കളമശ്ശേരി സ്ഫോടനത്തിലെ വസ്തുത പുറത്തുകൊണ്ടുവന്ന് ധ്രുവീകരണ ശ്രമമത്തിന് തടയിടണം: റസാഖ് പാലേരി
|'ആക്രമണങ്ങളോ അപകടങ്ങളോ ഉണ്ടായാൽ അതുപയോഗിച്ച് ധ്രുവീകരണം സൃഷ്ടിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന സംഘപരിവാർ ശ്രമം ഈ സന്ദർഭത്തിലും ആരംഭിച്ചിട്ടുണ്ട്'
കൊച്ചി: കളമശ്ശേരി കൺവെൻഷൻ സെന്ററിൽ യഹോവ സാക്ഷികളുടെ മേഖല സമ്മേളനത്തിൽ നടന്ന സ്ഫോടനം സംബന്ധിച്ച് വേഗത്തിൽഅന്വേഷണം നടത്തി യഥാർഥ വസ്തുതകൾ പുറത്തു കൊണ്ടുവരണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. ഇതിന്റെ പേരിൽ വ്യാജവാർത്തകളും ഊഹാപോഹങ്ങളും സൃഷ്ടിച്ച് കേരളത്തിൽ വർഗീയ ധ്രുവീകരണം നടത്താനുള്ള സംഘ്പരിവാറിന്റെയും അനുബന്ധ സംഘടനകളുടെയും ശ്രമങ്ങൾക്ക് തടയിടണമെന്നും വാർത്താകുറിപ്പിൽ അദ്ദേഹം ആവശ്യപ്പെട്ടു.
ആക്രമണങ്ങളോ അപകടങ്ങളോ ഉണ്ടായാൽ അതുപയോഗിച്ച് ധ്രുവീകരണം സൃഷ്ടിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന സംഘപരിവാർ ശ്രമം ഈ സന്ദർഭത്തിലും ആരംഭിച്ചിട്ടുണ്ട്. അതിനെ ഗൗരവപൂർവം കണ്ട് ജാഗ്രതയോടെ സമീപിക്കാൻ സർക്കാർ തയ്യാറാകണം. സംസ്ഥാനത്ത് സാമൂഹിക സംഘർഷം സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ കുറെ നാളുകളായി നടന്നുവരികയാണ്. ട്രെയിൻ കത്തിക്കൽ പോലെയുള്ള സംഭവങ്ങളിൽ ഇതുവരെയും അന്വേഷണം എവിടെയും എത്തിയിട്ടില്ല. ഉന്നത സംഘ്പരിവാർ നേതാക്കൾ കേരളത്തിൽ നടത്തുന്നസന്ദർശനങ്ങൾക്ക്ശേഷം ഇത്തരത്തിലുള്ള സംഭവവികാസങ്ങൾ ആവർത്തിക്കുന്നത് പതിവായി തീർന്നിട്ടുണ്ട്.കൃത്രിമമായി സംഭവങ്ങൾ സൃഷ്ടിച്ചു സാമൂഹിക ധ്രുവീകരണം നടത്തി രാഷ്ട്രീയ നേട്ടം ഉണ്ടാക്കുന്ന സംഘപരിവാറിന്റെ പതിവ് രീതികേരളത്തിലും പ്രയോഗിക്കുന്നോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അതിനാൽ ഈ സംഭവത്തിന്റെ പിന്നിലെ വസ്തുത പുറത്തുകൊണ്ടുവരേണ്ടത് സംഘപരിവാറിന്റെ ദുഷ്ട ശ്രമങ്ങളെ പരാജയപ്പെടുത്താൻ കൂടി ആവശ്യമാണ് -റസാഖ് പാലേരി പറഞ്ഞു.
ഇപ്പോഴത്തെ സംഭവത്തെ ഫലസ്തീനുമായി ബന്ധിപ്പിക്കാനുള്ള ശ്രമങ്ങൾ ദുരുദ്യേശപരമാണ്. ഇതുപയോഗിച്ച് ഫലസ്തീന് അനുകൂലമായ കേരളീയ സമൂഹത്തിന്റെ വികാരത്തെ ദുർബലപ്പെടുത്താനുള്ള ശ്രമം സമൂഹം തിരിച്ചറിയണമെന്നും ഏതു സാഹചര്യത്തിലും മുതലെടുപ്പ്നടത്താൻ ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
വിശ്വാസികളുടെ സംഗമത്തിൽ ഉണ്ടായ ദുരന്തം അതീവ ദുഖകരമാണ്. പരിക്കേറ്റവർക്ക് മികച്ച ചികിത്സലഭ്യമാക്കണം. മരണപ്പെട്ട വ്യക്തിയുടെ കുടുംബത്തിന് മതിയായ ആശ്വാസം ലഭ്യമാക്കണം. വിശ്വാസി സമൂഹത്തിന്റെയും കുടുംബാംഗങ്ങളുടെയും ദുഃഖത്തിൽ വെൽഫെയർ പാർട്ടി പങ്കുചേരുന്നതായി റസാഖ് പാലേരി പറഞ്ഞു.
Kalamassery blast facts should be brought out and polarizing efforts should be stopped: Razaq Paleri