്ശേരി സ്ഫോടനം; ഡൊമിനിക് മാർട്ടിന്‍റെ റിമാൻഡ് കാലാവധി ഇന്ന് അവസാനിക്കും

Web Desk
|
29 Nov 2023 1:26 AM GMT

മാർട്ടിനെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരാക്കും

കൊച്ചി: കളമശ്ശേരി സ്ഫോടനക്കേസിൽ പ്രതിയായ ഡൊമിനിക് മാർട്ടിന്‍റെ റിമാൻഡ് കാലാവധി ഇന്ന് അവസാനിക്കും. മാർട്ടിനെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരാക്കും. കേസുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തിയതിനാൽ അന്വേഷണ സംഘം മാർട്ടിനായി ഉടൻ കസ്റ്റഡി അപേക്ഷ സമർപ്പിക്കില്ല.. അതുകൊണ്ട് തന്നെ മാർട്ടിന്‍റെ റിമാൻഡ് കാലാവധി നീട്ടിയേക്കും. കേസിൽ വാദിക്കാൻ അഭിഭാഷകനെ വേണ്ടെന്ന ഉറച്ച നിലപാടിലാണ് മാർട്ടിൻ. തനിക്ക് പറയാനുള്ളത് സ്വന്തം ശബ്ദത്തിൽ പറയാനാണ് ആഗ്രഹിക്കുന്നതെന്ന് മാർട്ടിൻ കോടതിയെ അറിയിച്ചിരുന്നു.


കളമശ്ശേരി സ്ഫോടനം നടന്ന് ഒരു മാസം പിന്നിടുമ്പോൾ കേസിൽ ഒരു പ്രതി മാത്രമാണുള്ളതെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. പ്രതി ഡൊമിനിക് മാർട്ടിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടെന്ന് ഇതുവരെയും കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് പറയുന്നു. അന്വേഷണ പുരോഗതി ഉണ്ടായില്ലെങ്കിൽ വൈകാതെ കുറ്റപത്രം സമർപ്പിക്കാനാണ് നീക്കം.

ഇക്കഴിഞ്ഞ ഒക്ടോബർ 29. സമയം രാവിലെ 9.35. കേരളത്തെ നടുക്കിയ കളമശ്ശേരി സാമ്ര കൺവെൻഷൻ സെന്ററിലെ സ്ഫോടനം. സ്ഫോടനത്തിന് പിന്നാലെ കേന്ദ്ര-സംസ്ഥാന ഏജൻസികൾ സംഭവസ്ഥലത്തേക്ക് പാഞ്ഞെത്തി. ഐ ഇ ഡി ഉപയോഗിച്ചുള്ള സ്ഫോടനം ആണെന്ന് കണ്ടെത്തി മണിക്കൂറുകൾക്കുള്ളിൽ താനാണ് പ്രതി എന്ന് പറഞ്ഞ് ഒരാൾ തൃശ്ശൂരിലെ കൊടകര പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുന്നു. ഒപ്പം പ്രതി താനാണെന്ന് സ്ഥാപിക്കാനുള്ള തെളിവുകളും അയാൾ ഹാജരാക്കി. ഇതെല്ലാം നടന്ന് ഒരു മാസം പിന്നിടുമ്പോൾ എല്ലാ കാര്യങ്ങളും ആസൂത്രണം ചെയ്തതും നടപ്പിലാക്കിയതും ഡോമിനിക് മാർട്ടിൻ ഒറ്റയ്ക്കാണെന്ന നിഗമനത്തിലാണ് എറണാകുളം ഡിസിപിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം.

മാർട്ടിൻ സ്ഫോടനം നടത്തിയതിന് പിന്നാലെ കൊച്ചി സ്വദേശിയായ ഒരാളെ വിളിച്ച് സംസാരിച്ചിരുന്നു. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തെങ്കിലും കേസിൽ പങ്കില്ലെന്നാണ് പൊലീസ് പറയുന്നത്. സ്ഫോടനത്തിന്‍റെ തലേദിവസം ഫോണിലേക്ക് കോൾ വന്നതിന് പിന്നാലെ മാർട്ടിൻ അസ്വസ്ഥനായെന്നും ഇതേക്കുറിച്ച് ചോദിച്ചപ്പോൾ ക്ഷോഭിച്ചെന്നും ഭാര്യ പൊലീസിന് മൊഴി നൽകിയിരുന്നു. ഈ ഫോൺ കോൾ കേന്ദ്രീകരിച്ച് അന്വേഷണം നടന്നെങ്കിലും മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് പറയുന്നു. മാർട്ടിന്‍റെ വിദേശ ബന്ധത്തെക്കുറിച്ചും സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചും അന്വേഷണം നടത്തിയിട്ടും കാര്യമായ പുരോഗതി ഉണ്ടായില്ലെന്നും അന്വേഷണസംഘം കൂട്ടിച്ചേർത്തു.



Similar Posts