കളമശ്ശേരി സ്ഫോടനം; ഡൊമിനിക് മാർട്ടിൻ ഉപയോഗിച്ച നാല് റിമോർട്ടുകൾ കണ്ടെടുത്തു
|കൊടകര പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ച മാർട്ടിന്റെ സ്കൂട്ടറിൽ നിന്നാണ് റിമോർട്ടുകൾ കണ്ടെടുത്തത്.
തൃശൂർ: കളമശ്ശേരി സ്ഫോടനത്തിന് പ്രതി ഡൊമിനിക് മാർട്ടിൻ ഉപയോഗിച്ച നാല് റിമോട്ടുകൾ കണ്ടെടുത്തു. കൊടകര സ്റ്റേഷനിൽ സൂക്ഷിച്ച മാർട്ടിന്റെ സ്കൂട്ടറിൽ നിന്നാണ് റിമോർട്ടുകൾ കണ്ടെടുത്തത്. വെള്ള കവറിൽ പൊതിഞ്ഞ നിലയിലായിരുന്നു റിമോർട്ടുകൾ. കൊടകര പൊലീസ് സ്റ്റേഷനിൽ എത്തിച്ച് നടത്തിയ തെളിവെടുപ്പിലാണ് റിമോർട്ടുകൾ കണ്ടെടുത്തത്.
എറണാകുളം സിജെഎം കോടതി ഡൊമിനിക്ക് മാർട്ടിനെ ഈ മാസം 15 വരെയാണ് പൊലീസ് കസ്റ്റഡിയിൽ വിട്ടിട്ടുള്ളത്. ഏഴ് ദിവസത്തെ കസ്റ്റഡി നൽകാം എന്നാണ് കോടതി ആദ്യം അറിയിച്ചിരുന്നത്. എന്നാൽ യുഎപിഎ ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയ സാഹചര്യത്തിൽ വിവിധ സ്ഥലങ്ങളിൽ തെളിവെടുപ്പ് നടത്തേണ്ടതുണ്ടെന്നും ഇതിന് പത്ത് ദിവസത്തെ കസ്റ്റഡി വേണമെന്നും അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുകയായിരുന്നു.
പത്ത് വർഷത്തിലധികം മാർട്ടിൻ വിദേശത്തുണ്ടായിരുന്നതിൽ ഈ വഴിയുള്ള ബന്ധങ്ങളും മാർട്ടിന്റെ സാമ്പത്തിക ഇടപാടുകളുമെല്ലാം അന്വേഷണവിധേയമാക്കും. നിലവിൽ ലഭിച്ചിരിക്കുന്ന തെളിവുകൾ അനുസരിച്ച് ഡൊമനിക് മാർട്ടിൻ മാത്രമാണ് പ്രതി. മാർട്ടിനെ കൂടാതെ കൂടുതൽ പ്രതികളുണ്ടോ എന്ന് അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.